അതുവരെ വെള്ളിത്തിരയിൽ കണ്ടിട്ടില്ല അത്രയും വികാരതരളിതമായ ഒരു പ്രണയരംഗം.

ആരെയെങ്കിലും ഒന്ന് പ്രണയിച്ചാൽ കൊള്ളാമെന്ന് തോന്നിത്തുടങ്ങിയത് ‘ചട്ടക്കാരി’യിലെ ഗാനരംഗം കണ്ട ശേഷമാണ്. കാമുകിയെ മാറോടണച്ച് ആ കണ്ണുകളിൽ ഉറ്റുനോക്കി പ്രണയപൂർവം മന്ത്രിക്കുന്നു മോഹൻ ശർമ്മയുടെ കാമുകൻ: ‘ഓ മൈ ജൂലീ ജൂലീ, നിന്റെ സ്വപ്നത്തിൽ കൂടിനെത്ര വാതിൽ ?’ വികാരപാരവശ്യത്തോടെ കാമുകിയായ ലക്ഷ്മിയുടെ മറുപടി: ‘ഒരേ... ഒരേ... ഒരു വാതിൽ.’ തീർന്നില്ല. ‘ആ കിളിവാതിലിൽ ഇപ്പോൾ പടരുന്നത് ഏത് വള്ളി’ എന്നറിയണം കാമുകന്. ‘ഇക്കിളിവള്ളി’ എന്ന് കാമുകി. ‘അതിന്റെ ചില്ലയിലിപ്പോൾ പൂത്തതെന്തൊരു പൂ’ എന്ന് വീണ്ടും കാമുകൻ. ‘പനിനീർപ്പൂ’ എന്ന് കാമുകി.
സ്ഥലകാലബോധം പോലും മറന്ന് ‘ചട്ടക്കാരി’യിലെ ശശിയും ജൂലിയുമായി പകർന്നാടുകയാണ് മോഹനും ലക്ഷ്മിയും. അതുവരെ വെള്ളിത്തിരയിൽ കണ്ടിട്ടില്ല അത്രയും വികാരതരളിതമായ ഒരു പ്രണയരംഗം. അഭിനയത്തിൽ മാത്രമല്ല വയലാർ രാമവർമ്മയുടെ വരികളിലും ദേവരാജന്റെ ഈണത്തിലും യേശുദാസ്- മാധുരിമാരുടെ ആലാപനത്തിലും ബാലു മഹേന്ദ്രയുടെ ഫ്രെയിമുകളിലുമെല്ലാം നിറഞ്ഞുതുളുമ്പുന്നു പ്രണയം; അതോ കാമമോ?
കൗമാരത്തിലെ ഇഷ്ടനായകനെ വർഷങ്ങൾക്കിപ്പുറം ഒരഭിമുഖത്തിനായി നേരിൽ കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല: ‘ശരിക്കും പ്രണയത്തിലായിരുന്നോ നിങ്ങൾ?’. പൊട്ടിച്ചിരിച്ചു മോഹൻ ശർമ്മ. ‘തെറ്റിദ്ധാരണയാണത്. പലരും കരുതും പോലെ അന്ന് ഞങ്ങൾ പ്രണയത്തിലല്ല. അത് തുടങ്ങിയത് ഒരു വർഷം കൂടി കഴിഞ്ഞാണ്. ചട്ടക്കാരി പ്ലാൻ ചെയ്യുമ്പോഴേ ഞാനും ലക്ഷ്മിയും തീരുമാനിച്ചിരുന്നു സാധാരണ മരം ചുറ്റി പ്രേമം വേണ്ടെന്ന്. അങ്ങേയറ്റം സ്വാഭാവികതയോടെ പ്രണയരംഗങ്ങൾ കൈകാര്യം ചെയ്യാനുള്ള ഞങ്ങളുടെ തീരുമാനം സംവിധായകൻ സേതുമാധവൻ സാർ സ്വാഗതം ചെയ്യുകയും ചെയ്തു. തികച്ചും പ്രൊഫഷണൽ ആയ ആ ഇംപ്രുവൈസേഷനാണ് നിങ്ങൾ സ്‌ക്രീനിൽ കണ്ടത്.’ അടുത്ത വർഷം പുറത്തു വന്ന ചുവന്ന സന്ധ്യകൾ (1975) എന്ന സിനിമയുടെ ചിത്രീകരണകാലത്താണ് ലക്ഷ്മിയുമായി മനസ്സ് കൊണ്ടു അടുത്തതെന്ന് മോഹൻ. വിവാഹത്തിലേക്കും ഒടുവിൽ വേർപിരിയലിലേക്കും നീണ്ട അടുപ്പം.
പുതിയൊരു ദൃശ്യാനുഭവമായിരുന്നു മലയാളിക്ക് ചട്ടക്കാരി. പുതുതലമുറയുടെ ഹൃദയവികാരങ്ങളുമായി ഇണങ്ങിച്ചേർന്നുനിന്ന കഥ, സംവിധാനം, സംഗീതം. പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്; ജൂലി ഐ ലവ് യു (യേശുദാസ്, മാധുരി), മന്ദസമീരനിൽ (യേശുദാസ്), യുവാക്കളേ യുവതികളേ (മാധുരി), നാരായണായ നമ (പി.ലീല)... പിന്നെ ഉഷാ ഉതുപ്പ് എഴുതി ഈണമിട്ട് പാടിയ ‘ലവ് ഈസ് ജസ്റ്റ് എറൌണ്ട് ദി കോർണർ’ എന്ന നൃത്തഗാനം.
കൂട്ടത്തിൽ ‘ജൂലി ഐ ലവ് യു’ എന്ന പാട്ടിനോട് പ്രത്യേകിച്ചൊരു സ്നേഹമുണ്ട് മോഹൻ ശർമ്മയ്ക്ക്. യേശുദാസിന്റെയും മാധുരിയുടേയും ശബ്ദങ്ങളിൽ ആ പാട്ട് കേട്ടാണ് നമുക്ക് പരിചയം. എന്നാൽ ഗാനരംഗത്ത് അഭിനയിച്ച മോഹന്റെ കാതുകളിൽ ഇന്നും അലയടിക്കുന്നത് മറ്റൊരു ശബ്ദമാണ്: സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ശബ്ദം.
‘ഷൊർണ്ണൂരിലാണ് ഗാനചിത്രീകരണം.’ -മോഹന്റെ ഓർമ്മ. ‘ദാസേട്ടൻ സ്ഥലത്തില്ലാത്തതിനാൽ പാട്ടിന്റെ ഫൈനൽ വേർഷൻ ആയിട്ടില്ല. പകരം സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ പാടി വെച്ച പാട്ടിനൊത്തു ചുണ്ടനക്കി വേണം ഞങ്ങൾ അഭിനയിക്കാൻ. ഷൊർണൂർ ടിബിയിൽ ഇരുന്ന് ബ്രെഡ് ടോസ്റ്ററിന്റെ ആകൃതിയിലുള്ള കൊച്ചു ടേപ്പ് റെക്കോർഡറിൽ ഒരു രാത്രി മുഴുവൻ ആ പാട്ട് ആസ്വദിച്ചു കേട്ടത് ഓർമ്മയുണ്ട്. കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പോലെ. എന്തൊരു ഭാവ മാധുര്യമാണ് ദേവരാജൻ മാസ്റ്ററുടെ ആലാപനത്തിന്. ഈ ശബ്ദത്തിൽ നിറഞ്ഞു തുളുമ്പുന്ന കാമുകനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എളുപ്പമാവില്ലെന്ന് മനസ്സ് പറഞ്ഞു.’
പിറ്റേന്നാണ് ഷൂട്ടിംഗ്. ‘ദേവരാജൻ മാസ്റ്ററുടെ പ്രണയം വഴിഞ്ഞൊഴുകുന്ന ആലാപനത്തിലൂടെ സ്വയമറിയാതെ ഒഴുകുകയായിരുന്നു ഞാൻ. യുട്യൂബിൽ ആ രംഗം ഒന്ന് കണ്ടുനോക്കിയാൽ മതി എന്‍റെ ശരീര ഭാഷയുമായി എത്ര ഇഴുകിച്ചേർന്നിരിക്കുന്നു ആ പാട്ട് എന്നറിയാൻ. അതേ ഗാനം പിന്നീട് ദാസേട്ടന്റെയും മാധുരിയുടെയും ശബ്ദത്തിൽ നാം സിനിമയിൽ കേട്ടു. രണ്ടു പേരും അതീവഹൃദ്യമായിത്തന്നെ പാടി. സംശയമില്ല. എങ്കിലും മാസ്റ്ററുടെ ശബ്ദത്തിലുള്ള പാട്ട് മറക്കാൻ പറ്റില്ല എനിക്ക്. ആവർത്തിച്ചു കേട്ടതാണല്ലോ. വരികൾക്കും വാക്കുകൾക്കും അക്ഷരങ്ങൾക്കു പോലും മാസ്റ്റർ പകർന്നു നൽകിയ ആർദ്രത അനുപമം.’
ഓർമ്മയിൽ നിന്ന് പാട്ടിന്റെ വരികൾ മൂളുന്നു നല്ലൊരു ഗായകൻ കൂടിയായ മോഹൻ:
‘ഓ മൈ ജൂലി ജൂലി നിന്റെ ഗിറ്റാറിൻ മാറിലെത്ര കമ്പി ?
ഒരേയൊരേ ഒരു കമ്പി
ആ പൊൻ കമ്പിയിലിപ്പോൾ വിടരുന്നതേതൊരു ഗാനം ?
പ്രേമഗാനം
അതിന്റെ പല്ലവി ഇപ്പോൾ കോർത്തതേത് പദം ?
ഹണി ഡ്യൂ, ഹണി ഡ്യൂ…’
‘ചില പാട്ടുകൾക്ക് വല്ലാത്തൊരു മന്ത്രികസിദ്ധിയുണ്ട്.’- മോഹന്റെ വാക്കുകൾ. ‘മറക്കാനാവാത്ത ഒരു കാലത്തേക്ക് നമ്മളെ തിരിച്ചുവിളിക്കും അവ. ഇനിയുണ്ടാവില്ലല്ലോ അതുപോലൊരു കാലം എന്നോർക്കുമ്പോഴാണ് സങ്കടം.’ പിൽക്കാലത്ത് ‘ചട്ടക്കാരി’ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോൾ ഇതേ സിറ്റുവേഷന് വേണ്ടി ആനന്ദ് ബക്ഷി - രാജേഷ് രോഷൻ സഖ്യം ഒരുക്കിയ പാട്ടും ഹിറ്റായിരുന്നു: ‘ഭൂൽ ഗയാ സബ് കുച്ഛ് യാദ് നഹി അബ് കുച്ഛ് ഏക് യഹീ ബാത്ത് ന ഭൂലീ, ജൂലീ ഐ ലവ് യു....’ കിഷോർ കുമാറും ലത മങ്കേഷ്കറുമായിരുന്നു ഗായകർ. സേതുമാധവന്റെ നിർദ്ദേശപ്രകാരം ‘ചട്ടക്കാരി’യിൽ ദേവരാജൻ മാസ്റ്റർ ഒരുക്കിയ ഒറിജിനൽ ഗാനങ്ങൾ പല തവണ കേട്ട ശേഷമാണ് ഹിന്ദി പതിപ്പിൽ രാജേഷ് രോഷൻ പാട്ടുകളൊരുക്കിയതെന്നത് കൗതുകമുള്ള ചരിത്രം. കാമ്പസുകൾ ‘ചട്ടക്കാരി’ ഹൃദയപൂർവം ഏറ്റെടുത്തതോടെ മോഹൻ - ലക്ഷ്മി ടീമിന്റെ ഭാഗ്യരേഖയും തെളിഞ്ഞു. രാഗം, പ്രയാണം, ചുവന്ന സന്ധ്യകൾ, സർവ്വേക്കല്ല്, പ്രിയംവദ, സ്നേഹയമുന, വ്യാമോഹം തുടങ്ങി വേറെയും ചിത്രങ്ങളിൽ കണ്ടു ഈ പ്രണയജോഡികളെ. സൂപ്പർ ഹിറ്റ് ഗാനങ്ങളാൽ സമൃദ്ധമായിരുന്ന ചിത്രങ്ങൾ.
‘സംഗീതത്തോട് പണ്ടേയുണ്ട് ഭ്രമം. ആദ്യം ആഗ്രഹിച്ചതും പാട്ടുകാരനാകാൻ തന്നെ. എന്നാൽ വിധി എനിക്കു വേണ്ടി കരുതിവെച്ചത് നടന്റെ വേഷമാണ്.’- മോഹൻ പറയുന്നു. ഗായകനെന്ന നിലയിൽ പ്രശസ്തനായില്ലെങ്കിലും മലയാളത്തിലെ ക്ലാസ്സിക് പാട്ടുകൾ പലതും വെള്ളിത്തിരയിൽ പാടി അഭിനയിക്കാൻ മോഹന് ഭാഗ്യമുണ്ടായി എന്നത് വിധിനിയോഗമാകാം. യേശുദാസിന്റേയും ജയചന്ദ്രന്റെയുമൊക്കെ യൗവന ദീപ്തമായ ശബ്ദത്താൽ അനുഗൃഹീതമായ പാട്ടുകൾ: ഇവിടെ കാറ്റിനു സുഗന്ധം (രാഗം) നീലപ്പൊന്മാനെ (നെല്ല്), കറുകറുത്തൊരു പെണ്ണാണ് (ഞാവൽപ്പഴങ്ങൾ)), മന്ദാകിനീ ഗാന മന്ദാകിനീ (സർവേക്കല്ല്), വീണപൂവേ കുമാരനാശാന്റെ വീണപൂവേ, അഷ്ടപദിയിലെ നായികേ. (ജീവിക്കാൻ മറന്നുപോയ സ്ത്രീ), ശരറാന്തൽ തിരി താണു, ചിത്തിരത്തോണിയിൽ അക്കരെ പോകാൻ (കായലും കയറും), മഴ തുള്ളി തുള്ളി, ഓർമ്മയുണ്ടോ (സരിത), മാണിക്യ ശ്രീകോവിൽ നീയെങ്കിൽ , മുരളീ ഗാനത്തിൻ (പ്രിയംവദ) ഓർമകളേ കൈവള ചാർത്തി (പ്രതീക്ഷ), കാളിന്ദീ കാളിന്ദീ (ചുവന്ന സന്ധ്യകൾ ), വിലാസ ലോലുപയായി (ശ്രീമദ് ഭഗവദ് ഗീത), ഈ നിമിഷം പകരുന്നിതാ (കാന്തവലയം).... പതിറ്റാണ്ടുകൾക്കിപ്പുറവും മനസ്സിനെ വന്ന് തലോടുന്ന ഗാനങ്ങൾ. ഇടക്ക് ബന്ധം (ജനിച്ചപ്പോഴേ തനിച്ചായി ഞാൻ), ഇവിടെ തുടങ്ങുന്നു (ഏതോ സ്വപ്നം പോലെ, നീയെന്റെ ജീവനാണോമലേ) എന്നീ ചിത്രങ്ങളിൽ ഗായകനായും മിന്നിമറഞ്ഞു മോഹൻ.
Published: 14 Feb 2026, 09:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented