ഒരിക്കലും മറക്കാനാവാത്ത മൂന്ന് പേർ. കോഴിക്കോടിനെ മതിമറന്നു സ്‌നേഹിക്കാൻ പ്രേരിപ്പിച്ചവർ. അവരില്ലാതെ പൂർണ്ണമാകില്ല സംഗീതനഗരത്തെ കുറിച്ചുള്ള ഓർമ്മകൾ. കെ.ആർ. വേണു, എ.കെ. സുകുമാരൻ, മച്ചാട്ട് വാസന്തി.

To advertise here,

വേണുവേട്ടനെ ആദ്യം കണ്ടത് പ്രീഡിഗ്രിക്കാലത്താവണം. കാണുകയല്ല കേൾക്കുകയായിരുന്നു. ഫസ്റ്റ് ഷോ സിനിമ കണ്ട ശേഷം മെഡിക്കൽ കോളേജിലേക്കുള്ള ബസ് പിടിക്കാൻ സിറ്റി സ്റ്റാൻഡിലേക്ക് തിടുക്കത്തിൽ നടന്നുപോകവേ, മുതലക്കുളത്തിനടുത്തെത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടം. ഉത്സവാന്തരീക്ഷമാണ് അവിടെ. സ്പീക്കറുകളിലൂടെ മന്നാഡേയുടെ സൂപ്പർ ഹിറ്റ് ഗാനമൊഴുകുന്നു: 'മേരെ ഹുസൂർ''' എന്ന ചിത്രത്തിലെ ''ജനക് ജനക് തേരി ബാജേ പായലിയാ... ''

ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറി മുന്നിലെത്തിയപ്പോൾ വേദിയിലെ പാൽവെളിച്ചത്തിൽ മെലിഞ്ഞു വെളുത്തൊരു സുമുഖൻ. കാഴ്ച്ചയിൽ നേപ്പാളിയെപ്പോലെ. നാട്ടിൻപുറത്തെ സാധാരണ സ്റ്റേജ് ഗായകരെ പോലെ മലയാളത്തിന്റെ ചുവയുള്ള ഹിന്ദിയല്ല അയാളുടേത്. ശരിക്കും ഒറിജിനൽ ഹിന്ദി തന്നെ. പിന്നെയും പല തവണ കേട്ടു വേണുവിനെ; ടൗൺ ഹാളിൽ, ഗുജറാത്തി ഹാളിൽ, മാനാഞ്ചിറയിൽ, ടാഗോർ ഹാളിൽ... മന്നാഡേയുടെ പാട്ടുകൾ ആയിരുന്നു വേണുവിന് അനായാസം വഴങ്ങിയിരുന്നതെന്ന് തോന്നിയിരുന്നു അക്കാലത്ത്. യേശുദാസ് ഉൾപ്പെടെ എല്ലാവരുടെയും ഹിറ്റുകൾ പാടിയിരുന്നെങ്കിലും.

നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും ചാലപ്പുറത്തെ 'ഫോർ എയ്സസ്' എന്ന പരസ്യ ഏജൻസിയിൽ വെച്ചാണ്. തുടക്കക്കാരനായ പത്രപ്രവർത്തകന്റെ റോളിലായിരുന്നു ഞാൻ. വേണുവാകട്ടെ പരസ്യ ഏജൻസിയിലെ ഡിസൈൻ ആർട്ടിസ്റ്റിന്റെയും. വെറുതെ പാട്ടും പാടി നടന്നാൽ ജീവിതം വഴിമുട്ടുമെന്ന് തിരിച്ചറിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. കോപ്പി റൈറ്റിംഗിൽ ഒരു കൈ നോക്കാനായി ഒന്നരാടൻ ദിവസങ്ങളിൽ ഏജൻസിയിൽ ചെന്നിരുന്ന എന്നെ വേണുവുമായി അടുപ്പിച്ചത് ഹിന്ദി സിനിമാ ഗാനങ്ങളോടുള്ള അദ്ദേഹത്തിന്റെ അളവറ്റ അഭിനിവേശം തന്നെ. പാറ്റ്‌നയിലും കൊൽക്കത്തയിലുമായി ചെലവഴിച്ച ബാല്യമാണ് വേണുവിനെ ഹിന്ദി പാട്ടുകളുടെ ആരാധകനാക്കിയത്. ചെറുപ്പം മുതലേ എല്ലാ പാട്ടുകാരുടെയും പാട്ടുകൾ പാടും. ഓരോ ഗായകരുടെയും ആലാപന ശൈലി മനസ്സിലാക്കി, സ്വന്തം ശബ്ദത്തിലേക്ക് സമർത്ഥമായി അത് ആവാഹിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തതും അക്കാലത്തു തന്നെ. റഫിയുടെ ‘മൻരേ തു കാഹേ നാ ധീർ ഡരേ' പാടുമ്പോൾ റഫിയായി മാറും വേണു. മന്നാഡേയുടെ ‘കോൻ ആയാ മേരെ മൻ കേ ദ്വാരേ' പാടുമ്പോൾ മന്നാഡെ ആകും; കിഷോറിന്റെ ‘ജീവൻ സേ ഭരീ തേരി ആംഖേം' പാടുമ്പോൾ കിഷോറും. കഷ്ടിച്ച് രണ്ടു പാട്ടേ സിനിമയിൽ പാടിയിട്ടുള്ളൂ വേണു. രണ്ടും ബാബുരാജിന്റെ ഈണത്തിൽ. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ ആയി മാറിയ കുളത്തൂപ്പുഴ രവിക്കൊപ്പം ലേഡീസ് ഹോസ്റ്റലിൽ പാടിയ 'പ്രിയതമേ നിൻ പ്രേമാമൃതം' എന്ന ഹാസ്യഗാനം ഓർമ്മിക്കുന്നുണ്ടാകും ചിലരെങ്കിലും.

എ.കെ. സുകുമാരൻ എന്ന സുകുവേട്ടനെ ആദ്യം കണ്ടത് മുല്ലശ്ശേരിയിൽ വെച്ചാണ്. ഇസ്തിരി ചുളിയാത്ത മുഴുക്കയ്യൻ ഷർട്ടും പാന്റ്‌സുമിട്ട് കയ്യിലൊരു സൂട്ട് കേസുമായി പുഞ്ചിരിയോടെ പടികടന്നു വരുന്നയാളെ ചൂണ്ടി ഗൃഹനാഥനായ മുല്ലശ്ശേരി രാജഗോപാൽ പറയുന്നു: 'അറിയില്ലേ, മ്മടെ മണിമുകിലാണ്....' മണി എന്ന് കേട്ടിട്ടുണ്ട്. പക്ഷേ മണിമുകിൽ? ആദ്യം കേൾക്കുകയായിരുന്നു അങ്ങനെയൊരു പേര്. രാജുമ്മാമയുടെ മറ്റൊരു തമാശ എന്നേ കരുതിയുള്ളൂ. അങ്ങനെയല്ലെന്നറിഞ്ഞത് വന്നയാളുടെ ഗൗരവത്തിലുള്ള പ്രതികരണം കേട്ടപ്പോഴാണ്: 'സംശയിക്കണ്ട; മണിമുകിൽ തന്നെ. ചിലരൊക്കെ സുകുമാരൻ എന്നും വിളിക്കും. എ.കെ. സുകുമാരൻ..'

ആറുകണ്ടത്തിൽ കിഴക്കുമ്പാടം സുകുമാരൻ എന്ന എ.കെ. സുകുമാരൻ. ആ പേരിനൊപ്പം പൊടുന്നനെ ഒരു പാട്ടിന്റെ ശീലുകൾ ഓർമ്മയിൽ വന്നു നിറയുന്നു: 'മണിമുകിലേ മണിമുകിലേ മാനം മീതെയിതാരുടെ പൊന്നും തോണിയിലേറി പോണൂ..' ഞായറാഴ്ച്ച ഉച്ചനേരത്തെ ചലച്ചിത്ര ഗാനപരിപാടി കേൾക്കാൻ ഫിലിപ്‌സ് റേഡിയോക്ക് മുന്നിൽ തപസ്സിരുന്ന സ്‌കൂൾ കുട്ടിയുടെ കാതിലേക്ക് ചീനച്ചട്ടിയിൽ കടുക് വറുത്തിടുന്ന ശബ്ദശകലങ്ങളുടെ അകമ്പടിയോടെ ഒരുനാൾ ഒഴുകിയെത്തിയ പാട്ട്. 'കടത്തുകാരൻ' (1965) എന്ന സിനിമയിൽ വയലാർ -- ബാബുരാജ് കൂട്ടുകെട്ടിന് വേണ്ടി എസ്. ജാനകിയും സുകുമാരനും ചേർന്ന് പാടിയത്. 'മ്മക്ക് ഒരു ജീവിതം തന്ന പാട്ടല്ലേ? അപ്പൊ ആ പാട്ടിന്റെ പേരിൽ അറിയപ്പെടുന്നതിൽ ഒരു കുറച്ചിലും ഇല്ല. മണിമുകിൽ സുകുമാരൻ എന്ന് പറഞ്ഞാലേ പലർക്കും അറിയൂ...' ആത്മാർത്ഥതയുടെ തെളിച്ചമുള്ള വാക്കുകൾ. കണ്ണൂർക്കാരനെങ്കിലും സുകുമാരനെ ഹൃദയത്തോട് ചേർത്തുനിർത്തിയത് കോഴിക്കോടാണ്.

മച്ചാട്ട് വാസന്തിയെ ആദ്യം കണ്ടത്, കേട്ടതും ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ്. വയനാട്ടിലെ ചുണ്ടയിലുള്ള ഞങ്ങളുടെ ആർസി സ്‌കൂളിൽ നെല്ലിക്കോട് ഭാസ്‌കരന്റെ നാടക സംഘത്തോടൊപ്പം എത്തിയതായിരുന്നു വാസന്തി. നാടകം കഴിഞ്ഞു ഗാനമേളയുമുണ്ട്. വയനാട്ടിൽ അന്ന് നാടകവും പാട്ടു പരിപാടികളുമൊക്കെ ചുരംകയറി വരുന്നത് അത്യപൂർവമായി മാത്രം. വല്യമ്മയോടൊപ്പമാണ് പരിപാടികൾ കാണാൻ ചെന്നത്. തിക്കോടിയൻ എഴുതിയ പരകായപ്രവേശം എന്ന നാടകമായിരുന്നു മുഖ്യ ഇനം. പിന്നാലെ 'പ്ലേബേക്ക് സിംഗർ' കോഴിക്കോട് അബ്ദുൾഖാദറും മകൻ നജ്മൽ ബാബുവും മച്ചാട്ട് വാസന്തിയും അണിനിരക്കുന്ന ഗാനമേള.

'പാടാനോർത്തൊരു മധുരിത ഗാനം', 'എങ്ങനെ നീ മറക്കും' എന്നീ പ്രശസ്ത ഗാനങ്ങൾ പ്രായാധിക്യത്തിന്റെ അവശത പോലും മറന്നു പാടിക്കൊണ്ട് അബ്ദുൾഖാദർ പരിപാടിക്ക് തുടക്കം കുറിക്കുന്നു. പിന്നാലെ 'ബോബി'യിലെ 'മേ ശായർ തോ നഹി' എന്ന ഹിറ്റ് ഗാനവുമായി ബാബു. അതും കഴിഞ്ഞായിരുന്നു വാസന്തിയുടെ വരവ്. മെലിഞ്ഞു കൊലുന്നനെയുള്ള ആ രൂപം മങ്ങിയ ഓർമ്മയായി മനസ്സിലുണ്ട്. ആദ്യം പാടിയത് 'രാഗിണി'യിൽ ആശ ഭോസ്ലെ അനശ്വരമാക്കിയ 'ഛോട്ടാ സാ ബാലമാ'. പിന്നെ അനാർക്കലിയിലെ 'മൊഹബത്ത് ഐസി ധഡ്കൻ ഹേ' എന്ന ലത മങ്കേഷ്‌കർ ക്ലാസ്സിക്. അതിനു ശേഷമാണ് ബാബുവിനൊപ്പം തന്റെ സൂപ്പർ ഹിറ്റ് ഗാനം പാടി വാസന്തി സദസ്സിനെ കയ്യിലെടുത്തത്: 'മണിമാരൻ തന്നത് പണമല്ല പൊന്നല്ല, മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം..' ഭാസ്‌കരൻ മാഷും ബാബുരാജൂം 'ഓളവും തീരവും' എന്ന പടത്തിനു വേണ്ടി സൃഷ്ടിച്ച പാട്ട്. കൂടെ പാടിയത് സാക്ഷാൽ ഗാനഗന്ധർവൻ.  മച്ചാട്ട് വാസന്തി. ആ പേര് ആദ്യമായി കേട്ടതും മനസ്സിൽ പതിഞ്ഞതും അന്നാണ്. 'മണിമാരൻ' അതിനും മുൻപേ ചുണ്ടിൽ ഇടം നേടിയിരുന്നെങ്കിലും.

വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മുല്ലശ്ശേരിയിലെ രാജുവേട്ടന്റെ 'ദർബാറി'ൽ വെച്ച് നേരിൽ കണ്ടു വാസന്തിയെ. പഴയ ഏഴാം ക്ലാസുകാരനായി മാറി വയനാടൻ ഓർമ്മകളിലേക്ക് തിരികെ നടന്നപ്പോൾ വാസന്തിക്ക് സന്തോഷം. ഇത്ര കാലം കഴിഞ്ഞിട്ടും ആ ഗാനങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടല്ലോ അന്നത്തെ സ്‌കൂൾ കുട്ടി. മുല്ലശ്ശേരിയിലെ രാജുവേട്ടന്റെ കട്ടിലിനരികെയിരുന്ന് എനിക്കു വേണ്ടി 'അനാർക്കലി'യിലെ പാട്ട് ഒരിക്കൽ കൂടി പാടി അന്ന് വാസന്തി; ബാബുക്ക ഏറ്റവുമധികം തന്നെക്കൊണ്ട് പാടിച്ചിട്ടുള്ള പാട്ട് എന്ന ആമുഖത്തോടെ.

മൂന്ന് പേരും പിന്നീട് എന്റെ ജീവിതത്തിന്റെ ഭാഗമായി. നഗരജീവിതത്തിന്റെ തിരക്കിലും ബഹളത്തിലും ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴെല്ലാം അവരെ തേടിച്ചെന്നിട്ടുണ്ട്. ഹൃദയത്തിൽനിന്ന് ഒഴുകിവരുന്ന പാട്ടുകളുമായി രാവെന്നോ പകലെന്നോ ഭേദമില്ലാതെ എന്നെ വരവേറ്റു അവർ. എനിക്ക് വേണ്ടി പാടി; പ്രായാധിക്യവും അനാരോഗ്യവുമൊന്നും വകവെക്കാതെ.

മൂന്ന് പേരും ഇന്നില്ല എന്നത് വേദനിപ്പിക്കുന്ന സത്യം. കോഴിക്കോട്ട് ചെന്നിറങ്ങുമ്പോഴെല്ലാം ആ ശബ്ദങ്ങൾക്കായി കാതോർക്കാറുണ്ട്. നിരാശപ്പെടേണ്ടി വരാറില്ല, അന്തരീക്ഷത്തിൽ അവരുണ്ടല്ലോ ഇപ്പോഴും; അവരുടെ പാട്ടുകളും.