വിപണിയിൽ ഊഹക്കച്ചവടം കൊടുമ്പിരിക്കൊള്ളുമ്പോൾ റിസ്കുകൾ അവഗണിച്ച് നിക്ഷേപകർ എടുത്തുചാടാറുണ്ട്. നിക്ഷേപആസ്തികളുടെ വില കുതിച്ചുയരുമ്പോൾ യഥാർഥ സാഹചര്യം അവഗണിച്ച് അതിമോഹത്തിന്റെ വലയിൽപ്പെട്ട് പണം നഷ്ടപ്പെടുത്തുന്ന കഥകൾ എക്കാലത്തും ഒരു പാഠമാണ്. വെള്ളിവിലയിൽ ക്രമാതീതമായ കുതിപ്പുണ്ടായപ്പോൾ, കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അരവിന്ദ് വൻതോതിൽ സിൽവർ ഇ.ടി.എഫുകളിൽ നിക്ഷേപിച്ചു.

To advertise here,

സ്വർണത്തെപ്പോലും പിന്നിലാക്കിക്കൊണ്ടായിരുന്നു വെള്ളിയുടെ മുന്നേറ്റം. എ.ഐ. സാങ്കേതികവിദ്യയുടെ മുന്നേറ്റം, വ്യാവസായികാവശ്യം, ലഭ്യതക്കുറവ് എന്നിവ വെള്ളിയിൽ ഇനിയും മുന്നേറ്റമുണ്ടാക്കുമെന്ന അതിമോഹത്തിലായിരുന്നു അദ്ദേഹം. യഥാർഥ വിലയേക്കാൾ പ്രീമിയത്തിലായിരുന്നു അപ്പോൾ ഇ.ടി.എഫ്. മൂല്യം. ഇപ്പോഴിതാ എല്ലാം തകർന്നടിഞ്ഞ് താഴെപ്പോയിരിക്കുന്നു.

കമ്മോഡിറ്റി വിപണിയിൽ വൻ കുതിപ്പു നടത്തിയ വെള്ളിയിൽ ഈയിടെയുണ്ടായ ഇടിവ് നിക്ഷേപകരെ കനത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ട്രോയ് ഔൺസിന് 122 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽനിന്ന് 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. 2025-ൽ 170 ശതമാനവും 2026 ജനുവരിയിൽ മാത്രം 71 ശതമാനവും നേട്ടമുണ്ടാക്കിയശേഷമാണ് ഈ അപ്രതീക്ഷിത വീഴ്ച.

പുതിയ ഫെഡറൽ റിസർവ് മേധാവി കെവിൻ വാർഷിന്റെ പണപ്പെരുപ്പവിരുദ്ധനയവും കർശനമായ സാമ്പത്തികനിലപാടും വിപണിയുടെ പ്രതീക്ഷകൾ മാറ്റിമറിച്ചു. ഈ വർഷം തുടക്കത്തിൽ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്ന വിപണി, പലിശ വർധിച്ചേക്കാം എന്ന നിഗമനത്തിലേക്ക് മാറി. ഉയർന്ന പലിശ വെള്ളിയെ ബാധിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം കാരണം അസംസ്കൃത എണ്ണവില ബാരലിന് 105 ഡോളറിലേക്ക് ഉയർന്നത് ആഗോളതലത്തിൽ പണപ്പെരുപ്പസമ്മർദം കൂട്ടി. ഇത് കേന്ദ്രബാങ്കുകൾ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കി; കർശന പണനയം സ്വീകരിക്കുകയും ചെയ്തു. യു.എസ്. ട്രഷറി ആദായം ഉയർന്നതോടെ, നിക്ഷേപകർ പലിശ ലഭിക്കുന്ന സ്ഥിരവരുമാനആസ്തികളിലേക്ക് പണം മാറ്റി.

കടപ്പത്ര ആദായം ഉയർന്നതോടെ ഡോളർ ശക്തിപ്പെടുകയും വെള്ളി വാങ്ങാൻ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് ചെലവു കൂട്ടുകയും ചെയ്തു.

കനത്ത വിൽപ്പനസമ്മർദം നേരിട്ട വെള്ളിവില താൽക്കാലികമായി സ്ഥിരത കൈവരിച്ചതായി ആഗോള ബാങ്കിങ് ഭീമനായ എച്ച്.എസ്.ബി.സി. വിലയിരുത്തുന്നു. ആഗോള സാമ്പത്തികസാഹചര്യങ്ങളാണ് വെള്ളിയെ ബാധിച്ചത്.

ആഗോള സാമ്പത്തിക സാഹചര്യങ്ങളും വെള്ളി വിലയും

കാരണം

 സ്വാധീനം

ഫെഡിന്റെ നിരക്ക്

വർധനാ അനുമാനവും

കെവിൻ വാർഷിന്റെ നയവും

പലിശ ലഭിക്കാത്ത ആസ്തിയെന്ന

നിലയിൽ വെള്ളിയുടെ

ആകർഷകത്വം കുറഞ്ഞു

പശ്ചിമേഷ്യൻ സംഘർഷവും

എണ്ണവില വർധനവും

പണപ്പെരുപ്പം കൂട്ടി,

നിരക്ക് കുറയ്ക്കൽ സാധ്യത

ഇല്ലാതാക്കി

യുഎസ് കടപ്പത്ര

ആദായ വർധന

നിക്ഷേപകർ സ്ഥിരവരുമാന

ആസ്തികളിലേക്ക് ചുവടുമാറ്റി

കരുത്തുറ്റ യു.എസ്

ഡോളർ

മറ്റ് കറൻസികളിൽ വെള്ളി

വാങ്ങുന്നത്

കൂടുതൽ ചെലവേറിയതാക്കി

നിക്ഷേപസാധ്യത

  • വെള്ളിയുടെ ആവശ്യകതയിൽ കാര്യമായ മാറ്റം പ്രകടമാണെന്ന് എച്ച്.എസ്.ബി.സി. വിലയിരുത്തുന്നു. താരിഫ് സംഘർഷം വീണ്ടും പ്രതിസന്ധിയുണ്ടാക്കിയില്ലെങ്കിൽ സമീപഭാവിയിൽ വെള്ളി 100 ഡോളറിലേക്ക് തിരികെയെത്തില്ലെന്നാണ് അനുമാനം.
  • വെള്ളി വിപണിയിലെ കമ്മി വൻതോതിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ. 2025-ലെ 14 കോടി ഔൺസിൽനിന്ന് 50 ലക്ഷം ഔൺസായി കുറയും; 2027-ൽ 1.2 കോടിയായി ഉയർന്നേക്കാമെന്നുമാണ് അനുമാനം. 2026-ന്റെ ആദ്യപകുതിയിൽ നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് കമ്മി കുറയാനിടയാക്കിയത്. ഈ സാഹചര്യത്തിലാണ് വിലയിൽ കുത്തനെ ഇടിവുണ്ടായതും.
  • വെള്ളിയിലേറെയും സ്വർണത്തിന്റെയും അടിസ്ഥാനലോഹങ്ങളുടെയും ഉപോൽപ്പന്നമായതിനാൽ (by-product) ഖനനം പെട്ടെന്ന് കൂട്ടാൻ പ്രതിബന്ധങ്ങളുണ്ട്. എങ്കിലും പുതിയ പദ്ധതികളും ഉൽപ്പാദനശേഷി വർധനവും വഴി 2027-ൽ ഖനനം കാര്യമായി ഉയരും. വില ഇനിയും ഇടിഞ്ഞേക്കുമെന്ന ഭീതിയിൽ കൈവശമുള്ള വെള്ളി വിറ്റഴിക്കുന്നത് വഴി പുനരുപയോഗഉൽപ്പാദനവും ഉയർന്നിട്ടുണ്ട്. കൂടാതെ, കോമെക്സിൽ (COMEX) സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള വെള്ളിശേഖരം 2026 രണ്ടാം പാദത്തിൽ ലണ്ടനിലേക്ക് തിരിച്ചൊഴുകിയതും വിപണിയിലെ ലഭ്യതക്കുറവും ക്ഷാമവും പരിഹരിക്കാൻ സഹായിച്ചു.
  • ഉയർന്ന വില നിലനിൽക്കുന്നതിനാൽ വ്യവസായാവശ്യങ്ങൾക്കും ആഭരണനിർമാണത്തിനുമുള്ള വെള്ളിയുടെ ആവശ്യം കുറഞ്ഞു. എന്നാൽ ഇന്ത്യയിലും ചൈനയിലും വൻകിട നിക്ഷേപകർ നടത്തുന്ന വാങ്ങലുകൾ വിപണിക്ക് നേരിയതോതിൽ ശക്തിപകരുന്നുണ്ട്. വിറ്റഴിക്കലിനുശേഷം ഇ.ടി.എഫുകൾ വീണ്ടും വെള്ളി ശേഖരിക്കുന്നുണ്ട്.

പ്രതീക്ഷ

യാഥാർഥ്യം

ഫെഡ് നിരക്ക് തുടർച്ചയായി

കുറയ്ക്കും

കെവിൻ വാർഷിന്റെ

പണപ്പെരുപ്പ വിരുദ്ധ നിലപാടും

നിരക്ക് വർധനാ ഭീഷണിയും

കൃത്രിമബുദ്ധിയും (AI)

വ്യവസായ ആവശ്യങ്ങളും

വില 100 ഡോളറിന്

മുകളിൽ നിലനിർത്തും

ഉയർന്ന പലിശനിരക്കും

ഡോളർ കരുത്തും കാരണം

വ്യവസായ-ആഭരണ

ആവശ്യങ്ങളിൽ ഇടിവ്

വിതരണ ക്ഷാമം

വിപണി വില

ഉയർത്തിനിർത്തും

വിതരണ കമ്മി കുത്തനെ

കുറഞ്ഞതും ലണ്ടൻ

കേന്ദ്രങ്ങളിലേക്ക് സ്റ്റോക്കുകൾ

തിരിച്ചെത്തിയതും

വെള്ളി സുരക്ഷിത നിക്ഷേപമായി

സംരക്ഷണം നൽകും

ആദായം കൂടിയപ്പോൾ

കടപ്പത്രത്തിലേക്ക് നിക്ഷേപകർ

തിരിഞ്ഞു

നിക്ഷേപിക്കാം ജാഗ്രതയോടെ

ചിപ്പ് ഡിമാൻഡ് ഉൾപ്പെടെയുള്ള വ്യാവസായീകാവശ്യവും വിതരണക്കുറവും കാരണം വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിച്ച് നിക്ഷേപിക്കാതിരിക്കുകയാകും ഉചിതം. കാരണം വെള്ളിയുടെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് ഹ്രസ്വകാലയളവിൽത്തന്നെ പ്രകടമായത്. മുൻകാല പ്രകടനം നോക്കി നിക്ഷേപം നടത്തുന്നതിലെ റിസ്ക് എത്രത്തോളമുണ്ടെന്ന് ഇതിനകം നിക്ഷേപകരിൽ പലർക്കും ബോധ്യമായിക്കഴിഞ്ഞു. ഡിമാൻഡ് കുറയുന്ന തിരുത്തൽസമയങ്ങളിൽ നിക്ഷേപം നടത്തുമ്പോഴാണ് ദീർഘകാലയളവിൽ മികച്ച നേട്ടം ലഭിക്കുക. അതോടൊപ്പം മികച്ച രീതിയിൽ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനും ശ്രദ്ധിക്കുക.

വെള്ളിയുടെ വില ക്രമാതീതമായി ഉയർന്നപ്പോൾ നിക്ഷേപകർ കൂട്ടത്തോടെയാണ് വിപണിയിലെത്തിയത്. ഉയർന്ന പ്രീമിയത്തിൽ അവർ വൻതോതിൽ സിൽവർ ഇ.ടി.എഫുകളിൽ നിക്ഷേപം നടത്തി. റെക്കോഡ് നിലവാരത്തിൽ നിക്ഷേപം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഈ കോളത്തിൽത്തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.