ടിസ്ഥാന സൂചികയെ മറികടക്കുന്ന നേട്ടം ഫ്‌ളക്‌സി ക്യാപ് ഫണ്ടുകൾ നൽകിയെന്ന് കേട്ടപ്പോൾ സുജിത്ത് ആശ്വസിച്ചു. നിക്ഷേപ പോർട്ട്‌ഫോളിയോ നോക്കിയപ്പോഴാകട്ടെ അമ്പരക്കുകയും ചെയ്തു. അടിസ്ഥാന സൂചികയെ മറകടന്നു എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ നിക്ഷേപ മൂല്യം മുൻവർഷത്തേക്കാൾ കുറയുകയാണുണ്ടായത്.

To advertise here,

വിപണി തകർച്ച നേരിടുന്ന സമയത്ത് സൂചികയേക്കാൾ കുറഞ്ഞ തോതിൽ മാത്രം നഷ്ടം സംഭവിക്കുമ്പോൾ സാങ്കേതികമായി 'മികച്ച പ്രകടനം' ആയി കണക്കാക്കാം. വിപണിയെ മറികടക്കുന്ന നേട്ടം നൽകിയെന്ന് വിലയിരുത്തുമ്പോഴും തന്റെ നേട്ടത്തിൽ കുറവുണ്ടാകുന്നത് സഹിക്കാനാവില്ല. കാരണം, വെറും കണക്കുകളിലല്ല, യഥാർഥത്തിലുള്ള ധനസമാഹരണത്തിനാണ് നിക്ഷേപകൻ പ്രയത്‌നിക്കുന്നത്.

ഫ്‌ളക്‌സി ക്യാപ് ഫണ്ടുകൾ

നിക്ഷേപ പോർട്ട്ഫോളിയോകളിൽ ഫ്‌ളക്‌സി ക്യാപ് ഫണ്ടുകൾക്ക് നിർണായക സ്ഥാനമുണ്ട്. വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് നിക്ഷേപ ശൈലി ക്രമീകരിക്കാൻ ഫണ്ട് മാനേജർമാർക്ക് സ്വാതന്ത്ര്യമുണ്ട് എന്നതാണ് പ്രത്യേകത.

ലാർജ് ക്യാപ് ഫണ്ടുകൾ: സെബിയുടെ നിബന്ധന പ്രകാരം മൊത്തം നിക്ഷേപ നിധിയുടെ കുറഞ്ഞത് 80% വൻകിട കമ്പനികളിൽ നിക്ഷേപിച്ചിരിക്കണം.

ഫ്‌ളക്‌സി ക്യാപ് ഫണ്ടുകൾ: ലാർജ്, മിഡ്, സ്‌മോൾ ക്യാപ് കമ്പനികളിൽ എത്ര ശതമാനം നിക്ഷേപിക്കണം എന്നതിൽ ഇവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല. വിപണി സാഹചര്യം അനുസരിച്ച് എവിടെയും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ഫണ്ട് മാനേജർക്കുണ്ട്.

പിന്നിട്ട ഒരു വർഷത്തെ വിപണിയിലെ ഇടിവിൽനിന്ന് നിക്ഷേപകരെ രക്ഷിക്കാൻ ഫണ്ട് മാനേജർമാർക്ക് ' സ്വാതന്ത്ര്യം' പ്രയോജനപ്പെടുത്താമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫ്‌ളക്‌സി ക്യാപുകൾ അടിസ്ഥാന സൂചികയായി പരിഗണിക്കുന്ന നിഫ്റ്റി 500 സൂചികയുമായി താരതമ്യം ചെയ്താൽ ഇത് വ്യക്തമാകും.

കണക്കുകൾ പറയുന്നത്

അസ്ഥിരമായ വിപണിയിൽ 'ബെഞ്ച്മാർക്കിനെ മറികടന്നു' എന്നത് പലപ്പോഴും തറ്റായ ധാരണ സൃഷ്ടിച്ചേക്കാം. വിപണി താഴേക്ക് പോകുമ്പോൾ നഷ്ടത്തിന്റെ തോത് കുറയ്ക്കുക എന്നത് മാത്രമായിരിക്കും ഫണ്ട് മാനേജരുടെ മുന്നിൽ.

കഴിഞ്ഞ വർഷത്തെ കണക്കുകൾ വിശകലനം ചെയ്താൽ:

നിഫ്റ്റി 500 സൂചിക: 3.71% ഇടിവ് രേഖപ്പെടുത്തി.

ഫണ്ടുകളുടെ പ്രകടനം: ഈ വിഭാഗത്തിലെ 38 ഫണ്ടുകളിൽ 33 എണ്ണവും സൂചികയേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ശരാശരി ആദായം: ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി ആദായം -1.29% ആണ്. ഇത് സൂചികയേക്കാൾ 2.42 ശതമാനം മെച്ചപ്പെട്ട പ്രകടനമാണ്.

ഇതു പ്രകാരം 38-ൽ 33 ഫണ്ടുകളും മികവ് പുലർത്തിയതായി കാണാമെങ്കിലും നിക്ഷേപകരിൽ ഭൂരിഭാഗം പേർക്കും ഈ കാലയളവിൽ സമ്പത്ത് വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നഷ്ടം കുറച്ചു എന്നത് ഫണ്ട് മാനേജുമെന്റിന്റെ മികവ് ആണെങ്കിലും നിക്ഷേപകരുടെ സമ്പത്ത് വളർത്തുന്നതിൽ പരാജയപ്പെട്ടു.

നേട്ടമുണ്ടാക്കിയ ഫണ്ടുകൾ

വിപണിയിലെ പ്രതിസന്ധി ഘട്ടത്തിലും പോസിറ്റീവ് റിട്ടേൺ നൽകിയ ഫണ്ടുകൾ വളരെ കുറവാണ്.

സ്കീമിന്റെ പേര്

1 വർഷ റിട്ടേൺ (%)

ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് 

11.15

നവി ഫ്ലെക്സി ക്യാപ് ഫണ്ട് 

6.75

ഹീലിയോസ് ഫ്ലെക്സി ക്യാപ് ഫണ്ട് 

6.22

ബാങ്ക് ഓഫ് ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്

5.91

ഐടിഐ ഫ്ലെക്സി ക്യാപ് ഫണ്ട് 

5.63

എൽഐസി എംഎഫ് ഫ്ലെക്സി ക്യാപ് ഫണ്ട്

4.56

ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട്

4.22

ബജാജ് ഫിൻസെർവ് ഫ്ലെക്സി ക്യാപ് ഫണ്ട്

4.10

ഐസിഐസിഐ പ്രുഡൻഷ്യൽ ഫ്ലെക്സി ക്യാപ് ഫണ്ട്

3.91

എച്ച്എസ്ബിസി ഫ്ലെക്സി ക്യാപ് ഫണ്ട് 

2.60

മിറെ അസറ്റ് ഫ്ലെക്സി ക്യാപ് ഫണ്ട്

1.98

എഡൽവീസ് ഫ്ലെക്സി ക്യാപ് ഫണ്ട്

1.43

വൈറ്റ് ഓക്ക് ക്യാപിറ്റൽ ഫ്ലെക്സി ക്യാപ് ഫണ്ട്

0.71

ട്രസ്റ്റ് മ്യൂച്വൽ ഫണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്

0.60

ബറോഡ ബിഎൻപി പാരിബാ ഫ്ലെക്സി ക്യാപ് ഫണ്ട്

0.57

നേട്ടത്തിന്റെ കാര്യത്തിൽ ക്വാണ്ട് ഫ്‌ളക്‌സി ക്യാപ് ഫണ്ട് വേറിട്ടുനിൽക്കുന്നു. ബെഞ്ച്മാർക്കിനേക്കാൾ 15 ശതമാനം നേട്ടമാണ് ഒരു വർഷക്കാലയളവിൽ നൽകിയത്. തീവ്രമായ 'സെക്ടർ റൊട്ടേഷൻ' (Sector rotation), 'അഗ്രസീവ് അസറ്റ് അലോക്കേഷൻ' (Aggressive asset allocation) എന്നീ തന്ത്രങ്ങളുടെ പ്രതിഫലനമാണ് ഈ ഫണ്ടിൽ കാണുന്നത്. വിപണിയിലെ അവസരങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തിയതിലൂടെ മികച്ച നേട്ടം സ്വന്തമാക്കാൻ ക്വാണ്ടിനായി.

നിക്ഷേപ കേന്ദ്രീകരണം: വെല്ലുവിളികൾ

ഫണ്ടിന്റെ വിജയത്തേക്കാൾ പ്രധാനം എത്രത്തോളം നിക്ഷേപകർ ആ വിജയത്തിന്റെ ഭാഗമായി എന്നുള്ളതാണ്. ഇവിടെയാണ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി (AUM) നിർണായകമാകുന്നത്.

ലാഭത്തിലുള്ള ഫണ്ടുകൾ: പോസിറ്റീവ് റിട്ടേൺ നൽകിയ 15 ഫണ്ടുകളിലുള്ളത് വെറും 88,000 കോടി രൂപ (16% AUM) മാത്രമാണ്.

മൊത്തം ആസ്തി: ഫ്‌ളക്‌സി ക്യാപ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 5.43 ലക്ഷം കോടി രൂപയാണ്.

നിക്ഷേപകരുടെ പണം ഭൂരിഭാഗവും മൂന്ന് വമ്പൻ ഫണ്ടുകളിലാണുള്ളത്:

പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്: 1.41 ലക്ഷം കോടി രൂപ ആസ്തിയുള്ള ഈ ഫണ്ട് -1.19% റിട്ടേൺ ആണ് നൽകിയത്.

എച്ച്ഡിഎഫ്‌സി ഫ്‌ളക്‌സി ക്യാപ് ഫണ്ട്: ഒരു ലക്ഷം കോടി ആസ്തിയുള്ള ഈ ഫണ്ട് -0.14% റിട്ടേൺ രേഖപ്പെടുത്തി.

കോട്ടക് ഫ്‌ളക്‌സി ക്യാപ് ഫണ്ട്: 54,000 കോടി ആസ്തിയുള്ള ഈ ഫണ്ട് -1.36% റിട്ടേൺ നൽകി.

ഈ മൂന്ന് ഫണ്ടുകളിലെ നിക്ഷേപം മാത്രം ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിന്റെ ആകെ ആസ്തിയുടെ പകുതിയോളം വരും. ഈ ഭീമൻ ഫണ്ടുകൾ നിക്ഷേപകർക്ക് നഷ്ടം നൽകിയതിനാൽ 33 ഫണ്ടുകൾ സൂചികയെ മറികടന്നു എന്ന കണക്കിന് പ്രായോഗികതലത്തിൽ വലിയ പ്രസക്തിയില്ല. കാരണം ഭൂരിഭാഗം നിക്ഷേപകരുടെയും അനുഭവം നെഗറ്റീവ് റിട്ടേൺ തന്നെയായിരുന്നു.

പിന്നിലായവർ

വിപണി ഇടിയുമ്പോൾ സൂചികയേക്കാൾ കൂടുതൽ നഷ്ടം സംഭവിക്കുന്നത് ഫണ്ട് മാനേജ്മെന്റിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. അഞ്ച് ഫണ്ടുകളാണ് നിഫ്റ്റി 500 TRIയുടെ 3.71% ഇടിവിനേക്കാൾ താഴേക്ക് പോയത്.

  • എൻജെ ഫ്‌ളക്‌സി ക്യാപ് ഫണ്ട്: -4.08%
  • മോത്തിലാൽ ഒസ്‌വാൾ ഫ്‌ളക്‌സി ക്യാപ് ഫണ്ട്: -4.14%
  • ഫ്രാങ്ക്‌ളിൻ ടെംപിൾട്ടൺ ഫ്‌ളക്‌സി ക്യാപ് ഫണ്ട്: -5.14%
  • യുടിഐ ഫ്‌ളക്‌സി ഫ്‌ളക്‌സി ക്യാപ് ഫണ്ട്: -7.06%
  • സാംകോ ഫ്‌ളക്‌സി ക്യാപ് ഫണ്ട് :-9.18%

സാംകോ ഫ്‌ളക്‌സി ക്യാപ് ഫണ്ട് സൂചികയേക്കാൾ അഞ്ച് ശതമാനത്തിലധികം പിന്നിലായത് ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടത്തെ ബാധിക്കും.

നിക്ഷേപ പാഠം

മുൻകാല പ്രകടനവും ഭാവി സാധ്യതയും: മ്യൂച്വൽ ഫണ്ട് റാങ്കിങുകൾ എപ്പോൾ വേണമെങ്കിലും മാറാം. ഇന്നത്തെ വിജയികൾ നാളെ പിന്നിലായേക്കാം.

ദീർഘകാല കാഴ്ചപ്പാട്: ചുരുങ്ങിയ കാലയളവിൽ നേരിയ നഷ്ടം രേഖപ്പെടുത്തുന്ന വമ്പൻ ഫണ്ടുകൾക്ക് പലപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ ശക്തമായ ട്രാക്ക് റെക്കോർഡ് ഉണ്ടാകാറുണ്ട്.

റിസ്‌കിന് അനുസരിച്ചുള്ള ആദായം (Risk-adjusted returns): റിട്ടേണിനപ്പുറം ഫണ്ട് മാനേജർ എത്രത്തോളം റിസ്‌ക് എടുക്കുന്നു എന്നും വിപണിയിലെ തകർച്ചകളിൽ എങ്ങനെ പ്രതിരോധിക്കുന്നു എന്നതും പ്രധാനമാണ്.

നിക്ഷേപ കേന്ദ്രീകരണം: ഭൂരിഭാഗം നിക്ഷേപകരും ഒരു ഫണ്ടിൽ നിക്ഷേപിക്കുന്നു എന്നത് ആ ഫണ്ട് എപ്പോഴും ലാഭം നൽകുമെന്നതിന്റെ ഉറപ്പല്ല.

ഒരു വർഷത്തെ മാത്രം ലാഭനഷ്ട കണക്കുകൾ നോക്കാതെ വിവിധ വിപണി ചക്രങ്ങളിലൂടെ (Market cycles) ഫണ്ടുകൾ എങ്ങനെ കടന്നുപോകുന്നു എന്ന് വിലയിരുത്തുക. വിപണി താഴേക്ക് പോകുമ്പോൾ മൂലധന സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം വിപണി ഉയരുമ്പോൾ മികച്ച ആദായം നൽകാനുള്ള കഴിവും വിലയിരുത്തിവേണം നിക്ഷേപ തീരുമാനമെടുക്കാൻ.