സൗഹൃദത്തിന്റെയോ ബിസിനസ് ബന്ധത്തിന്റെയോ പേരിൽ ജാമ്യക്കാരനായി ഒപ്പിടുമ്പോൾ, നിങ്ങളുടെ മുഴുവൻ സമ്പാദ്യവും പണയപ്പെടുത്താൻ തയ്യാറാണോ എന്ന് ആലോചിച്ചശേഷം മാത്രം ഇത്തരം ബാധ്യതകൾക്ക് കൂട്ടുനിൽക്കുക.

പത്തു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് ഗോപകുമാർ നാട്ടിൽ സ്ഥിരതാമസമാക്കിയത്. വീടുവെക്കണം, മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നീ ലക്ഷ്യങ്ങളോടെ നല്ലൊരു തുക സമ്പാദിച്ചുവെച്ചിട്ടുണ്ട്. അതിനിടെയാണ് സുഹൃത്തായ വിനോദ് ബിസിനസ് ആവശ്യത്തിനായി ബാങ്ക് വായ്പയെടുക്കാൻ ഗോപകുമാറിന്റെ സഹായം തേടിയത്.
"പേപ്പറിൽ ഒന്നു ഒപ്പിട്ടാൽ മതി. ലോൺ കൃത്യമായി ഞാൻ തിരിച്ചടച്ചോളാം" - എന്നായിരുന്നു വിനോദ് പറഞ്ഞത്. സ്നേഹബന്ധത്തിന്റെ പേരിൽ ഗോപകുമാർ ആ ജാമ്യരേഖയിൽ ഒപ്പിടുകയും ചെയ്തു. ബിസിനസ് തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചപോലെ പച്ചപിടിച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങി. ബാങ്ക് ആദ്യം വിനോദിനെ സമീപിക്കുമെന്നും അയാളുടെ ആസ്തികൾ വിറ്റ് പണം ഈടാക്കുമെന്നുമാണ് ഗോപകുമാർ കരുതിയത്. മറിച്ചാണു സംഭവിച്ചത്. വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ഗോപകുമാറിന് മനസ്സിലായത്. സ്നേഹത്തിന്റെ പേരിൽ നൽകിയ ഒപ്പ് ഗോപകുമാറിന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യത്തെയും ബാധ്യതയിലാക്കി മാറ്റി.
ജീവിതത്തിൽ ഒരിക്കലെങ്കിലും സുഹൃത്തോ ബിസിനസ് പങ്കാളിയോ ബാങ്ക് വായ്പക്കായി നിങ്ങളുടെ സഹായം തേടിയിട്ടുണ്ടാകും. പലപ്പോഴും അത്ര ഗൗരവമായി കാണാതെ ഇടുന്ന ഒപ്പ് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ എത്രത്തോളം ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
അടുത്തിടെ എസ്സൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 6.25 കോടി രൂപയുടെ സെറ്റിൽമെന്റ് നടപടികൾ തടഞ്ഞുകൊണ്ടുള്ള എൻ.സി.എൽ.ടി. ഉത്തരവ് കോർപ്പറേറ്റ് ലോകത്ത് ചർച്ചയായിരുന്നു. അദ്ദേഹം നൽകിയ പേഴ്സനൽ ഗ്യാരന്റികളുമായി ബന്ധപ്പെട്ട നിയമതർക്കങ്ങളാണ് ഇതിനുപിന്നിൽ. ഇന്ത്യൻ കോൺട്രാക്ട് ആക്ട്, ഇൻസോൾവൻസി ജാമ്യക്കാരൻ എന്ന നിലയിൽ നേരിടേണ്ടിവരുന്ന നിയമപരമായ യാഥാർഥ്യങ്ങൾ വിശദമായിത്തന്നെ അറിയേണ്ടതുണ്ട്.
നിങ്ങൾ ഒരു 'രണ്ടാം നിര'ക്കാരനല്ല
മിക്കവാറും ആളുകൾ കരുതുന്നത് വായ്പയെടുത്തയാൾ പണം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുകയും ബാങ്ക് നിയമനടപടികൾ സ്വീകരിച്ചശേഷം മാത്രം ജാമ്യക്കാരനെ സമീപിക്കുമെന്നുമാണ്. എന്നാൽ നിയമം പറയുന്നത് മറ്റൊന്നാണ്. ഇന്ത്യൻ കോൺട്രാക്ട് ആക്ടിലെ സെക്ഷൻ 128 പ്രകാരം ജാമ്യക്കാരന്റെ ബാധ്യത എന്നത് വായ്പയെടുത്തയാളുടെ ബാധ്യതയ്ക്ക് തുല്യമാണ് (Co-extensive). ഇവിടെ ശ്രദ്ധേയമായ കാര്യം ഈ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തവും വ്യക്തിഗത ഉത്തരവാദിത്തവുമാണ് എന്നതാണ്.
ബാധ്യത തുല്യമാണ്; കടം വാങ്ങിയ വ്യക്തിക്കെതിരെ നടപടിയെടുക്കുന്നതിനുമുമ്പ് തന്നെ ജാമ്യക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കടം കൊടുത്തവർക്ക് അവകാശമുണ്ട്.
ചുരുക്കത്തിൽ, വായ്പയെടുത്ത വ്യക്തിയിൽനിന്ന് പണം ഈടാക്കാൻ ശ്രമിക്കുന്നതിനുമുൻപോ അല്ലെങ്കിൽ ആ വ്യക്തിക്കൊപ്പം തന്നെയോ ജാമ്യക്കാരനെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയും.
വെറും ഉറപ്പല്ല, ശക്തമായ ഉടമ്പടി
വസ്തുവോ വീടോ പണയം വയ്ക്കുന്നത് പോലെയല്ല വ്യക്തിഗത ഗ്യാരണ്ടി. പണയ ഉടമ്പടികളിൽ ഈടായി നൽകുന്ന സ്വത്തിന്മേൽ മാത്രമാണ് ബാധ്യത വരുന്നത്. എന്നാൽ വ്യക്തിഗത ഗ്യാരണ്ടി എന്നത് ഒരു 'വ്യക്തിഗത ഉടമ്പടി' (Personal Covenant), അഥവാ ഒരു ക്രെഡിറ്റ് സപ്പോർട്ട് ആണ്.
ഇവിടെ ഈടായി നൽകിയ സ്വത്തിന് പകരം, ജാമ്യക്കാരന്റെ കൈവശമുള്ള മുഴുവൻ ആസ്തികളും ശേഷിയുമാണ് പണയപ്പെടുന്നത്. ബിസിനസ് പ്രൊമോട്ടർമാർക്ക് സ്ഥാപനത്തിലുള്ള ഉത്തരവാദിത്തം ഉറപ്പുവരുത്താനും ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് തടയാനും വായ്പാദാതാക്കൾ ഈ മാർഗം ഉപയോഗിക്കുന്നു. ജാമ്യക്കാരന്റെ മൊത്തം സാമ്പത്തിക സ്രോതസ്സുകൾ അടിസ്ഥാനമാക്കിയാണ് ഇതിന്റെ മൂല്യം നിർണയിക്കുന്നത്.
കടം വാങ്ങിയയാൾ രക്ഷപ്പെട്ടാലും ജാമ്യക്കാരൻ കുടുങ്ങാം
സാധാരണഗതിയിൽ, വകുപ്പ് 134 പ്രകാരം വായ്പാദാതാവ് സ്വമേധയാ കടം വാങ്ങിയ ആളെ ബാധ്യതകളിൽനിന്ന് ഒഴിവാക്കിയാൽ ജാമ്യക്കാരനും മുക്തനാകും. എന്നാൽ ഇതിലെ നിയമവശം മറ്റൊന്നാണ്.
പാപ്പരത്ത നടപടികളിലൂടെയോ ഇടപാടുകൾ തീർത്ത് പ്രവർത്തനം അവസാനിപ്പിക്കുകയോ (ലിക്വിഡേഷൻ) ചെയ്യുന്നതിലൂടെ കടക്കാരന് ലഭിക്കുന്ന ഇളവ് നിയമപരമായ സാധ്യതയാണ്. ഇത്തരത്തിൽ നിയമം വഴി കടക്കാരൻ ഒഴിവാക്കപ്പെട്ടാലും ജാമ്യക്കാരന്റെ ബാധ്യത അവസാനിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഒരു കമ്പനി പാപ്പരായി എന്ന് കരുതി ആ കമ്പനിക്കു വേണ്ടി വ്യക്തിഗത ഗ്യാരണ്ടി നൽകിയ പ്രൊമോട്ടർമാർക്ക് ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല.
പുതിയ നിയമത്തിൽ വ്യക്തത
പഴയ പാപ്പരത്ത നിയമത്തെ (Provincial Insolvency Act, 1920) അപേക്ഷിച്ച് കൂടുതൽ സുതാര്യവും വ്യക്തവുമാണ് ഇപ്പോഴത്തെ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്സി കോഡ് (IBC). കടം തിരിച്ചുപിടിക്കൽ സംവിധാനം മാത്രമല്ല ഇത്; കടബാധ്യതയിലായ ജാമ്യക്കാരനെ പുനരധിവസിപ്പിക്കാനുള്ള (Rehabilitation) മാർഗം കൂടിയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- നിശ്ചിത തുക എഴുതിത്തള്ളുന്ന രീതി ഇതിലില്ല.
- പണം തിരിച്ചുപിടിക്കുന്നതിനേക്കാൾ, ജാമ്യക്കാരന്റെ ആസ്തികൾ കണക്കാക്കി തിരിച്ചടവ് പ്ലാൻ തയ്യാറാക്കാനാണ് നിയമം പറയുന്നത്.
- ലഭ്യമായ മറ്റ് മാർഗങ്ങളേക്കാൾ മികച്ചതാണോ ഈ പ്ലാൻ എന്ന് വായ്പാദാതാക്കൾ പരിശോധിക്കുന്നു.
ഒളിച്ചുകളി നടക്കില്ല
ആസ്തികൾ ഒളിപ്പിച്ചുവെച്ചോ വകമാറ്റിയോ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതരുത്. പുതിയ പാപ്പരത്ത നിയമപ്രകാരം കോർപ്പറേറ്റ് കടക്കാരനെയും വ്യക്തിഗത ഗ്യാരണ്ടറെയും ഒരേ അതോറിറ്റിക്ക് (Adjudicating Authority) കീഴിലുള്ള ഏകോപിത സംവിധാനത്തിലൂടെയാണ് നിരീക്ഷിക്കുന്നത്.
ആസ്തികൾ മറച്ചുവെക്കുകയോ വഞ്ചനാപരമായ ഇടപാടുകൾ നടത്തുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ ഐ.ബി.സി. പ്രകാരം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരും. ചില സാഹചര്യങ്ങളിൽ ഇത് ക്രിമിനൽ നടപടികൾക്കും വഴിതെളിച്ചേക്കാം.
പേഴ്‌സണൽ ഗ്യാരണ്ടി എന്നത് ബിസിനസ് ലോകത്ത് അനിവാര്യമായ സാമ്പത്തികസഹായ ഉപാധിയാണെങ്കിലും ശരിയായ ധാരണയില്ലാതെ നൽകുന്ന ഗ്യാരണ്ടി വൻ ബാധ്യതയായി മാറാൻ സാധ്യതയുണ്ട്. ഓരോ ഒപ്പിനുപിന്നിലും നിങ്ങളുടെ ജീവിതകാലം മുഴുവനുള്ള സമ്പാദ്യവും ഭാവിയും അടങ്ങിയിരിക്കുന്നു എന്ന ബോധ്യം വേണം.
ജാമ്യം നിൽക്കുക എന്നത് ഒരു സാമൂഹികസേവനമല്ല, മറിച്ച് ബാധ്യത ഏറ്റെടുക്കുന്നതിന് തുല്യമായ റിസ്‌കാണ്. രേഖയിൽ ഒപ്പിടുന്നതിനു മുമ്പ് താഴെപ്പറയുന്ന ചെക്ക്ലിസ്റ്റ് പരിശോധിക്കുക:
തിരിച്ചടവുശേഷി: വായ്പയെടുത്തയാൾ പരാജയപ്പെട്ടാൽ, പലിശയും പിഴപ്പലിശയും സഹിതം തുക മുഴുവൻ അടയ്ക്കാനുള്ള ബാങ്ക് ബാലൻസ് എനിക്കുണ്ടോ?
ആസ്തികളുടെ സുരക്ഷ: കുടുംബത്തിന്റെ ഏക ആശ്രയമായ വീടും മറ്റ് സമ്പാദ്യങ്ങളും പണയപ്പെടുത്താൻ ഞാൻ തയ്യാറാണോ?
നിയമപരമായ അറിവ്: വായ്പയുടെ നിബന്ധനകൾ വായിച്ചുമനസ്സിലാക്കിയോ? അതോ വായ്പക്കാരന്റെ വാക്കുകൾ വിശ്വസിക്കുകയാണോ?
സ്വതന്ത്ര നിയമോപദേശം: ഈ ഗ്യാരണ്ടി ഒപ്പിടുന്നതിനു മുമ്പ് ബാങ്കിന്റെയോ വായ്പക്കാരന്റെയോ ഭാഗമല്ലാത്ത വിദഗ്ധരിൽനിന്ന് ഉപദേശം തേടിയോ?
സൗഹൃദത്തിന്റെയോ ബിസിനസ് ബന്ധത്തിന്റെയോ പേരിൽ ജാമ്യക്കാരനായി ഒപ്പിടുമ്പോൾ, നിങ്ങളുടെ മുഴുവൻ സമ്പാദ്യവും പണയപ്പെടുത്താൻ തയ്യാറാണോ എന്ന് ആലോചിച്ചശേഷം മാത്രം ഇത്തരം ബാധ്യതകൾക്ക് കൂട്ടുനിൽക്കുക.
Published: 07 Sept 2026, 01:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented