
കൊല്ലം നഗരത്തിലൂടെ വല്ലപ്പോഴുമൊക്കെ കടന്നുപോകുമ്പോൾ യുഗങ്ങൾക്കപ്പുറത്തു നിന്ന് ഒരു "ചക്രവർത്തിനി"യുടെ നേർത്ത പദനിസ്വനം കേൾക്കാറുണ്ട് രാഘവൻ. ഈ പരിസരത്തെ ഏതോ കെട്ടിടത്തിലാണല്ലോ "ചെമ്പരത്തി"യിലെ ആ വിശ്രുത ഗാനം ചിത്രീകരിക്കപ്പെട്ടത്. എഴുതിയ വയലാറും ഈണമിട്ട ദേവരാജൻ മാസ്റ്ററും ചിത്രീകരിച്ച സംവിധായകൻ പി എൻ മേനോനും നിർമ്മാതാവ് എസ് കെ നായരും കൂടെയഭിനയിച്ച സുധീറുമെല്ലാം ഓർമ്മ. പക്ഷേ "ചക്രവർത്തിനി"ക്ക് ഇന്നും മധുരപ്പതിനേഴ് തന്നെ; പിറന്നുവീണ് അര നൂറ്റാണ്ട് പിന്നിട്ടിട്ടും.
യാത്രാവേളകളിൽ നിനച്ചിരിക്കാതെ ചക്രവർത്തിനിയുടെ ഈരടികൾ കാതിൽ വന്നുവീഴുമ്പോൾ ആദ്യമായി ആ കവിത വായിച്ചു മതിമറന്ന നിമിഷങ്ങൾ ഓർമ്മവരും രാഘവന്. വയലാർ രാമവർമ്മയുടെ കൈപ്പടയിലുള്ള വരികൾ. "വയലാറിനെ നേരത്തെ അറിയാം. ഇടയ്ക്കിടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വരാറുണ്ടായിരുന്നു അദ്ദേഹം. പടത്തിന്റെ നിർമാതാവായിരുന്ന എസ് കെ നായരുടെ ഉറ്റ സുഹൃത്താണ്. മുൻപും അദ്ദേഹത്തിന്റെ പാട്ടുകൾ സിനിമയിൽ പാടി അഭിനയിച്ചിട്ടുണ്ടെങ്കിലും, ചക്രവർത്തിനിയുടെ സൗന്ദര്യം ഒന്നു വേറെ തന്നെയായിരുന്നു. കാൽപനിക ബിംബങ്ങളുടെ ഒരു ഘോഷയാത്ര:
"ശാരദേന്ദുകല ചുറ്റിനും കനക പാരിജാത മലർ തൂകും,
ശിൽപ്പകന്യകകൾ നിന്റെ വീഥികളിൽ
രത്നകംബളം നീർത്തും,
കാമമോഹിനികൾ നിന്നെയെൻ
ഹൃദയകാവ്യലോക സഖിയാക്കും,
മച്ചകങ്ങളിലെ മഞ്ജു ശയ്യയിൽ
ലജ്ജകൊണ്ട് ഞാൻ മൂടും, നിന്നെ മൂടും....."
എത്ര ഉദാത്തമായ ഭാവന. "മലയാളനാട്" വാരികയുടെ ഏറ്റവും പുതിയ ലക്കം കയ്യിൽ തുറന്നുപിടിച്ചുകൊണ്ട് അശോക് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പാടി അഭിനയിക്കുമ്പോഴേക്കും ആ വരികൾ മന:പാഠമായിരുന്നുവെന്ന് രാഘവൻ.
മലയാളസിനിമാ ചരിത്രത്തിലെ തന്നെ മഹത്തായ സൃഷ്ടികളിൽ ഒന്നായി വളരും ആ പാട്ടെന്ന് അന്നു സങ്കൽപ്പിച്ചിരിക്കുമോ അഭിനേതാവ്? ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടുന്നു രാഘവൻ. "നല്ലൊരു കവിതയാണെന്ന് തോന്നിയിരുന്നു. പക്ഷെ ഭാവിയിൽ അത് ഇത്രത്തോളം ആഘോഷിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. രവിയുടെ ഒരു പുസ്തകത്തിന്റെ ശീർഷകം തന്നെ ആ പാട്ടിന്റെ വരിയല്ലേ? മൺവിളക്കുകൾ പൂത്ത കാലം?"
ക്ലാസ്സിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന വേറെയും വയലാർ രചനകൾക്കൊത്ത് ചുണ്ടനക്കാൻ ഭാഗ്യമുണ്ടായി രാഘവന്. മാതൃത്വത്തെ കുറിച്ച് മലയാളത്തിൽ വന്നിട്ടുള്ള ഏറ്റവും ഉദാത്തമായ കാവ്യഗീതികളിൽ ഒന്നായ "അമ്മേ അവിടുത്തെ മുൻപിൽ ഞാനാര് ദൈവമാര്" എന്ന ഗാനം മറക്കാനാവില്ല. "ചെമ്പരത്തി"ക്കു ശേഷം മേനോൻ സംവിധാനം ചെയ്ത 'ചായ'ത്തിൽ സുധീർ ആയിരുന്നു നായകൻ. മലയാളത്തിൽ ആരും അതുവരെ കൈവെയ്ക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ഈഡിപ്പസ് കോംപ്ലക്സ് ആണ് മേനോൻ തന്റെ സിനിമയ്ക്ക് തിരഞ്ഞെടുത്ത വിഷയം. അമ്മയാണെന്നറിയാതെ അമ്മയെ പ്രാപിക്കാൻ ശ്രമിക്കുന്ന മകന്റെ കഥ. അത്തരമൊരു ആശയം ആർജവവത്തോടെ സ്വീകരിക്കാനുള്ള പക്വത കൈവരിച്ചിരുന്നില്ല അന്നത്തെ സാധാരണ പ്രേക്ഷകർ എന്ന് വിശ്വസിക്കുന്നു രാഘവൻ.
"മേനോന്റേത് തികച്ചും പ്രവചനാതീതമായ ശൈലി ആയിരുന്നു. മറ്റു സംവിധായകർക്ക് അനിവാര്യം എന്ന് തോന്നുന്ന ഘടകങ്ങൾ സ്വന്തം സിനിമകളിൽ നിന്ന് ഒഴിവാക്കും അദ്ദേഹം. മറ്റുള്ളവർ ഒഴിവാക്കുന്നവ ചിലപ്പോൾ സ്വീകരിച്ചെന്നും ഇരിക്കും.'' രണ്ടു ഗാന രംഗങ്ങളിൽ മാത്രമേ ചായത്തിൽ രാഘവൻ പ്രത്യക്ഷപ്പെടുന്നുള്ളൂ -- അതും തെരുവ് ഗായകനായി. "അവയിൽ ഒന്ന് വയലാർ - ദേവരാജൻ സഖ്യത്തിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി മാറി എന്നത് എന്റെ സുകൃതം."മാതൃത്വത്തെ കുറിച്ച് ഇതിലും ഹൃദയ സ്പർശിയായ ഒരു ഗാനം ഏതെങ്കിലും ഭാഷയിൽ വന്നിട്ടുണ്ടോ? സംശയമാണ്. വയലാറിനും ഏറെ പ്രിയപ്പെട്ട ഗാനമായിരുന്നു അതെന്നു കേട്ടിട്ടുണ്ട്.''
ഇന്നും വെറുതെയിരിക്കുമ്പോൾ രാഘവന്റെ മനസ്സ് ആ വരികൾ മൂളും.
"ആദിയിൽ മാനവും ഭൂമിയും തീർത്തത് ദൈവമായിരിക്കാം
ആറാം നാളിൽ മനുഷ്യനെ തീർത്തതും ദൈവമായിരിക്കാം
ആ ദൈവത്തെ പെറ്റുവളർത്തിയതമ്മയല്ലോ അമ്മ
ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ..
ദൈവവും നമ്മളും അവരുടെയേകാന്ത ദാഹമായിരുന്നില്ലേ
രക്തക്കുഴലിലൂടെ അസ്ഥിത്തളിരിലൂടെ
മക്കളുടെ മനസ്സിലേക്കൊഴുകിവന്നു
അമ്മയുടെ ശൈശവ സ്വർഗ്ഗങ്ങളിൽ നമ്മൾ
മൺപാവകളായിരുന്നു... "
പാട്ട് പാടി റെക്കോർഡ് ചെയ്ത അയിരൂർ സദാശിവൻ എന്ന ഗായകൻ അയവിറക്കുന്ന ഒരു അനുഭവം കൂടി രാഘവന്റെ വാക്കുകളോട് ചേർത്തു വായിക്കാം നമുക്ക്: "സിനിമയ്ക്ക് വേണ്ടി രചിക്കപ്പെട്ട ഗാനമായിരുന്നില്ല അത്. വയലാർ അമ്മയ്ക്ക് സമർപ്പിച്ച കവിതയായിരുന്നു. പിന്നീട് ചായം എന്ന സിനിമയിൽ ആ കവിത ഉൾപ്പെടുത്താൻ വേണ്ടി ഒരു കഥാസന്ദർഭം സൃഷ്ടിച്ചു എന്ന് മാത്രം. എത്രയോ തവണ എന്നെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി അമ്മയുടെ അടുത്തിരുത്തി ആ വരികൾ പാടിച്ചിട്ടുണ്ട് വയലാർ. പാട്ടിന്റെ റെക്കോർഡ് വെച്ച് കേൾക്കുന്നതിനേക്കാൾ ആ ഗാനം ഞാൻ പാടിക്കേൾക്കാൻ ആഗ്രഹിച്ചു വയലാറിന്റെ അമ്മ.''
മലയാറ്റൂരിന്റെ കഥയെ ആസ്പദമാക്കി പി.എൻ. മേനോൻ സംവിധാനം ചെയ്ത ഗായത്രി (1973) യിൽ ബ്രാഹ്മണയുവതിയെ പ്രണയിക്കുന്ന അലക്കുകാരൻ അപ്പുവിന്റെ റോളായിരുന്നു രാഘവന്. ഷൂട്ടിംഗ് ശുചീന്ദ്രം ക്ഷേത്ര പരിസരത്തും ചെന്നൈയിൽ മഹാബലിപുരത്തും വെച്ച്. മഹാബലിപുരത്തെ ഒരു അരയാലിന്റെ ചുറ്റുവട്ടത്തു ചിത്രീകരിച്ച "തങ്കത്തളികയിൽ പൊങ്കലുമായി വന്ന തൈമാസ തമിഴ് പെണ്ണേ' എന്ന ഗാനരംഗത്ത് ജയഭാരതിയാണ് ഒപ്പം അഭിനയിച്ചത്. സിനിമയുടെ കഥാന്തരീക്ഷം മുഴുവൻ ഉണ്ടായിരുന്നു വയലാർ-ദേവരാജൻ ടീമിന്റെ ആ ഗാനത്തിൽ . "നഖങ്ങളി"ലെ നക്ഷത്രങ്ങളേ സാക്ഷി എന്ന ഗാനരംഗത്തും (വയലാർ - ദേവരാജൻ) കാണാം രാഘവനെ. യേശുദാസ് എന്ന തൊഴിലാളി നേതാവിന്റെ വേഷത്തിലായിരുന്നു നഖങ്ങളിൽ രാഘവൻ. "രാജഹംസ"ത്തിലെ പച്ചിലയും കത്രികയും പോലെ മറ്റൊരുദാഹരണം. ജയചന്ദ്രനാണ് ഈ ഗാനത്തിന് ശബ്ദം പകർന്നത്.
തീർന്നില്ല: വയലാർ -- ദേവരാജൻ കൂട്ടുകെട്ടിന്റെ വിശ്രുത അയ്യപ്പഭക്തിഗാനമായ സ്വാമി അയ്യപ്പനിലെ "ശബരിമലയിൽ തങ്കസൂര്യോദയം" വെള്ളിത്തിരയിൽ അവതരിപ്പിച്ചതും രാഘവൻ തന്നെ. ആ ഗാനം പാടി അഭിനയിക്കുമ്പോൾ പൂർണ്ണമായും ഒരു അയ്യപ്പഭക്തന്റെ മാനസികാവസ്ഥയിലായിരുന്നു താനെന്ന് രാഘവൻ. "മെറിലാൻഡ് സ്റ്റുഡിയോയിൽ ശബരിമലയുടെ സെറ്റിട്ടായിരുന്നു ഷൂട്ടിംഗ്. കലാസംവിധായകനായ ഗംഗ ഒരുക്കിയ സെറ്റ് കണ്ടാൽ ശാസ്താ സന്നിധിയല്ലെന്നു പറയില്ല ആരും. ഞങ്ങൾ എല്ലാവരും അയ്യപ്പൻമാരെ പോലെ വ്രതമെടുത്താണ് ആ സിനിമയിൽ അഭിനയിച്ചത്. ഒരു വർഷത്തോളം നീണ്ട ചിത്രീകരണവേളയിൽ ആരും മത്സ്യമാംസാദികൾ തൊട്ടില്ല. മാത്രമല്ല, സിനിമയ്ക്ക് വേണ്ടി നിർമിച്ച അമ്പലത്തിൽ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചതും പൂജാ കർമ്മങ്ങൾ നിർവഹിച്ചതും ശബരിമലയിലെ പൂജാരി തന്നെ.'' മെറിലാൻഡിന്റെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റുകളിൽ ഒന്നായി മാറി പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ.
വെള്ളിത്തിരയിൽ രാഘവൻ പാടി അവതരിപ്പിച്ച ഗാനങ്ങൾ ഇനിയുമെത്ര. സുവർണ്ണ ഗാനങ്ങളുടെ ഒരു നിരയാണത്: ശ്രാന്തമംബരം (അഭയം), കളഭത്തിൽ മുങ്ങിവരും വൈശാഖാരജനീ (അയോദ്ധ്യ), മലയാളഭാഷ തൻ മാദക ഭംഗി (പ്രേതങ്ങളുടെ താഴ്വര), സ്വർണമുഖീ നിൻ (സ്വർഗ്ഗപുത്രി), എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ (ഉദയം), ഈശ്വരാ ജഗദീശ്വരാ (കണ്ണുകൾ), ഏകാന്തപഥികൻ ഞാൻ (ഉമ്മാച്ചു), പൊന്നും തേനും നീ വിളമ്പി (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു), സ്വാതിതിരുനാളിൻ കാമിനി, (സപ്തസ്വരങ്ങൾ), ഇതിലെ ഏകനായി (ഒറ്റപ്പെട്ടവർ), സ്വർണപ്പൂഞ്ചോല (യൗവനം)... ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും ഗായകരുടെയും വൈവിധ്യമാർന്ന നിരയുണ്ടായിരുന്നു അവയ്ക്ക് പിന്നിൽ.
"കുട്ടിക്കാലം മുതലേ സംഗീതവുമായി പറയത്തക്ക ബന്ധമൊന്നും ഇല്ല എനിക്ക്. പാട്ട് കേൾക്കാൻ ഇഷ്ടമാണെന്നല്ലാതെ മൂളിപ്പാട്ടു പോലും പാടുന്ന ശീലവുമില്ല. ആ ഞാനാണ് മലയാളത്തിലെ അനശ്വര ഗാനങ്ങൾ പലതും വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ചത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നും; അവ ഇന്നും അകമഴിഞ്ഞ് ആസ്വദിക്കപ്പെടുന്നു എന്നറിയുമ്പോഴും... '' രാഘവൻ ചിരിക്കുന്നു.
"പല പാട്ടുകളും ഇന്ന് ടി വിയിൽ കാണുമ്പോൾ, അടുക്കും ചിട്ടയുമില്ലാതെ ഓർമ്മകൾ മനസ്സിലേക്ക് ഇരമ്പിക്കയറി വരും. ആഹ്‌ളാദവും വേദനയും ഇടകലർന്ന ഓർമ്മകൾ. ഒപ്പം, തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞ നിരവധി മുഖങ്ങൾ മനസ്സിൽ തെളിയും . വിജയശ്രീ, സുജാത, റാണിചന്ദ്ര, സിൽക്ക് സ്മിത, ശ്രീവിദ്യ ....സ്വയം മരണം തിരഞ്ഞെടുത്തവരുണ്ട് അവരിൽ; മരണത്തിലേക്ക് താൻ പോലുമറിയാതെ നടന്നടുത്തവരും. ആരെയും മറക്കാനാവില്ല. എന്തെന്തു മോഹങ്ങളുമായിട്ടായിരിക്കണം അവരെല്ലാം സിനിമാനഗരിയിൽ വന്നിറങ്ങിയിരിക്കുക...'' രാഘവൻ ഒരു നിമിഷം നിശബ്ദനാകുന്നു.
Published: 25 Oct 2025, 10:12 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented