രണ്ട് തലമുറകളുടെ മാത്രമല്ല രണ്ടു ഹൃദയങ്ങളുടെ കൂടി സംഗമവേദിയായിരുന്നു 'കാവേരി' ; സംഗീതത്തിന്റെ പൊൻനൂലിനാൽ കോർത്തിണക്കപ്പെട്ട രണ്ടു ഹൃദയങ്ങളുടെ സംഗമം. ചില്ലറക്കാരല്ല ആ ഹൃദയങ്ങളുടെ ഉടമകൾ; സംഗീത സവ്യസാചിയായ വി ദക്ഷിണാമൂർത്തിയും ഇശൈജ്ഞാനി ഇളയരാജയും. രാജീവ് നാഥിന്റെ സംവിധാനത്തിൽ നാല് പതിറ്റാണ്ടു മുൻപ് പുറത്തുവന്ന 'കാവേരി'യിൽ ഈ രണ്ടു മഹാപ്രതിഭകളായിരുന്നു 'സംയുക്ത' സംഗീത സംവിധായകർ. ഡോ എം ബാലമുരളീകൃഷ്ണ എന്ന ഇതിഹാസതുല്യനായ സംഗീതജ്ഞൻ കൂടി ചേർന്നതോടെ അതൊരു ത്രിവേണീ സംഗമമാകുന്നു. പകരം വെക്കാനില്ലാത്ത ഒന്ന്. അപൂർവമായ ആ പ്രതിഭാസംഗമത്തിന് നിമിത്തമാകാൻ കഴിഞ്ഞത് സിനിമാജീവിതം കനിഞ്ഞുനല്കിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നുവെന്ന് രാജീവ് നാഥ്.

To advertise here,

ഏറെ പ്രിയപ്പെട്ട 'നീലലോഹിത ഹിതകാരിണി ഭവാനി ശക്തി ഭാമിനീ നിഖിലനിവേശിനി പ്രാണ ധാരിണീ' എന്ന ഗാനത്തിന് പിറകെയുള്ള യാത്രയാണ് 'കാവേരി'യിലും രാജീവ് നാഥിലും എത്തിച്ചേർന്നത്. ആദ്യകേൾവിയിലേ മനസ്സിനെ തൊട്ട പാട്ട്. കാവാലത്തിന്റെ രചന. പാടിയത് സാക്ഷാൽ ബാലമുരളീകൃഷ്ണ. അമൃതവർഷിണി രാഗസ്പർശമുള്ള ആ ഗാനത്തിന്റെ പിറവിയിൽ സ്വാമിയുടേയും ഇളയരാജയുടേയും റോളുകൾ എന്തായിരുന്നു എന്നറിയാൻ കൗതുകം തോന്നി. 'ആ ഗാനം മാത്രമല്ല കാവേരിയിലെ എല്ലാ പാട്ടുകളും സ്വരപ്പെടുത്തിയത് സ്വാമിയാണ്. അവയ്ക്ക് പൂർണ്ണമായി വാദ്യവിന്യാസം നിർവഹിച്ചത് ഇളയരാജയും.'പ്രസാദ് സ്റ്റുഡിയോയിൽ രണ്ടു മഹാരഥന്മാരുടേയും കരസ്പർശമേറ്റ് ആ ഗാന പുഷ്പങ്ങൾ വിടരുന്നതിന് സാക്ഷിയാകാൻ ഭാഗ്യമുണ്ടായ രാജീവ് നാഥിന്റെ ഓർമ്മ. സിനിമയുടെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചതും ഇശൈജ്ഞാനി തന്നെ.

'കാവേരി'യിലെ ഗാനസൃഷ്ടിക്കായി ക്ഷണിക്കപ്പെടുമ്പോൾ സിനിമയിൽ പഴയപോലെ സജീവമല്ല ദക്ഷിണാമൂർത്തി. സ്വാമിയുടെ തന്നെ ഭാഷയിൽ സ്വയം തിരഞ്ഞെടുത്ത ഒരു ഒരു ഉൾവലിയൽ. ഭക്തിയുടെ ഏകാന്തലോകത്തായിരുന്നു അന്നദ്ദേഹം. തന്നിലെ സംഗീത സംവിധായകനെ തെല്ലും പ്രചോദിപ്പിക്കാത്ത സിനിമകൾ ചെയ്ത് മടുത്തിരിക്കണം സ്വാമിക്ക്. എന്നാൽ സംഗീത പ്രധാനമായ 'കാവേരി'യുടെ ആശയം വിവരിച്ചു കേട്ടപ്പോൾ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ തയ്യാറാകുന്നു സ്വാമി; ഒരൊറ്റ ഉപാധിയിൽ: ഗാനസൃഷ്ടിയിൽ ഇളയരാജ കൂടി ഉണ്ടാവണം തനിക്കൊപ്പം.

സ്വാമിയുടെ ഉപാധി സ്വീകരിക്കാൻ സന്തോഷം മാത്രം സംവിധായകന്. അപൂർവങ്ങളിൽ അപൂർവമാണല്ലോ ആ കൂടിച്ചേരൽ. എന്നാൽ ഒരു പ്രശ്‌നമുണ്ട്. നിന്നു തിരിയാൻ പറ്റാത്തത്ര തിരക്കാണ് ഇളയരാജക്ക്. കൈനിറയെ പടങ്ങൾ. അതിനിടെ ഈ കൊച്ചു മലയാള പടത്തിൽ സഹകരിക്കാൻ അദ്ദേഹം തയ്യാറാകുമോ? എന്നാൽ രാജയുടെ പ്രതികരണം അത്ഭുതകരമായിരുന്നു. 'സ്വാമിയുടെ കൂടെയാണ് ജോലി ചെയ്യേണ്ടത് എന്നറിഞ്ഞപ്പോൾ നിസ്സംശയം ആ ക്ഷണം സ്വീകരിച്ചു അദ്ദേഹം.'രാജീവ് നാഥ് ഓർക്കുന്നു. ദക്ഷിണാമൂർത്തി സ്വാമിയെ ഗുരുതുല്യനായി കണക്കാക്കുന്നയാളാണ് രാജ.

എന്നെങ്കിലുമൊരിക്കൽ സംഗീത സംവിധാനത്തിൽ സ്വാമിയുമായി സഹകരിക്കണമെന്ന് രാജാ സാർ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് കൂട്ടിച്ചേർക്കുന്നു, സിനിമയുടെ നിർമ്മാതാവ് കൂടിയായ ഗായിക ഈശ്വരി പണിക്കർ. ഈശ്വരിയുടെ മാതാപിതാക്കളാണ് വിദ്യാർത്ഥിനിയായ മകളുടെ പേരിൽ 'കാവേരി'യുടെ നിർമ്മാണം നിർവഹിച്ചത്. ദക്ഷിണാമൂർത്തി സ്വാമിയുടെ വത്സല ശിഷ്യയായിരുന്നു അക്കാലത്ത് ഈശ്വരി പണിക്കർ. 'തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിൽ താമസിച്ചാണ് സ്വാമി പാട്ടു പഠിപ്പിച്ചിരുന്നത്.'ഈശ്വരി ഓർക്കുന്നു. 'കാവേരിയിലെ പാട്ടുകൾ പഠിപ്പിച്ചതും അവിടെ വെച്ചുതന്നെ. റെക്കോർഡ് ചെയ്തത് മദ്രാസിൽ വെച്ചും.'

ഈശ്വരി പണിക്കർക്കൊപ്പം ബാലമുരളീകൃഷ്ണ പാടിയ രണ്ട് യുഗ്മഗാനങ്ങളുണ്ടായിരുന്നു കാവേരിയിൽ: ജന്മങ്ങൾ വരം തരും, ഒരു വീണ തൻ ഓംകാര നാദത്തിൽ. നീലലോഹിത ഹിതകാരിണി, സ്വർണസന്ധ്യാ വനഭൂമി എന്നീ സോളോകൾക്ക് ബാലമുരളി ശബ്ദം നൽകി. സിനിമക്ക് വേണ്ടി എഴുതപ്പെട്ടതല്ല നീലലോഹിത ഹിതകാരിണി എന്ന പ്രത്യേകതയുണ്ട്. ' അതിനും വർഷങ്ങൾ മുൻപ് മൂകാംബികാ സന്ദർശനത്തിനിടെ ഒരിക്കൽ ദേവീ സന്നിധിയിൽ വെച്ച് അച്ഛൻ എഴുതിയ പാട്ടാണത്. ഞാനുമുണ്ടായിരുന്നു അന്ന് ഒപ്പം.'കാവാലം ശ്രീകുമാറിന്റെ ഓർമ്മ. ഏതോ ഒരു ഉൾവിളിയാലെന്ന വണ്ണം നിമിഷങ്ങൾക്കകം കാവാലം രചിച്ച ദേവീ സ്തുതികൾ. അവയിൽ നീലലോഹിത ഹിതകാരിണി എന്ന ഗാനത്തോട് പ്രത്യേകിച്ചൊരു മമത തോന്നി കൗമാരക്കാരനായ ശ്രീകുമാറിന്. സംഗീത പരിപാടികളിൽ ഈ ഗാനം സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു തുടങ്ങിയത് അങ്ങനെയാണ്. ആഹിർഭൈരവി രാഗ സ്പർശം നൽകിയാണ് ഗാനം ആലപിച്ചിരുന്നത് എന്നോർക്കുന്നു ശ്രീകുമാർ. പിൽക്കാലത്ത് 'കാവേരി' സിനിമയിൽ ഉൾപ്പെടുത്തിയപ്പോൾ അതേ ഗാനത്തിന് വ്യത്യസ്തമായ ഒരീണം നൽകി സ്വാമി.

സിനിമയിൽ വന്നപ്പോൾ പാട്ടിന്റെ വരികളിലും ചില്ലറ മാറ്റങ്ങൾ വന്നു. കാവാലം ആദ്യമെഴുതിയ ചരണം ഇങ്ങനെ: 'അനുരാഗധാരാ പരിസരണം ആനന്ദ പരിചലനം, അമൃതബിന്ദു നീ ശ്രീലരൂപിണി, അഗണിത ഗുണനിലയം അഭയവരദ കലയം...' അമൃതവർഷിണിയിൽ സ്വാമി അത് സ്വരപ്പെടുത്തിയപ്പോൾ അമൃത ബിന്ദു അമൃതവർഷിണിയായി. രണ്ട് ഈണങ്ങളും ഒരു പോലെ ഹൃദ്യം. ആഹിർഭൈരവിയുടെ ആർദ്രത മുഴുവൻ ഒപ്പിയെടുത്താണ് ശ്രീകുമാറിന്റെ ആലാപനം. യൂട്യൂബിൽ കേൾക്കാം ആ വേർഷൻ.

സംസ്ഥാന ബഹുമതികൾ വാരിക്കൂട്ടിയ 'തണൽ' (1976) എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ രാജീവ് നാഥിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു കാവേരി. സംവിധായകന്റെ കഥക്ക് തിരനാടകവും സംഭാഷണവും ഒരുക്കിയത് നെടുമുടി വേണു. വേണുവിന് പുറമെ മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിച്ച 'കാവേരി' ഇന്ന് കൂടുതൽ ഓർക്കപ്പെടുന്നത് നായിക സിതാരയുടെ അരങ്ങേറ്റ ചിത്രം എന്ന പേരിലാവും. 'നീലലോഹിത ഹിതകാരിണി' എന്ന മനോഹര ഗാനത്തിനൊപ്പം മനസ്സിൽ തെളിയുന്നതും സിതാരയുടെ നിഷ്‌കളങ്ക മുഖം തന്നെ.