ഓര്‍മകളെ ആര്‍ദ്രമാക്കുന്നു ആ പാട്ടുകള്‍. ഒപ്പം, പോയി മറഞ്ഞ ഒരു വസന്തകാലത്തേക്ക് നമ്മെ തിരികെ നടത്തുന്നു; ഒരിക്കലും തിരിച്ചു വരാനിടയില്ലാത്ത കാലം.

പി.സുശീല|ഫോട്ടോ: ഇ.പി സജീവന്
അഭിനയവും ജീവിതവും തമ്മിലുള്ള അതിര്‍രേഖകള്‍ മായ്ച്ചുകളഞ്ഞ ചില പാട്ടുകളുണ്ട് ഷീലയുടെ ഓര്‍മയില്‍. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മനസ്സില്‍ നിന്നിറങ്ങിപ്പോകാന്‍ കൂട്ടാക്കാത്തവ. വരികളും ഈണവും ആലാപനവുമൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന മാജിക്കാകാം.
അശ്വമേധ(1967)ത്തിലെ 'കറുത്ത ചക്രവാള മതിലുകള്‍ ചൂഴും കാരാഗൃഹമാണ് ഭൂമി, തലയ്ക്കു മുകളില്‍ ശൂന്യാകാശം താഴെ നിഴലുകള്‍ ഇഴയും നരകം'' എന്ന പാട്ട് ഉദാഹരണം. വയലാര്‍ ദേവരാജന്‍ പി സുശീല ടീമിന്റെ എക്കാലത്തെയും മികച്ച കാവ്യഗീതികളില്‍ ഒന്ന്. ക്യാമറക്ക് മുന്നില്‍ നിശ്ശബ്ദമായി വിതുമ്പിക്കൊണ്ടാണ് ആ പാട്ട് പാടിത്തീര്‍ത്തതെന്ന് പറയുന്നു ഷീല. സംവിധായകനോ ക്യാമറാമാനോ ഒപ്പം അഭിനയിക്കുന്നവരോ ഷൂട്ടിംഗ് കാണാനെത്തിയവരോ അറിഞ്ഞിട്ടുണ്ടാവില്ല അഭിനയിക്കുന്നയാളുടെ ഉള്ളിലെ വ്യഥ.
കുഷ്ഠരോഗിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം സ്വമേധയാ ലെപ്രസി സാനറ്റോറിയത്തിലേക്ക് നടന്നു നീങ്ങവേ ഹൃദയവേദനയോടെ സരോജം പാടുന്ന ഗാനമാണ്. ''നൂറനാട്ടെ ലെപ്രസി സാനറ്റോറിയത്തിലാണ് ആ പാട്ടിന്റെ നല്ലൊരു ഭാഗവും ചിത്രീകരിച്ചത്. ആദ്യമായി കാണുകയായിരുന്നു അത്തരമൊരു ആശുപത്രി. അവിടെ കണ്ട കാഴ്ചകള്‍ എന്നെ നടുക്കിക്കളഞ്ഞു. കുഷ്ഠരോഗത്തിന് ഇന്നത്തെ പോലെ ഫലപ്രദമായ ചികിത്സ ഇല്ലാതിരുന്ന കാലമാണ് എന്നോര്‍ക്കണം. മുഖത്തും കൈവിരലുകളിലും കാലുകളിലുമെല്ലാം രോഗം അവശേഷിപ്പിച്ച വെളുത്ത പാടുകളുമായി ദൈന്യതയോടെ ചുറ്റും നിരന്നിരിക്കുന്ന കുറെ മനുഷ്യക്കോലങ്ങള്‍. ജീവിതത്തിന് ഇങ്ങനെയും ഒരു മുഖമുണ്ട് എന്ന് ആദ്യമായി തിരിച്ചറിയുകയായിരുന്നു''-ഷീലയുടെ ഓര്‍മ്മ.
അവര്‍ക്കിടയില്‍ ഇരുന്ന് 'വര്‍ണ ചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന വൈശാഖ സന്ധ്യകളേ, ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി എന്തിനീ മണ്ണില്‍ വരച്ചൂ, വികൃതമായ് എന്തിനീ മണ്ണില്‍ വരച്ചു' എന്ന വരികള്‍ക്കൊത്ത് ചുണ്ടനക്കുമ്പോള്‍ അറിയാതെ ആ മുഖങ്ങളിലേക്ക് നോക്കിപ്പോയി ഷീല. ഹൃദയഭേദകമായിരുന്നു ചുറ്റും കണ്ട കാഴ്ച്ച. 'പാട്ടിന് വേണ്ട വിഷാദഭാവം മുഖത്ത് വരുത്താന്‍ പിന്നെ ക്യാമറക്കു മുന്നില്‍ അഭിനയിക്കേണ്ടി വന്നില്ല എന്നതാണ് സത്യം.. കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍.''
കഥാമുഹൂര്‍ത്തത്തിന്റെ ഭാവതീവ്രത മുഴുവന്‍ ഉള്‍ക്കൊണ്ട് സുശീലയ്ക്ക് വേണ്ടി വയലാറും ദേവരാജനും ചേര്‍ന്ന് സൃഷ്ടിച്ച ഉദാത്തമായ ഗാനം. സുശീലയുടെ വിഷാദസാന്ദ്രമായ ആലാപനം കൂടി ചേര്‍ന്നപ്പോള്‍ അതൊരു അനശ്വര ഗാനശില്‍പമായി.'പാട്ടു പാടിത്തരുമ്പോള്‍ മാസ്റ്ററുടെ ശബ്ദത്തില്‍ സ്വാഭാവികമായി വന്നുനിറയുന്ന ഭാവം നമ്മുടെ ശബ്ദത്തിലേക്ക് പകര്‍ത്തുക എളുപ്പമല്ല.' സുശീലയുടെ വാക്കുകള്‍. 'അദ്ദേഹം പാടുന്നതിന്റെ പാതിയെങ്കിലും ആലാപനത്തില്‍ വരണേ എന്നായിരിക്കും പ്രാര്‍ഥന.'
മലയാളത്തിലെ സുശീലയുടെ ക്ലാസ്സിക് ഗാനങ്ങള്‍ പലതും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് ഷീലയാണ്. 'പ്രേംനസീറിന് യേശുദാസ് എന്ന പോലെ എനിക്ക് ഇണങ്ങുന്ന ശബ്ദമാണ് സുശീലയുടെത് എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. വരികളുടേയും ഈണത്തിന്റേയും സൂക്ഷ്മ ഭാവങ്ങള്‍ പോലും ഒപ്പിയെടുത്താണ് അവര്‍ പാടുക. ആസ്വദിച്ചുകൊണ്ട് തന്നെ നമുക്കത് പാടി അവതരിപ്പിക്കാനാകും.'-ഷീലയുടെ വാക്കുകള്‍. സുശീല മാത്രമല്ല പി ലീലയും എസ് ജാനകിയും വസന്തയും വാണി ജയറാമുമെല്ലാം ഷീലയ്ക്ക് വേണ്ടി സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. പലതും കാലത്തെ അതിജീവിച്ച പാട്ടുകള്‍.
രണ്ടു മനോഹര ഗാനങ്ങള്‍ കൂടിയുണ്ടായിരുന്നു 'അശ്വമേധ'ത്തില്‍ സുശീലക്ക് പാടാന്‍. വ്യത്യസ്ത ജനുസ്സില്‍ പെട്ട പാട്ടുകള്‍. പ്രണയപ്രതീക്ഷയാണ് 'ഏഴു സുന്ദരരാത്രികള്‍ ഏകാന്തസുന്ദര രാത്രികള്‍' എന്ന പാട്ടിന്റെ കാതല്‍. ദിവസങ്ങള്‍ മാത്രമകലെ എത്തിനില്‍ക്കുന്ന വിവാഹത്തിനായുള്ള കാത്തിരിപ്പിന്റെ അക്ഷമയും ആകാംക്ഷയും ആവേശവും നിറഞ്ഞുനില്‍ക്കുന്ന ഗാനം. കുതിരക്കുളമ്പടിത്താളത്തിലുള്ള ഉദയഗിരി ചുവന്നു എന്ന ഗാനം വിളംബരം ചെയ്യുന്നതാകട്ടെ പുതിയൊരു പുലരിയുടെ വരവും. കൂട്ടത്തില്‍ എല്ലാം കൊണ്ടും വേറിട്ടു നിന്നു 'കറുത്ത ചക്രവാള മതിലുകള്‍.' വിഷാദമാണ് ആ ഗാനത്തിന്റെ ആന്തരിക ഭാവം.
സുശീലയുടെ ആലാപനത്തില്‍ ഒരു നേര്‍ത്ത ഗദ്ഗദം ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് തോന്നും ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍. അത്തരം പാട്ടുകള്‍ പാടി അഭിനയിക്കാന്‍ കഴിഞ്ഞതാണ് സിനിമാ ജീവിതം കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങളില്‍ ഒന്ന്..''ഷീല പറയും. ശുദ്ധസാവേരി രാഗസ്പര്‍ശം നല്‍കി ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയ ഗാനത്തിന്റെ ചരണം ഓര്‍മയില്‍ നിന്ന് മൂളുന്നു ഷീല.
'വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
വാസന്ത ശില്‍പ്പികളേ
പൂജയ്‌ക്കെടുക്കാതെ പുഴുക്കുത്തി നില്‍ക്കുമീ
പൂക്കളെ നിങ്ങള്‍ മറന്നു - കൊഴിയുമീ
പൂക്കളെ നിങ്ങള്‍ മറന്നൂ...'
കുഷ്ഠരോഗം മഹാമാരിയായിരുന്നു അന്നത്തെ കേരളത്തില്‍. അറപ്പോടെ, ഭീതിയോടെ ജനം നോക്കിക്കണ്ട മാറാവ്യാധി. 'പൂജക്കെടുക്കാതെ പുഴുക്കുത്തി നില്‍ക്കുമീ പൂക്കളെ നിങ്ങള്‍ മറന്നു, കൊഴിയുമീ പൂക്കളെ നിങ്ങള്‍ മറന്നൂ എന്ന് പാടുമ്പോള്‍ ഞാനും അവരിലൊരാളായി മാറുകയായിരുന്നു. ആ നിമിഷങ്ങള്‍ ഇത്ര കാലത്തിനു ശേഷവും നൊമ്പരമായി മനസ്സിലുണ്ട്.'' - ഷൂട്ടിംഗ് കഴിഞ്ഞ് കുറെ നേരം കൂടി സാനറ്റോറിയത്തിലെ അന്തേവാസികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് താന്‍ മടങ്ങിയതെന്ന് ഷീല. 'അവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകരെ, പ്രത്യേകിച്ച് നഴ്സുമാരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. എത്ര ക്ഷമയോടെയാണെന്നോ അവര്‍ രോഗികളുമായി ഇടപഴകിയിരുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതിനുമൊക്കെ അപ്പുറത്താണ് യഥാര്‍ഥ ജീവിതാനുഭവങ്ങളുടെ തീവ്രത എന്ന് ഒരിക്കല്‍ കൂടി മനസ്സിലായ നിമിഷങ്ങള്‍.''
ക്യാമറക്ക് മുന്നില്‍ പാട്ടിനൊത്ത് ചുണ്ടനക്കുമ്പോള്‍ അഭിനയിക്കുകയാണെന്ന് മറന്നുപോയ സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. 'അഗ്‌നിപുത്രി'യിലെ 'കണ്ണ് തുറക്കാത്ത ദൈവങ്ങളേ കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളേ..'( രചന: വയലാര്‍, സംഗീതം: ബാബുരാജ്) ഉദാഹരണം. 'നിങ്ങളൊരിക്കല്‍ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണ് ഞാന്‍ എന്ന വരി പാടുമ്പോള്‍ ഉള്ളിലൊരു നിശബ്ദ ഗദ്ഗദം വന്നു തടഞ്ഞു. സുശീലയുടെ ആലാപനത്തില്‍ ഉറഞ്ഞുകിടന്ന വേദന അഭിനയത്തില്‍ ആവിഷ്‌കരിക്കുക എന്നതായിരുന്നു വെല്ലുവിളി. അക്കാര്യത്തില്‍ നല്ലൊരളവോളം വിജയിച്ചു എന്നാണെന്റെ വിശ്വാസം..' - ഷീല.
പൂന്തേനരുവി, ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു (ഒരു പെണ്ണിന്റെ കഥ), ഉദയഗിരിക്കോട്ടയിലെ (ആരോമലുണ്ണി), കാദംബരീ പുഷ്പസദസ്സില്‍ (ചുക്ക്), യക്ഷഗാനം മുഴങ്ങീ, ഡാലിയാപ്പൂക്കളെ (നിഴലാട്ടം), ഹിമവാഹിനി ഹൃദയഹാരിണി (നാടന്‍ പെണ്ണ്), അഭിനന്ദനം എന്റെ അഭിനന്ദനം (കരിനിഴല്‍), മഞ്ഞപ്പളുങ്കന്‍ മലയിലൂടെ (തുമ്പോലാര്‍ച്ച), പള്ളിയരമന വെള്ളിയരമനയില്‍ (തെറ്റ്)... ഷീലയ്ക്ക് വേണ്ടി സുശീല പാടിയ വൈവിധ്യമാര്‍ന്ന ഗാനങ്ങളുടെ നിര ഇനിയും നീളും.
ജീവിതഗന്ധിയായ ഗാനങ്ങള്‍, ഗാനസന്ദര്‍ഭങ്ങള്‍ അങ്ങനെ എത്രയെത്ര. ഓര്‍മകളെ ആര്‍ദ്രമാക്കുന്നു ആ പാട്ടുകള്‍. ഒപ്പം, പോയി മറഞ്ഞ ഒരു വസന്തകാലത്തേക്ക് നമ്മെ തിരികെ നടത്തുന്നു; ഒരിക്കലും തിരിച്ചു വരാനിടയില്ലാത്ത കാലം.
Content Highlights: Explore how iconic songs from Malayalam cinema, especially those sung by P. Susheela, blurred the lines between acting and life for actress Sheela. A journey through emotions and memories.
Published: 13 Nov 2025, 09:42 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented