കാരശ്ശേരി: എസ്.എം.എ. ബാധിതരായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ പിഞ്ചോമനകളെ ചികിത്സയിലൂടെ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള ധനസമാഹരണ പ്രയത്‌നം നാടെങ്ങും കൂടുതൽ ചടുലമായി. ഏതു വിധത്തിലുംദിവസങ്ങൾക്കുള്ളിൽ 50 കോടി സമാഹരിക്കുക എന്ന ഏക ലക്ഷ്യത്തിൽ മലയാളികളാകെ മനസ്സുറപ്പിച്ച് കർമരംഗത്തിറങ്ങിയിട്ടുള്ള അസാധാരണ നന്മയുടെ കാലമാണ് കടന്നുപോകുന്നത്.

To advertise here,

കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ള സകല മനുഷ്യരുടെയും ലക്ഷ്യം ഏതുവിധേനയും ഈ കുട്ടികളുടെ രക്ഷയ്ക്ക് വേണ്ടി സഹായിക്കണമെന്ന് മാത്രമായിട്ടുണ്ട്. എവിടെയും ചർച്ചയും ആലോചനയും ഇതു മാത്രമായിട്ടുണ്ട്.

കുഞ്ഞുങ്ങൾക്കായി കെെകോർക്കാം 

ഹൃദയരാഗം പാടി കലാകാരന്മാരും

അപൂർവ രോഗമായ എസ്.എം.എ. ബാധിതരായ നാട്ടിലെ മൂന്ന് കുരുന്നുകളെസഹായിക്കാൻ കാരുണ്യം ചൊരിയണേ എന്ന സന്ദേശവുമായി മലയോരത്തെ പാട്ടുകാർ നാടാകെ പര്യടനം നടത്തി.പാട്ടുവണ്ടിയുമായി പാട്ടുപാടി എത്തിയ കലാകാരന്മാരെയും നാട്ടുകാരെല്ലാം പിന്തുണച്ചു. 45,000 രൂപ ലഭിച്ചത് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.കവിതയ്ക്ക് കൈമാറി.

കാലിക്കറ്റ് ഡിജിട്യൂൺ മ്യൂസിക് ബാൻഡും അഗസ്ത്യൻമുഴി ഫ്രണ്ട്സ് സൗണ്ട്സും സംയുക്തമായാണ് പാട്ടുവണ്ടി സംഘടിപ്പിച്ചത്.

മുക്കം നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദിനി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കലാകാരന്മാർ സംഗീത പരിപാടികൾ അവതരിപ്പിച്ച് പൊതുജനങ്ങളിൽ നിന്നും സഹായം സ്വീകരിച്ചു. ഫ്ലവേഴ്സ് ടി.വി. കോമഡി ഉത്സവം താരം അജ്നാസ് കൂടരഞ്ഞി അവതാരകനായി. ഗായകരായ സതീഷ് മുക്കം, സന്തോഷ് മുക്കം, രതീഷ് മുക്കം, സുരേഷ് മുക്കം, ലിനീഷ് മുക്കം, വേണുദാസ് തിരുവമ്പാടി, ഗിരീഷ് ഓമശ്ശേരി, ഫ്ലവേഴ്സ് ടി.വി. ടോപ്പ് സിങ്ങർ ഫെയിം ശ്രിത വൈഷ്ണ, ആലപ്പുഴ മിനി എന്നിവർ സംഗീത യാത്രയ്ക്ക് നേതൃത്വം നൽകി.

കാരശ്ശേരി: വല്ലത്തായിപ്പാറ കരുണ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ 40420 രൂപ സമാഹരിച്ച് നൽകി . പി.ടി. മുഹമ്മദ്, അബ്ദുസമദ് തടത്തിൽ, കെ.എച്ച്.അബു , സന്തോഷ്‌കുമാർ കണിച്ചിമ്മൽ, സൽമാൻ ഫാരിസ്, സി.പി. സുബ്രഹ്മണ്യൻ, എസ്. ശിവദാസൻ , ശിവൻ മൂട്ടോളി ,ബി.സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. വല്ലത്തായിപ്പാറ സമന്വയ സ്വയം സഹായ സംഘം പ്രവർത്തകരും ചികിത്സാ സഹായം സമാഹരിച്ച് കമ്മിറ്റിക്ക് കൈമാറി. സി.പി. സുബ്രഹ്മണ്യൻ, സന്തോഷ്‌കുമാർ കണിച്ചിമ്മൽ, ബി.സുബ്രഹ്മണ്യൻ, കെ.എം.സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ദേവഗിരി കോളേജും

കോഴിക്കോട് സെയ്ൻ്റ് ജോസഫ് ദേവഗിരി കോളേജിലെ പ്രൊഫഷണൽ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർഥികൾ എസ്.എം.എ.ബാധിതരായ കുട്ടികൾക്കുവേണ്ടി 70000 രൂപ സ്വരൂപിച്ചു നൽകി. ഡിപ്പാർമെന്റ് തലവൻ ഡോ. ടി. സി. സൈമൺ മുൻ എം.എൽ.എ. ലിന്റോ ജോസഫിന് തുകകൈമാറി.

കുഞ്ഞുമക്കൾക്കായി കൈകോർത്ത്‌

തിരുവമ്പാടി: കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞുമക്കൾക്കായി പുല്ലൂരാംപാറ മഹല്ല് പ്രവാസികൂട്ടായ്മ സ്വരൂപിച്ച അരലക്ഷം രൂപ സഹായസമിതി ഭാരവാഹികൾക്ക് നൽകി. മുക്കം നഗരസഭാ കൗൺസിലർ ഹനീഫ തെച്ചിയാട്, പുല്ലൂരാംപാറ മഹല്ല് പ്രസിഡന്റ് ശാഹിൻ സഖാഫി, ജനറൽ സെക്രട്ടറി അബ്ദുല്ല വൈത്തല, റിൻഷാദ് നൂറാനി, പുല്ലൂരാംപാറ മഹല്ല് പ്രവാസികൂട്ടായ്മ ഭാരവാഹികളായ ഷഫീഖ് ഉറുവിങ്ങൽ, നൗഫൽ മലയിൽതൊടി തുടങ്ങിയവർ പങ്കെടുത്തു. ചികിത്സാനിധിയിലേക്ക് തുക കണ്ടെത്തുന്നതിനായി കാലിക്കറ്റ് ഡിഗിറ്റിയൂഡ് മ്യൂസിക്ക് ബാൻഡും അഗസ്ത്യൻമുഴി ഫ്രണ്ട്സ് സൗണ്ട്സും സംയുക്തമായി പാട്ടുവണ്ടി സംഘടിപ്പിച്ചു. ഇതിലൂടെ ലഭിച്ച 45,000 രൂപ സംഘാടകർ കല്ലുരുട്ടിയിലെ സഹായസമിതിക്ക്‌ നൽകി. പാട്ടുവണ്ടി മുക്കം നഗരസഭാധ്യക്ഷ കെ.പി. ചാന്ദ്നി ഉദ്ഘാടനംചെയ്തു. അജ്നാസ് കൂടരഞ്ഞി, സതീഷ്, സന്തോഷ്, രതീഷ്, സുരേഷ്, ലിനീഷ്, ഗിരീഷ്, വേണുദാസ്, ശ്രിത വൈഷ്ണ തുടങ്ങിയവർ പാട്ടുവണ്ടിക്ക്‌ നേതൃത്വം നൽകി.

കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന്റെ കൈത്താങ്ങ്

തിരുവമ്പാടി: എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാനിധിയിലേക്കായി കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ സ്വരൂപിച്ച 2,13,000 രൂപ പ്രിൻസിപ്പൽ ബിനു ബേബി, പ്രധാനാധ്യാപകൻ സജി ജോൺ, പി.ടി.എ. പ്രസിഡന്റ് ജോസ് ഞാവള്ളിൽ, സ്‌കൂൾ ലീഡർമാരായ ദിയ മരിയ, മുഹമ്മദ് ഷബാൻ എന്നിവർ ചികിത്സാസഹായസമിതിയംഗങ്ങൾക്ക് നൽകി.

തിരുവമ്പാടി വെസ്റ്റേൺ സോൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 26,000 രൂപ പ്രസിഡന്റ് ടി.എം. ജോസഫ്, പ്രിൻസ് പുത്തൻകണ്ടം, ജോസഫ് പൈമ്പളളി, സണ്ണി പുതുപറമ്പിൽ, ജോൺസൺ പഴേടത്ത് തുടങ്ങിയവർ സഹായസമിതിക്ക് നൽകി.