പാമ്പാടി (കോട്ടയം): ആഗോള എ.ഐ. ചിപ്പ് നിർമാണഭീമനും ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നുമായ എൻവിഡിയയുടെ സി.ഇ.ഒ. സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇടംപിടിച്ച് പാമ്പാടി സ്വദേശി തോമസ് കുര്യൻ. നിലവിൽ ഗൂഗിൾ ക്ലൗഡിന്റെ സി.ഇ.ഒ. ആയ ഈ 60-കാരൻ, എൻവിഡിയയ്ക്ക് പുറത്തുനിന്ന് പരിഗണിക്കപ്പെടുന്നവരിലൊരാളാണ്.
1966-ൽ പാമ്പാടി പുള്ളോലിക്കൽ പരേതനായ പി.സി. കുര്യന്റെയും പരേതയായ മോളി കുര്യന്റെയും (റിട്ട. ലക്ചറർ, ചെന്നൈ വിെമൻസ് ക്രിസ്ത്യൻ കോളേജ്) മകനായാണ് തോമസ് കുര്യൻ ജനിച്ചത്. ഗ്രാഫൈറ്റ് ഇന്ത്യയുടെ ടെക്നിക്കൽ ഡയറക്ടറായിരുന്ന പിതാവിന്റെ ഔദ്യോഗികജീവിതവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ബെംഗളൂരുവിലെ സെയ്ന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് മദ്രാസ് ഐ.ഐ.ടി.യിൽ പ്രവേശനം ലഭിച്ചെങ്കിലും, സാറ്റ് പരീക്ഷയിലെ മികച്ച വിജയത്തെത്തുടർന്ന് സ്കോളർഷിപ്പോടെ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചു. 17-ാം വയസ്സിൽ അമേരിക്കയിലേക്ക് തിരിച്ചു.
പ്രിൻസ്റ്റണിൽനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലും കംപ്യൂട്ടർ സയൻസിലും ഉന്നതവിജയം നേടിയ അദ്ദേഹം, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽനിന്ന് എം.ബി.എ.യും (അർജയ് മില്ലർ സ്കോളർ ബഹുമതി) നേടി. മക്കിൻസി ആൻഡ് കമ്പനിയിൽ കൺസൾട്ടന്റായി ഔദ്യോഗികജീവിതം ആരംഭിച്ച തോമസ് കുര്യൻ, ലണ്ടനിലും ബ്രസൽസിലുമായി ആറുവർഷം പ്രവർത്തിച്ചു.
1996-ൽ ഒറാക്കിളിൽ എത്തിയ അദ്ദേഹം 22 വർഷത്തെ സേവനത്തിനിടെ കമ്പനിയുടെ പ്രൊഡക്റ്റ് ഡിവലപ്മെന്റ് പ്രസിഡന്റ് പദവിവരെയെത്തി. 35,000 പേരടങ്ങുന്ന ആഗോള ഗവേഷണ-വികസന വിഭാഗത്തെ നയിച്ച് ഒറാക്കിളിന്റെ ക്ലൗഡ് മുന്നേറ്റത്തിൽ നിർണായകപങ്കുവഹിച്ചു. 2018 നവംബറിലാണ് ഗൂഗിൾ ക്ലൗഡിന്റെ തലപ്പത്തെത്തിയത്. സംരംഭകമേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തും ഗൂഗിൾ ക്ലൗഡിനെ വൻ വളർച്ചയിലേക്ക് നയിച്ചു. 2024-ൽ ഗോൾഡ് ഹൗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 ഏഷ്യക്കാരുടെ പട്ടികയിലും ഇടംനേടി.
നെറ്റ്ആപ്പ് സി.ഇ.ഒ. ആയിരുന്ന ഇരട്ടസഹോദരൻ ജോർജ് കുര്യനും ആഗോള ടെക് ലോകത്ത് പ്രശസ്തനാണ്. ടൈറ്റൻ, തനിഷ്ക് എന്നിവയുടെ സി.ഇ.ഒ. ആയിരുന്ന ജേക്കബ് കുര്യൻ, യു.കെ.യിൽ ശിശുരോഗവിദഗ്ധനായ ഡോ. മാത്യു കുര്യൻ എന്നിവരും സഹോദരങ്ങളാണ്. സ്റ്റാൻഫോർഡ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒാങ്കോളജിസ്റ്റായ അലിസൺ വാൽഷ് കുര്യനാണ് തോമസ് കുര്യന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
Published: 15 Nov 2026, 07:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented