ന്യൂഡൽഹി: സിക്കിമിൽ ചൈനീസ് സൈനികവിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായി റിപ്പോർട്ട്. ഈ മാസം 12-ന് രാവിലെ എട്ടുമണിയോടെ ചിക്കൻനെക്ക് എന്നറിയപ്പെടുന്ന തന്ത്രപ്രധാനമായ സിലിഗുഡി ഇടനാഴിയോട് ചേർന്നുകിടക്കുന്ന മേഖലയിൽ പ്രവേശിച്ച വിമാനം 20-25 മിനിറ്റുവരെ ആകാശത്ത് കറങ്ങിയെന്നാണ് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തത്.
25,000 അടി ഉയരത്തിലായിരുന്നു വിമാനത്തിന്റെ സഞ്ചാരം. ഇന്ത്യൻ വ്യോമസേന, മടങ്ങിപ്പോകാൻ പലതവണ മുന്നറിയിപ്പു നൽകിയിട്ടും ചൈനീസ് വിമാനം മേഖലയിൽ തുടർന്നുവെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതിരോധമന്ത്രാലയവും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഏത് ഇനത്തിൽപെട്ട വിമാനമാണ്, അതിന്റെ കൃത്യമായ സഞ്ചാരപാത, അവസാനം എപ്പോഴാണ് ഇന്ത്യൻ അതിർത്തിയിൽനിന്നു മടങ്ങിയത് എന്നീ കാര്യങ്ങൾ ലഭ്യമായിട്ടില്ല. പശ്ചിമബംഗാളിൽ അതിർത്തിമേഖലയിലൂടെ കടന്നുപോകുന്ന ഇടുങ്ങിയ പാതയാണ് ചിക്കൻനെക്ക് എന്നറിയപ്പെടുന്നത്.
2022 ജൂണിൽ മറ്റൊരു ചൈനീസ് സൈനികവിമാനം കിഴക്കൻ ലഡാക്കിലെ ഇന്ത്യൻമേഖലയ്ക്കു സമീപംവരെയെത്തിയിരുന്നു. ഇന്ത്യൻ റഡാറുകളും സൈനികോദ്യോഗസ്ഥരും ഇത് ഉടൻ കണ്ടെത്തി പ്രതിരോധിക്കുകയായിരുന്നു. വിഷയത്തിൽ ചൈനയോട് ഇന്ത്യ പ്രതിഷേധമറിയിക്കുകയുമുണ്ടായി.
ആശങ്കാജനകമെന്ന് കോൺഗ്രസ്
സിക്കിമിലെ വ്യോമാതിർത്തിയിൽ ചൈനീസ് യുദ്ധവിമാനം 20 മിനിറ്റിലധികം സഞ്ചരിച്ചുവെന്ന വാർത്ത അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ മുന്നറിയിപ്പുകൾ ചൈനീസ് വിമാനം അവഗണിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ചൈനയെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം മോദിസർക്കാർ അറിയിക്കണം. ഇനിയെങ്കിലും പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീൻചിറ്റ് നൽകരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Content Highlights: A Chinese military aircraft allegedly violated Indian airspace in Sikkim on the 12th of this month., The aircraft circled near the strategic Siliguri Corridor (Chicken's Neck) for 20-25 minutes at an altitude of 25,000 feet., The Indian Air Force repeatedly issued warnings, but the Chinese aircraft continued to stay in the region., The Congress party expressed deep concern over the incident and demanded a strong protest against China.
Published: 15 Nov 2026, 07:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented