'എ.ഐ. ഉപയോഗിച്ച് തനതായ സംഗീതത്തെ പുനർനിർമിക്കാം, സൃഷ്ടിച്ചെടുക്കാം. പക്ഷേ, തത്സമയം വാദ്യങ്ങൾ ഉപയോഗിക്കുന്ന രീതിയും ഒരു കൂട്ടം സംഗീതജ്ഞരെ നിയന്ത്രിക്കുന്ന (പ്രോഗ്രാം കണ്ടക്ടർ) ജോലിയും, എ.ഐ.യ്ക്ക് കഴിയില്ല'.

To advertise here,

ലോകപ്രശസ്ത വയലിനിസ്റ്റും പ്രോഗ്രാം കണ്ടക്ടറുമായ ഖസാകിസ്ഥാൻ സ്വദേശി മറാത്ത് ബിസെൻഗലീവ് 'മാതൃഭൂമി'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്

ലൈവ് പെർഫോമൻസുകൾ ചെയ്യാൻ എ.ഐ.യ്ക്ക് കഴിയില്ല

സംഗീതത്തിനാവശ്യമായ റെക്കോർഡിങ് സാമ്പിളുകൾ ഉപയോഗിച്ച് കൃത്യമായ ശബ്ദം ഉണ്ടാക്കാൻ എ.ഐ. ടൂളിന് കഴിയും. ഇത്തരത്തിൽ നിർമിച്ച സംഗീത ശകലം പ്രോഗ്രാമുകളിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, ലൈവ് പെർഫോമൻസുകളിൽ വാദ്യോപകരണങ്ങളും, ഗായകരുടെ ശബ്ദവും ചേർത്തുണ്ടാക്കുന്ന ജീവസ്സുറ്റ സംഗീതത്തിന് പകരമാകാൻ എ.ഐ.യ്ക്ക് കഴിയില്ല.

ഇന്ത്യയിലെ വെസ്റ്റേൺ ഓർക്കസ്ട്രയുടെ തുടക്കം

2006-ലാണ് ഞാൻ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വെസ്റ്റേൺ ഓർക്കസ്ട്ര ആരംഭിച്ചത്. 20 വർഷം മുൻപ് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, ബാംഗ്ലൂർ, ചെന്നൈ എന്നിവടങ്ങളിൽ നിരവധി വെസ്റ്റേൺ ഓർക്കസ്ട്രകൾ ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ അത് സംഭവിക്കാത്തതിൽ അത്ഭുതമുണ്ട്. കർണാടക സംഗീത പാരമ്പര്യമുള്ള കൊച്ചി പോലുള്ള നഗരങ്ങളിലെ പുതിയ തലമുറ വെസ്റ്റേൺ ക്ലാസിക്കൽ സംഗീതത്തെ സ്വീകരിക്കുമെന്നാണ് തോന്നുന്നത്.

കൂടുതൽ താത്പര്യം ക്ലാസിക്കൽ സംഗീതത്തോട്

ഹെവി മെറ്റൽ സംഗീതം ആസ്വദിക്കാറുണ്ടെങ്കിലും, പലപ്പോഴും ഇത്തരം സംഗീതം മനുഷ്യനെ അസ്വസ്ഥനാക്കാൻ സാധ്യതയുള്ളതാണ്. നല്ല ക്ലാസിക്കൽ സംഗീതം മനസ്സിനും ശരീരത്തിനും ശരിയായ ശബ്ദ തരംഗങ്ങളും ആശ്വാസവും നൽകുന്നതാണ്.

കൊച്ചിയിലെ സംഗീതജ്ഞരുടെ സാന്നിധ്യവും 'സിംഫണി ഓർക്കസ്ട്രയും'

സിംഫണി ഓർക്കസ്ട്രയുടെ സ്ഥാപകാംഗവും കൊച്ചി സ്വദേശിയുമായ വയലിനിസ്റ്റ് കാരോൾ ജോർജ് എന്റെ വിദ്യാലയത്തിലാണ് പഠിച്ചത്, അദ്ദേഹം മികച്ച ശിഷ്യന്മാരെ വളർത്തിയെടുക്കുന്നുണ്ട്. കൊച്ചിയിൽ നിരവധി മികച്ച സംഗീതജ്ഞരുള്ളതിനാൽ ഇവിടെ ഒരു സിംഫണി ഓർക്കസ്ട്ര ഉണ്ടാകേണ്ടത് സ്വാഭാവികമാണ്.

സിംഫണിയിൽ പ്രായമില്ല

സിംഫണി ഓർക്കസ്ട്രയിൽ ഏഴുവയസ്സുള്ള കുട്ടികൾ മുതൽ പ്രായപൂർത്തിയായവർ വരെ ഒരുമിച്ച് പങ്കെടുക്കുന്നുണ്ട്. ഇതിലൂടെ എല്ലാവരും സിംഫണി ഓർക്കസ്ട്രയിലെ പൂർണ്ണ അംഗങ്ങളായി മാറും. സിംഫണിയിലെ വിവിധ വാദ്യോപകരണങ്ങളായ ഒബോ, ബസൂൺ തുടങ്ങിയ സങ്കീർണ്ണമായ ഉപകരണങ്ങൾ വായിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രായഭേദമന്യേ പങ്കാളികളാകാറുണ്ട്.

സംഗീത വിദ്യാഭ്യാസവും, പുതിയ തലമുറയ്ക്കുള്ള സന്ദേശവും

എന്റെ ജന്മദേശമായ കസാക്കിസ്ഥാനിൽ പഴയ സോവിയറ്റ് യൂണിയൻ മാതൃകയിലുള്ള പ്രത്യേക സംഗീത സ്‌കൂളുകളാണുള്ളത്. അവിടെ ജനറൽ അക്കാദമിക് പഠനത്തോടൊപ്പം സംഗീതത്തിനും പ്രാധാന്യം നൽകുന്നുണ്ട്. സംഗീതത്തോട് താല്പര്യമുള്ള കുട്ടികൾ അതിനെ ഒരു ജോലി സാധ്യത കൂടിയായി അഭിമുഖീകരിക്കണം. കൃത്യമായ പരിശീലനവും താത്പര്യവും പ്രധാനം.