
കാറ്റും വെളിച്ചവും കടക്കുന്ന, എവിടെ ഇരുന്നാലും പാടാൻ തോന്നുന്ന മൺവീട്. സ്വന്തമായൊരു വീട് നിർമിക്കാൻ തീരുമാനിച്ചപ്പോൾ കർണാടക സംഗീതജ്ഞരായ വിഷ്ണുദേവിന്റെയും ലക്ഷ്മി വിജയരാഘവന്റെയും മനസ്സിൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അങ്കമാലി മൂക്കന്നൂരിലെ നിസർഗ ആർട്ട് ഹബ്ബ് ഇന്ന്, ലോകത്തിൽ മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള അപൂർവ സംഗീതാനുഭവം സമ്മാനിക്കുന്ന ഇടമാണ്. ഇവിടെ സെപ്റ്റംബർ ആറിന് മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ പാടുന്നു. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ, നിസർഗ ആർട്ട് ഹബ്ബിന്റെ ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ട് നിങ്ങൾക്കും പങ്കാളികളാവാം.
പുരപ്പുറത്തെ സദസ്സ്
അങ്കമാലി മൂക്കന്നൂരിലാണ് നിസർഗ ആർട്ട് ഹബ്ബ്. ആർക്കിടെക്റ്റ് വിനു ഡാനിയൽ ആണ് ശിൽപി. 2,557 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, മൂന്നുകിടപ്പുമുറിയോടുകൂടിയ വീടിനെ, നാലുപേരടങ്ങിയ കുടുംബത്തിന്റെ സ്വകാര്യവസതി എന്നതിൽനിന്ന് വ്യത്യസ്തമാക്കുന്നത് മറ്റു ചില കാര്യങ്ങളാണ്.
ആംഫി തിയേറ്റർ മാതൃകയിലാണ് വീടിന്റെ മേൽക്കൂര നിർമിച്ചിരിക്കുന്നത്. പരമ്പരാഗത കേരളീയ ശൈലിയിൽ മംഗലാപുരം ഓടുകൾ മേഞ്ഞതാണ് നിസർഗയുടെ മേൽക്കൂര. ഇതിനിടയിൽ ഓടുകൾക്ക് പകരം ടഫൻഡ് ഗ്ലാസ് ഉപയോഗിച്ച് ഇരിപ്പിട സൗകര്യമൊരുക്കിയിരിക്കുന്നു. ഇവിടെ ഇരുന്നുകൊണ്ട് താഴെ നടക്കുന്ന പരിപാടികൾ ആസ്വദിക്കാം. 80 പേരെ വരെ ആംഫി തിയേറ്റർ മാതൃകയിലുള്ള സദസ്സിന് ഉൾക്കൊള്ളാൻ കഴിയും.
മേൽക്കൂരയുടെ തൊട്ടുതാഴെ സ്വിമ്മിങ് പൂൾ നിർമിച്ചിരിക്കുന്നു. അതിന് മുകളിലാണ് താത്കാലിക സ്റ്റേജ്. ആവശ്യമുള്ളപ്പോൾ മാത്രം സ്ഥാപിക്കാവുന്നതും പിന്നീട് അഴിച്ചുമാറ്റാൻ കഴിയുന്ന തരത്തിലാണ് വേദി. പ്ലാങ്കുകൾ ഉപയോഗിച്ചാണ് വേദി നിർമിക്കുക. പൂളിന് മുകളിലെ സ്റ്റേജിൽ കലാകാരന്മാർ അവതരിപ്പിക്കുമ്പോൾ, കാണികൾക്ക് മേൽക്കൂരയിലിരുന്ന് താഴേക്ക് നോക്കി പരിപാടി ആസ്വദിക്കാം.
പരിപാടികൾ വെളുത്തവാവ് രാത്രികളിൽ നടത്താനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഉടമകൾ കർണാടക സംഗീതജ്ഞരെങ്കിലും എല്ലാതരം കലയേയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നിസർഗയിൽ പരിപാടികൾ പതിവായി നടന്നുവരാറുണ്ട്. കേരളത്തിന് അകത്തും പുറത്തുംനിന്ന് കലാകാരന്മാരും ആസ്വാദകരും ഇവിടെയെത്തുന്നു. പരിപാടികൾക്ക് എത്തുന്നവർക്ക് താമസിക്കാൻ നിസർഗയിൽ തന്നെ സൗകര്യമൊരുക്കാറുണ്ട്.
2020-ലാണ് വീടിന് തറക്കല്ലിട്ടത്. 2021-ൽ പൂർണ്ണതോതിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 2023 സെപ്റ്റംബറോടെ പണിപൂർത്തിയായി. ഗൃഹപ്രവേശച്ചടങ്ങിന് പകരം നടത്തിയത് സംഗീത പരിപാടി.
പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെപ്പേർ ഇവിടെ സംഗീത പരിപാടികൾ ആസ്വദിക്കാനും അവതരിപ്പിക്കാനും എത്തിയിട്ടുണ്ട്. കർണാടക സംഗീതജ്ഞൻ ടി.എൻ. കൃഷ്ണ, ഹരീഷ് ശിവരാമകൃഷ്ണൻ, സംഗീതസംവിധായകൻ ബിജിപാൽ, ഗായിക ശക്തിശ്രീ ഗോപാലൻ ഉൾപ്പെടെ ഇവരിൽ ചിലർ.
ലാഭേച്ഛയില്ലാതെ ക്രൗഡ് ഫണ്ടിങ് രീതിയിലാണ് ഇവിടം പ്രവർത്തിക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നവർ നൽകുന്ന സംഭാവനകളാണ് നിസർഗയെ നിലനിർത്തിക്കൊണ്ടുപോവുന്ന വരുമാനമാർഗം.
നിസർഗയിൽ ജ്യോത്സ്ന
പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത പരിപാടി സെപ്റ്റംബർ ആറ് ഞായറാഴ്ച നിസർഗയിൽ നടക്കും. കീബോർഡിൽ പ്രണവ് മേനോനും ഗിറ്റാറിൽ ജോബിൻ ജോർജും ജ്യോത്സ്നയ്ക്കൊപ്പം ചേരും. ജ്യോത്സ്ന പാടിയ ഒറിജിനലുകളും അവർക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളും പഴയകാല നോസ്റ്റാൾജിക് ഹിറ്റുകളും ജ്യോത്സ്ന പാടും. കാണികളിൽ നിന്നുള്ള അഭ്യർഥന അനുസരിച്ചുള്ള പാട്ടുകളും അവർ പാടിയേക്കും.
നിസർഗ ആർട്ട് ഹബ്ബിന്റെ ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പിക്കാം. നിശ്ചിത തുക സംഭാവനയായി നൽകി, കലയിലും സംഗീതത്തിലും താത്പര്യമുള്ള ആർക്കും പരിപാടിയുടെ ഭാഗമാവാം.
Content Highlights: Musicians Vishnudev and Lakshmi Vijayaraghavan collaborated with renowned architect Vinu Daniel to create 'Nisarga Art Hub' in Mookkannoor, Angamaly. The unique 2,557 sq. ft. mud-built residence features an amphitheater-style roof with Mangalore tiles and toughened glass, accommodating up to 80 audience members. It features a temporary wooden stage built directly over a swimming pool located just beneath the roof seating area. Operating on a non-profit crowdfunding model, Nisarga regularly hosts various artists and cultural enthusiasts from across the country. Renowned playback singer Jyotsna Radhakrishnan is set to perform a special live musical show at Nisarga on Sunday, September 6.
Published: 01 Sept 2026, 04:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented