കയ്യിലൊരു നാടന്‍ തോക്കും ചുണ്ടിലൊരു നാടന്‍ ശീലുമായി മരമുകളില്‍ നിന്ന് മരുത് ചാടിയിറങ്ങിയത് പ്രേക്ഷകന്റെ ഇടനെഞ്ചിലേക്കാണ്. ഓര്‍മ്മയിലെ ആദ്യത്തെ നെടുമുടിക്കാഴ്ച്ച. അരവിന്ദന്റെ 'തമ്പ്' അതിനകം റിലീസായിരുന്നെങ്കിലും കണ്ടിട്ടില്ല. ആര്‍ട്ട് ഫിലിം, ഉച്ചപ്പടം എന്നൊക്കെ കേട്ടാല്‍ ഓടിയൊളിക്കുന്ന കാലമാണ്.

To advertise here,

സുന്ദരനായകന്മാരെ സ്‌ക്രീനില്‍ കണ്ടു ശീലിച്ച കണ്ണുകള്‍ക്ക് 'ആരവ'ത്തിലെ നെടുമുടിയെ കണ്ടപ്പോള്‍ അമ്പരപ്പ് തോന്നിയത് സ്വാഭാവികം.

യേശുദാസിന്റെ ഗന്ധര്‍വ ശബ്ദത്തില്‍ പാടുന്ന, കാഴ്ച്ചയില്‍ അല്‍പ്പം 'വശപ്പിശകുള്ള' നടനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു ആദ്യം. പക്ഷേ, ഗാനരംഗം കണ്ടുതീര്‍ന്നപ്പോഴേക്കും എന്നന്നേക്കുമായി ആ നടന്റെ ആരാധകനായി മാറി ഞാന്‍; അയാള്‍ പാടി അഭിനയിച്ച പാട്ടിന്റേയും:

'മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ

കെട്ടിത്താ, ട്ടിത്താ, തത്തകതകതകതകതാ

മാനോടും മയിലാടും മഞ്ചാടിക്കുന്നിന്റെ

കാടും പടലും പറിച്ചുകെട്ടിത്താ

കെട്ടിത്താ, ട്ടിത്താ, തത്തകതകതകതകതാ..'

അതുവരെ സിനിമയില്‍ കേട്ടിട്ടില്ല അതുപോലൊരു പാട്ട്. വരികളെ, വാക്കുകളെ, അക്ഷരങ്ങളെ കയ്യിലെടുത്ത് അമ്മാനമാടുകയാണ് കാവാലവും എം.ജി രാധാകൃഷ്ണനും യേശുദാസും. ഭരതന്റെ ചിത്രീകരണ മികവും അശോക് കുമാറിന്റെ ഛായാഗ്രഹണവും നെടുമുടിയുടെ മനോധര്‍മ്മാഭിനയവും കൂടി ചേര്‍ന്നതോടെ സമാനതകളില്ലാത്ത ദൃശ്യാനുഭവമായി മാറി ആ ഗാനരംഗം.

ഇന്നും മനഃപാഠമാണ് ആ വരികള്‍:

'ലം ലം ലം ലം ലം ലം താലം പൂത്താലം ചെമ്പൂത്താലം

അക്കം പക്കം അച്ഛന്‍ കൊമ്പത്ത്

പൂവാം കുറുന്തല പുന്നാഗപ്പറമ്പിലെ

കൂണിന്റെ കുട നീര്‍ത്തും പുന്നാരത്താലം..

ലം ലം ലം ലം ലം ലം താലം പൂത്താലം ചെമ്പൂത്താലം..'

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനചിത്രീകരണങ്ങളില്‍ ഒന്ന്. നാലരപ്പതിറ്റാണ്ടിനിപ്പുറവും കണ്ടു മതിവന്നിട്ടില്ല ആ രംഗം. പൊന്തക്കാട്ടില്‍ നിന്ന് ഒരു വെടലച്ചിരിയുമായി ചാടി പുറത്തുവന്ന് പാറപ്പുറത്ത് കയറി നൃത്തംവെക്കുകയും വെള്ളച്ചാട്ടത്തില്‍ കുളിക്കുകയും ഓടുന്നതിനിടെ പുഴയിലെ വെള്ളവും പുഴയോരത്തെ മണലും കാല്‍വിരല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന മരുത്. ഒട്ടും പാകമാകാത്തൊരു കുപ്പായവും കാക്കി ട്രൗസറുമിട്ട് അശോക് കുമാറിന്റെ ക്യാമറക്ക് മുന്നില്‍ ശരിക്കും വിളയാടുകയാണയാള്‍. അതുവരെ കണ്ടുശീലിച്ച ഒരു നടന്റേയും രൂപഭാവങ്ങളുണ്ടായിരുന്നില്ല മരുതിന്.

അധികം വൈകാതെ നെടുമുടിയെ നേരില്‍ കണ്ടു. അപ്പോഴുമുണ്ടായിരുന്നു അന്തരീക്ഷത്തില്‍ മുക്കുറ്റിയും തിരുതാളിയും. ദേവഗിരി കോളേജിലെ ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഷികത്തിന് മുഖ്യാതിഥിയായി വന്നതാണ് അദ്ദേഹം. 'ആരവ'ത്തിന് പിന്നാലെ വന്ന 'തകര'യിലെ ചെല്ലപ്പനാശാരി കാമ്പസുകളില്‍ ഹരമായി നില്‍ക്കുന്ന സമയം. പ്രസംഗത്തിനൊടുവില്‍ നെടുമുടി മുക്കുറ്റി തിരുതാളി പാടിയപ്പോള്‍ ഒപ്പം താളമിട്ടു ഞങ്ങള്‍. പല്ലവിയുടെ ഒടുവില്‍ പൂഹോയ് എന്ന ആര്‍പ്പുവിളിയുമായി ഒപ്പം ചേര്‍ന്നു.

തമിഴ് നാട് - കര്‍ണ്ണാടക അതിര്‍ത്തിയില്‍ കാവേരീ തീരത്തുള്ള ഹൊഗനക്കലില്‍ വെച്ചാണ് 'മുക്കുറ്റി തിരുതാളി' ചിത്രീകരിച്ചതെന്നറിഞ്ഞത് 'ആരവ'ത്തിന്റെ സഹസംവിധായകനായിരുന്ന ജോര്‍ജ്ജ് കിത്തുവില്‍ നിന്നാണ്. നാഗ്ര സംവിധാനമൊന്നും ഇല്ലാത്തതിനാല്‍ നാഷണല്‍ പാനസോണിക്കിന്റെ ടേപ്പ് റെക്കോര്‍ഡറില്‍ കാസറ്റ് ഉറക്കെ വെച്ചുകേള്‍പ്പിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. അതിനകം പാട്ട് പൂര്‍ണമായും കേട്ട് ഹൃദിസ്ഥമാക്കിയിരുന്നു വേണു. അതുകൊണ്ട് ലിപ് മൂവ്‌മെന്റ് കിറുകൃത്യം. സാധാരണ ഇത്തരം ഗാനങ്ങളുടെ ചിത്രീകരണവേളയില്‍ നടീനടന്മാര്‍ക്ക് കൊറിയോഗ്രാഫറുടെ പിന്തുണയുണ്ടാകും. ഇവിടെ അതും വേണ്ടിവന്നില്ല. സ്വന്തം നൃത്തച്ചുവടുകള്‍ മനോധര്‍മ്മമനുസരിച്ച് അവതരിപ്പിച്ചത് നെടുമുടി തന്നെ. എല്ലാ അര്‍ത്ഥത്തിലും ഗാനത്തെ 'സ്വന്തമാക്കുക'യായിരുന്നു ആ അനുഗൃഹീത കലാകാരന്‍.

'ജീവിതത്തിലാദ്യമായി കാമറക്ക് മുന്നില്‍ ഒരു ഗാനരംഗം അഭിനയിക്കുന്നതിന്റെ സങ്കോചമൊന്നും ഉണ്ടായിരുന്നില്ല വേണുവിന്റെ ചലനങ്ങളില്‍. ജന്മനാ നടനാണ് താനെന്ന് തെളിയിക്കുകയിരുന്നു അദ്ദേഹം.' - കിത്തോ ഓര്‍ക്കുന്നു. ഒറ്റ ദിവസമേ വേണ്ടിവന്നുള്ളൂ ഭരതന് ആ സീന്‍ എടുത്തുതീര്‍ക്കാന്‍. ഐതിഹാസികമായ ഒരു അഭിനയ സപര്യയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു നെടുമുടി. പിന്നീടങ്ങോട്ട് എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങള്‍, എത്രയെത്ര അനശ്വര ഗാനരംഗങ്ങള്‍.

കമലഹാസനേയും ഷീലയേയും വെച്ചാണ് ഭരതന്‍ ആരവം പ്ലാന്‍ ചെയ്തിരുന്നത് എന്നോര്‍ക്കുന്നു കിത്തോ. തൊട്ടു മുന്‍പ് കലാസംവിധായകനായി സഹകരിച്ച 'പൊന്നി'യിലെ കമലിന്റെ രൂപഭാവങ്ങളും അഭിനയവും കണ്ടാണ് സ്വന്തം പടത്തില്‍ അദ്ദേഹത്തെ നായകനാക്കാന്‍ ഭരതന്‍ ആലോചിച്ചത്. എന്നാല്‍ പല കാരണങ്ങളാലും കമലിനെ സമയത്തിന് ഒത്തുകിട്ടാതെ വന്നു. ആയിടയ്ക്കാണ് കലാകൗമുദി ഫിലിം മാഗസിന്റെ ലേഖകനായിരുന്ന വേണുവിനെ ഭരതന്‍ പരിചയപ്പെടുന്നത്. അഭിനയത്തോടുള്ള നെടുമുടിയുടെ ആത്മാര്‍ത്ഥ സമീപനവും പരീക്ഷണ സന്നദ്ധതയും ഭരതന് ഇഷ്ടപ്പെട്ടു. ആരവത്തിലെ മരുത് അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന് അതോടെ ഉറപ്പിക്കുകയും ചെയ്തു. പ്രമീളയും പ്രതാപ് പോത്തനുമായിരുന്നു പടത്തിലെ മറ്റ് പ്രധാന വേഷക്കാര്‍.

'മുക്കുറ്റി തിരുതാളി' എന്ന പാട്ടിനുമുണ്ട് ഒരു കഥ. ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രയില്‍ പിറന്നുവീണതാണ് അതുള്‍പ്പെടെ ആരവത്തിലെ എല്ലാ പാട്ടുകളും. ഓടുന്ന വണ്ടിയുടെ ചടുല താളത്തിനൊത്ത് കാവാലം വരികള്‍ മൂളിക്കൊടുക്കുന്നു; ഒപ്പമിരുന്ന് എം.ജി രാധാകൃഷ്ണന്‍ അവ ഏറ്റുപാടി ചിട്ടപ്പെടുത്തുന്നു. അകമ്പടിക്ക്, സഹയാത്രികനായ നെടുമുടി വേണുവിന്റെ മേളപ്പെരുക്കം. ഇരിക്കുന്ന സീറ്റും വണ്ടിയുടെ ജനാലയും താളവാദ്യങ്ങള്‍. 'വണ്ടി ചെന്നൈയില്‍ എത്തുമ്പോഴേക്കും പാട്ട് മനഃപാഠമാക്കിയിരിക്കുന്നു ഞങ്ങള്‍. സ്വപ്നങ്ങളുടെയും മത്സരങ്ങളുടേയും അമിതമോഹങ്ങളുടേയുമൊന്നും ഭാരമില്ലാതെ അപ്പൂപ്പന്‍ താടി പോലെ സ്വതന്ത്രമായി പറന്നുനടന്ന ഒരു കാലത്തിന്റെ ഓര്‍മ്മകൂടിയാണ് എനിക്ക് ആ പാട്ട്.' - നെടുമുടി വേണു ഒരിക്കല്‍ പറഞ്ഞു.

നെടുമുടി ഇന്നില്ല. ഭരതനും കാവാലവും എം.ജി രാധാകൃഷ്ണനും പ്രതാപ് പോത്തനും അശോക് കുമാറും ഒക്കെ ഓര്‍മ്മ. എങ്കിലെന്ത്? ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ താളമിടും ഹൃദയം. മുറുക്കിച്ചുവന്ന ചുണ്ടും കുസൃതിക്കണ്ണുകളും നൃത്തച്ചുവടുകളുമായി മരുത് വീണ്ടും ഓര്‍മ്മയില്‍ നിറയും.