
പെരുമ്പുഴ സാറിന് ആദരാഞ്ജലികൾ
-------------------
``അന്തിമയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല''
-----------------------
ചെന്നൈ കാംദാർ നഗറിലെ ദേവരാജൻ മാസ്റ്ററുടെ വീട്ടിൽ വെച്ചാണ് പെരുമ്പുഴ ഗോപാലകൃഷ്ണൻ സാറിനെ ആദ്യം കണ്ടത്. കസേരയുടെ ഒരു കോണിൽ വിനയാന്വിതനായി ഒതുങ്ങിയിരുന്ന ശുഭ്രവസ്ത്രധാരിയെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ശേഷം മാസ്റ്റർ കൂട്ടിച്ചേർത്തു: "എന്റെ ജീവചരിത്രം എഴുതുന്ന ആളാണ്. നല്ല ക്ഷമാശീലം ഉണ്ടെങ്കിലേ അത് നടക്കൂ. ഇയാൾക്ക് അത് ഞാൻ വിചാരിച്ചതിനേക്കാൾ ഉണ്ട്. ഇല്ലെങ്കിൽ എന്നേ ഈ പരിപാടി നിർത്തി സ്ഥലം വിട്ടേനെ.." അപൂർവമായി മാത്രം വിടരുന്ന ആ സൗമ്യ സുന്ദരമായ പുഞ്ചിരി പിന്നാലെ.
ഓർമ്മ വന്നത് എനിക്കേറെ പ്രിയപ്പെട്ട ഒരു പാട്ടാണ്: ``ശിവതാണ്ഡവം'' (1977) എന്ന ചിത്രത്തിൽ എം ബി ശ്രീനിവാസന്റെ ഈണത്തിൽ യേശുദാസ് പാടിയ അർദ്ധ ശാസ്ത്രീയ ഗാനം. "ഞാനൊരു വീണാധാരി ജീവിതഗാന തീരവിഹാരി." ആ പാട്ടെഴുതിയ ആളാണ് മുന്നിൽ.
മറക്കാനാവാത്ത ഒരു സൗഹൃദത്തിന്റെ തുടക്കമായി അത്. ദേവരാഗങ്ങളുടെ രാജശില്പി എന്ന പേരിൽ പെരുമ്പുഴ എഴുതിയ ജീവചരിത്ര ഗ്രന്ഥത്തിന്റെ തിരുവനന്തപുരത്തെ പ്രകാശനവേളയിൽ ആശംസാ പ്രസംഗകരിൽ ഒരാളായി ഞാനുമുണ്ടായിരുന്നു വേദിയിൽ. പെരുമ്പുഴയുടെ ക്ഷമാശീലത്തെ അന്നും ദേവരാജൻ മാസ്റ്റർ പ്രശംസിച്ചത് ഓർമ്മയുണ്ട്. (പെരുമ്പുഴ -- ദേവരാജൻ കൂട്ടുകെട്ടിന്റെ പാട്ടുകളുമായി പുറത്തിറങ്ങിയ പടങ്ങൾ ഓർക്കുക: ശ്രീദേവി, കെണി, തീരം തേടുന്ന തിരകൾ).
ഇന്ന് വിടവാങ്ങിയ പെരുമ്പുഴ സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, അദ്ദേഹം രചിച്ച മികച്ച ചലച്ചിത്ര ഗാനങ്ങളിൽ ഒന്നിന്റെ പിറവിയുടെ കഥ....
------------------
എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത ``ശിവതാണ്ഡവ''ത്തിൽ പെരുമ്പുഴ ഗോപാലകൃഷ്ണനും എം ബി എസ്സുമായിരുന്നു ഗാനസ്രഷ്ടാക്കൾ. ദീർഘകാലത്തെ സൗഹൃദമുണ്ട് ശങ്കരൻ നായരുമായി. എന്നിട്ടും ശിവതാണ്ഡവത്തിൽ പാട്ടെഴുതാൻ തന്നെ നിശ്ചയിച്ച കാര്യം കത്തു വഴി അദ്ദേഹം അറിയിച്ചപ്പോൾ അത്ഭുതം തോന്നി പെരുമ്പുഴക്ക് . ``നമ്മൾ അതൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ.''
എഴുതേണ്ട പാട്ടുകളിൽ ഒന്ന് താരാട്ടാണ്. ``അന്തിമയങ്ങിയല്ലോ താമരപ്പൊയ്ക ഉറങ്ങിയല്ലോ അംബരത്തൊട്ടിലിൽ ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയല്ലോ'' എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ ഉറക്കുപാട്ടെഴുതുന്നു പെരുമ്പുഴ. വാണിജയറാമിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യേണ്ട പാട്ട്.
എം ബി എസ് പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോഴാണ് ശങ്കരൻ നായരുടെ വരവ്. പാട്ട് കേട്ട് അദ്ദേഹം പറഞ്ഞു: ``അയ്യോ ഇത് ശരിയാവില്ല. ഒന്നാമത്, കഥയിൽ രാത്രി പാടുന്ന പാട്ടല്ല. പിന്നെ കുഞ്ഞിനെ ഉറക്കുന്ന താരാട്ടുമല്ല. ഭാര്യ ഭർത്താവിനെയാണ് ഉറക്കുന്നത്. ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയാത്തതിലുള്ള ദുഖവും വരികളിൽ ആകാമെന്നു മാത്രം.''
എഴുതിയ വരികൾ ഉടനടി മാറ്റുന്നു പെരുമ്പുഴ: ``അന്തിമയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല അംബരത്തൊട്ടിലിൽ ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ല'' എന്നാക്കി തുടക്കം. വരികൾ വായിച്ചപ്പോൾ ശങ്കരൻ നായർക്ക് പൂർണ്ണ തൃപ്തി; എം ബി എസ്സിനും. ചിട്ടപ്പെടുത്തിയ ഈണത്തിന്റെ സ്കെയിലിൽ ഒതുങ്ങിനിൽക്കുമല്ലോ പല്ലവി.
ഭാഗ്യവശാൽ ``എന്റെ മാനസത്തൊട്ടിലിൽ എന്നും എന്റെ കുട്ടനെ താരാട്ടും ഞാൻ''' എന്ന ചരണം മാറ്റേണ്ടിവന്നില്ല പെരുമ്പുഴക്ക്. സ്നേഹം കൂടുമ്പോൾ `കുട്ടൻ'' എന്നും വിളിക്കാമല്ലോ ഭർത്താവിനെ. അടുത്ത ചരണത്തിലാകട്ടെ പിറക്കാത്ത കുഞ്ഞിനെ കുറിച്ചുള്ള സങ്കല്പങ്ങളാണ് താനും.
മലയാളത്തിൽ താൻ പാടിയ പാട്ടുകളിൽ വാണിജയറാമിന് ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്ന്. എഴുതിയ പാട്ടുകളിൽ പെരുമ്പുഴക്കും.
Content Highlights :perumpuzha gopalakrishnan Movie Songs Ravi Menon Paattuvazhiyorathu
Published: 07 Jul 2020, 04:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented