ഇന്നും ഇടക്കൊക്കെ മാവൂർ റോഡിലെ സാഗർ ഹോട്ടലിൽ പോകാറുണ്ട് ലത. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല, പോയ്മറഞ്ഞ ഒരു കാലം വീണ്ടെടുക്കാനും. 'അവിടെ ചെന്നിരിക്കുമ്പോൾ ഒരു പാട് ഓർമകൾ മനസ്സിൽ കയറിവരും. ആ വരാന്തകളിലൂടെ, മരഗോവണിയിലൂടെ ഓടിക്കളിച്ചിരുന്ന കാലം. ദാസേട്ടന്റെ മധുരശബ്ദം ആരാധനയോടെ കേട്ടിരുന്ന കാലം...''
പഴയ എട്ടുവയസ്സുകാരിയായി മാറി എല്ലാ മുറികളിലും കയറിയിറങ്ങവേ ഹോട്ടലിന്റെ ചുമതലക്കാരിലാരോ കൗതുകത്തോടെ വന്നു ചോദിച്ചത് ഓർമയുണ്ട്: എന്താ ഇത്ര വിശദമായി നോക്കിക്കാണാൻ? വാങ്ങാൻ ഉദ്ദേശ്യമുണ്ടോ? വെറുതെ ചിരിക്കുക മാത്രം ചെയ്തു ലത. 'അയാൾക്കറിയില്ലല്ലോ സംഗീതസാന്ദ്രമായ എന്റെ ബാല്യകൗമാരങ്ങൾ വീണു മയങ്ങിക്കിടക്കുന്ന ഇടമാണിതെന്ന്..''
രുചിക്കൂട്ടുകളുടെ സാഗരമായി മാറും മുൻപ് ഇതൊരു വീടായിരുന്നു. ലതയുടെ പിതാവും കോഴിക്കോട്ടെ തിരക്കേറിയ ദന്തരോഗ വിദഗ്ധനുമായിരുന്ന ഡോ എഫ്രേം അമ്പൂക്കന്റെ വാസസ്ഥലം. പിന്നണി ഗാനജീവിതത്തിന്റെ ആരംഭ ദശയിൽ കോഴിക്കോട്ടെത്തുമ്പോഴെല്ലാം ഗാനഗന്ധർവൻ യേശുദാസിന് താമസമൊരുക്കിയത് ഈ ഇരുനില വീടാണ്; 1960 കളുടെ തുടക്കം മുതൽ ഒന്നര പതിറ്റാണ്ടോളം.
'ഓരോ തവണ വിരുന്നു വരുമ്പോഴും ദിവസങ്ങളോളം ഞങ്ങൾക്കൊപ്പം താമസിക്കും ദാസേട്ടൻ. തുടക്കകാലമല്ലേ. അന്നദ്ദേഹത്തിന് ഗാനമേളകളുടെയും റെക്കോർഡിംഗുകളുടെയും ശ്വാസം മുട്ടിക്കുന്ന തിരക്കില്ല. '' ലതയുടെ ഓർമ. സംഗീതസാന്ദ്രമായ ആ രാപ്പകലുകൾ ലത എങ്ങനെ മറക്കാൻ? 'അന്നത്തെ യൗവനത്തുടിപ്പാർന്ന ശബ്ദത്തിൽ ദാസേട്ടൻ താമസമെന്തേയും ഹിമവാഹിനിയും ചിന്നും വെൺതാരത്തിൽ ആനന്ദവേളയുമൊക്കെ പൂമുഖത്തിരുന്ന് ഞങ്ങൾക്ക് പാടിത്തരുന്നതിന്റെ കോരിത്തരിപ്പിക്കുന്ന ഓർമകൾ ഇന്നുമുണ്ട് മനസ്സിൽ.'' കോഴിക്കോട്ടെ പ്രശസ്ത ഗായകൻ സതീഷ് ബാബുവിന്റെ പത്‌നിയാണ് അഭിനേത്രി കൂടിയായ ലത.
സംഗീതപ്രേമികളാണ് ലതയുടെ അച്ഛനും അമ്മയും. 'ലതാ മങ്കേഷ്‌കറോടുള്ള ആരാധനയാണ് എനിക്ക് ലത എന്ന് പേരിടാൻ പ്രചോദനമായതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. റോട്ടറി ക്ലബ്ബിന് വേണ്ടി ഒരു പരിപാടിയിൽ പാടാൻ വന്നപ്പോഴാണ് ആദ്യമായി ദാസേട്ടൻ അച്ചാച്ചന്റെ ക്ഷണപ്രകാരം വീട്ടിൽ വന്നത്. കുടുംബ സുഹൃത്തായ പപ്പേട്ടന്റെ വാടക വീട്ടിലായിരുന്നു അക്കാലത്ത് ഞങ്ങൾ താമസം.''-- ലത ഓർക്കുന്നു.
മാള സ്വദേശിയായ ഡോക്ടറും ഭാര്യയും ആറ് മക്കളടങ്ങിയ കുടുംബവും കോഴിക്കോട് നഗരത്തിൽ കുടിയേറിയിട്ട് അധിക കാലമായിരുന്നില്ല. ഇന്ന് സാഗർ ഹോട്ടൽ നിൽക്കുന്ന സ്ഥലത്തേക്ക് അവർ താമസം മാറ്റിയത് 1965 ൽ. കാശ്മിക്കണ്ടി തറവാട്ടുകാരുടെ ഉടമസ്ഥതയിൽ അവിടെയുണ്ടായിരുന്ന വീട് ഡോക്ടർ വിലകൊടുത്ത് വാങ്ങുകയായിരുന്നു. 'അന്നത്തെ മാവൂർ റോഡ് ജങ്ഷൻ ഇന്നത്തെ തലമുറക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. ആകെയുള്ള രണ്ടു ഭേദപ്പെട്ട കെട്ടിടങ്ങൾ ഞങ്ങളുടെ വീടും തൊട്ടടുത്തുള്ള ഡോ സി കെ രാമചന്ദ്രന്റെ വീടുമായിരുന്നു. വെസ്റ്റേൺ ഹോസ്പിറ്റലൊക്കെ പിന്നീടാണ് വന്നതെന്നാണ് ഓർമ. റോഡിനപ്പുറത്ത് ചതുപ്പു നിറഞ്ഞ വയലാണ്. രാത്രിയായാൽ ഇരുളിലാഴും ആ പ്രദേശമെല്ലാം.''-- ലതയുടെ ഓർമ.
യേശുദാസിന്റെ സന്ദർശനങ്ങളെല്ലാം ആഘോഷമായിരുന്നു ഡോക്ടർക്കും കുടുംബത്തിനും. 'ഇന്നത്തെ പോലെ ആരാധക ബാഹുല്യമൊന്നും ഇല്ലാത്ത കാലമല്ലേ. സ്വതന്ത്രമായി സഞ്ചരിക്കാം. പുറത്തിറങ്ങി നടക്കാം. ഭക്ഷണത്തിന്റെ കാര്യത്തിൽ ദാസേട്ടന് പ്രത്യേക നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. ചിക്കനോട് ചെറിയൊരു ഇഷ്ടക്കൂടുതൽ ഉണ്ടെന്ന് മാത്രം. ഒരു കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞത്. എന്റെ അനിയൻ രാജേഷ് അന്ന് ചെറിയ കുട്ടിയാണ്. ദാസേട്ടനൊപ്പമാണ് കിടന്നുറങ്ങുക. അതൊരു കാലം..''
ലതക്ക് അന്ന് പ്രായം എട്ടോ ഒമ്പതോ. യേശുദാസിന്റെ അന്നത്തെ രൂപത്തോടൊപ്പം ഓർമകളിൽ വന്നു നിറയുക പിയേഴ്സ് സോപ്പിന്റെ പരിമളമാണെന്ന് പറയും ലത. 'വീട്ടിൽ ഞങ്ങൾ ഉപയോഗിച്ചിരുന്നത് സിന്തോൾ പോലുള്ള സോപ്പുകളായിരുന്നു. അച്ചാച്ചൻ പിയേഴ്സ് വാങ്ങിക്കൊണ്ടുവന്നാൽ അതിനർഥം ദാസേട്ടൻ ഉടൻ വരുന്നു എന്നാണ്.''
മാവൂർ റോഡിലെ വീട് വിറ്റ് 1978 ൽ ഡോക്ടറും കുടുംബവും ഒലവക്കോട്ടേക്ക് താമസം മാറ്റുന്നു. ആ വീട്ടിലും യേശുദാസ് പതിവായി വന്നിരുന്നു എന്നോർക്കുന്നു ലത. അതേ വർഷം തന്നെയായിരുന്നു ലതയുടെ വിവാഹവും. വിധിനിയോഗമെന്നോണം ലതയുടെ ജീവിത പങ്കാളിയായി കടന്നുവന്നത് ഒരു ഗായകൻ തന്നെ; സതീഷ് ബാബു. കോഴിക്കോട്ടുകാരുടെ യേശുദാസ്.
2012 ലായിരുന്നു ഡോ അമ്പൂക്കന്റെ വിയോഗം. അതിനും ഇരുപത് വർഷം മുൻപ് അമ്മ ഓർമയായിക്കഴിഞ്ഞിരുന്നു. 'സ്വന്തം സഹോദരനെപ്പോലെയോ മകനെപ്പോലെയോ ഒക്കെയായിരുന്നു അമ്മയ്ക്ക് ദാസേട്ടൻ. ആദ്യകാലം മുതലുള്ള ദാസേട്ടന്റെ പാട്ടുകൾ നല്ല കയ്യക്ഷരത്തിൽ ഒരു ഡയറിയിൽ എഴുതി സൂക്ഷിച്ചു അമ്മ. പിൽക്കാലത്ത് ദാസേട്ടന്റെ സംഗീത ജീവിതത്തിന്റെ ദശവാർഷികാഘോഷ വേളയിൽ ഒരു സുവനീർ ഇറക്കിയപ്പോൾ അതുവരെ പാടിയ പാട്ടുകൾ അതിൽ ഉൾക്കൊള്ളിക്കാനായി അമ്മയുടെ ഡയറിയാണ് അദ്ദേഹം വാങ്ങിക്കൊണ്ടുപോയത്.''
1970 കളിൽ ഗാനമേളകളും റെക്കോർഡിംഗുകളുമായി തിരക്കിലായതോടെ യേശുദാസിന്റെ കോഴിക്കോടൻ യാത്രകൾ വിരളമായി. വല്ലപ്പോഴുമൊക്കെ നഗരത്തിൽ വരുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനും സൽക്കരിക്കാനും ആളുകൾ മത്സരിക്കുന്ന ഘട്ടമെത്തി. സ്വാഭാവികമായും ആ തിരക്കിന്റെയും ബഹളത്തിന്റെയും ഭാഗമാകാൻ മടിച്ചു ഡോക്ടറും കുടുംബവും.
'ഏറ്റവുമൊടുവിൽ ദാസേട്ടനെ കണ്ടത് തിരുവനന്തപുരത്ത് എം എ ബേബി സാറിന്റെ മകന്റെ കല്യാണത്തിന് ചെന്നപ്പോഴാണ്. സ്വയം പരിചയപ്പെടുത്തേണ്ടി വന്നില്ല; അതിനുമുമ്പേ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു എന്നതായിരുന്നു സന്തോഷമുള്ള കാര്യം. മാത്രമല്ല വീട്ടിലെ മറ്റെല്ലാവരെയും കുറിച്ച് അന്വേഷിച്ചറിയുകയും ചെയ്തു. അവരുടെ പേരുകൾ പോലും അദ്ദേഹം മറന്നിരുന്നില്ല.''-- ലതയുടെ വാക്കുകൾ.
ഡോക്ടറുടെ കയ്യിൽ നിന്ന് വാങ്ങിയ വീട് ഹോട്ടലാക്കി മാറ്റിയപ്പോഴും അതിന്റെ തനിമ നിലനിർത്താൻ ശ്രദ്ധിച്ചു പുതിയ ഉടമകൾ. 'മുന്നിലെ കാർ പോർച്ചും പിന്നിലെ മുറ്റവും മാത്രമേ മാറ്റിയിട്ടുള്ളൂ. ബാക്കിയെല്ലാം മിക്കവാറും പഴയ പോലെ തന്നെയുണ്ട്. ഇന്നും അവിടെ പോയാൽ എനിക്ക് വഴിതെറ്റില്ല.''-- ലത ചിരിക്കുന്നു.
കോഴിക്കോടൻ ബിരിയാണിയുടെ കൊതിപ്പിക്കുന്ന ഗന്ധത്തോടൊപ്പം, കാലങ്ങൾക്കപ്പുറത്തു നിന്ന് ഒരു സ്‌നേഹസുഗന്ധം കൂടി കാറ്റിൽ ഒഴുകിയെത്തും ഇന്നും സാഗർ ഹോട്ടലിന് മുന്നിൽ ചെന്നുനിന്നാൽ; ഗന്ധർവസംഗീതത്തിന്റെ മനം മയക്കുന്ന സൗരഭ്യം. സംശയമുണ്ടെങ്കിൽ ഇത് വായിച്ച ശേഷം ആ വഴിയേ ഒന്ന് നടന്നു നോക്കുക.
Content Highlights: Relive the golden era at Sagar Hotel, Kozhikode. Former home of Dr. Ephrem Ambukadan, it hosted legendary singer K.J. Yesudas. A nostalgic journey through music and memories.
Published: 08 Jan 2026, 01:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented