നികുതി പരിഷ്‌കാരം കണക്കുകൂട്ടൽ എളുപ്പമാക്കിയെങ്കിലും നിക്ഷേപത്തിൽനിന്നുള്ള നേട്ടം കുറയാൻ ഇടായാക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ മാറിയ വ്യവസ്ഥകളെക്കുറിച്ച് നിക്ഷേപകർ ബോധവാന്മാരാകേണ്ടതുണ്ട്.

വർഷങ്ങൾക്കു മുമ്പ് വാങ്ങിയ ഭൂമി വിൽക്കാൻ തീരുമാനിച്ച വിജയൻ അതിന് ആദായ നികുതി നൽകേണ്ടിവരുമോയെന്ന ആശങ്കയിലാണ്. വസ്തുവോ സ്വർണമോ വിൽക്കുമ്പോൾ ലഭിക്കുന്ന നേട്ടത്തിന് നികുതി നൽകുന്നതിനോ ഐടിആർ ഫയൽ ചെയ്യുന്നതിനോ പലരും മെനക്കെടാറില്ല. തന്ത്രപൂർവം അവഗണിക്കാറാണ് പതിവ്. എന്നാൽ 2024ലെ ബജറ്റ് പ്രഖ്യാപനങ്ങൾക്കുശേഷം വിജയൻ ആശങ്കയിലാണ്. പുതിയ വ്യവസ്ഥകൾ എപ്രകാരമായിരിക്കും ബാധിക്കുക? ഇൻഡക്‌സേഷൻ ആനുകൂല്യം ഒഴിവാക്കിയത് തിരിച്ചടിയാകുമോ?
നികുതി വെട്ടിപ്പിന്റെയും പഴുതുകൾ ഉപയോഗിച്ച് ലാഭം മറച്ചുവെക്കുന്നതിന്റെയും കാലം അവസാനിച്ചിരിക്കുന്നു. നികുതി വല സർക്കാർ വിപുലമാക്കുകയും കർശന നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ മുന്നോട്ടുപോകുകയാണ് നല്ലത്.
മൂലധന നേട്ട നികുതി
2024ലെ കേന്ദ്ര ബജറ്റിൽ നികുതി ഘടന ലളിതമാക്കുന്നതിനും തർക്കങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമമാണ് നടത്തിയത്. വിവിധ ആസ്തികൾക്ക് വ്യത്യസ്തമായിരുന്ന നികുതി നിരക്കുകൾ ഏകീകൃത രീതിയിലേക്ക് കൊണ്ടുവന്നു. ഇക്വിറ്റി പോലെയുള്ള ആസ്തികളിൽ 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല നേട്ടത്തിന് നികുതി ഇളവ് നൽകിയത് ചെറുകിട നിക്ഷേപകർക്ക് നേട്ടമായി.
| ആസ്തി | ഹ്രസ്വകാല നികുതി (STCG) | ദീർഘകാല നികുതി (LTCG) | ഹോൾഡിംഗ് പിരീഡ് |
|---|---|---|---|
| ലിസ്റ്റഡ് ഇക്വിറ്റി / ഇക്വിറ്റി മ്യൂച്വൽ ഫണ്ട് | 20% (STT സഹിതം) | 12.5% * | 12 മാസം |
| റിയൽ എസ്റ്റേറ്റ് (വസ്തു) | സ്ലാബ് നിരക്ക് | 12.5% | 24 മാസം |
| ഗോൾഡ് ഇടിഎഫ് / ഗോൾഡ് ഫണ്ട് ** | സ്ലാബ് നിരക്ക് | 12.5% | 12 മാസം |
| ഇന്റർനാഷണൽ ഇടിഎഫ് & ഫണ്ട്സ് ഓഫ് ഫണ്ട്സ് (FoF) | സ്ലാബ് നിരക്ക് | 12.5% | 24 മാസം |
| അൺലിസ്റ്റഡ് ഓഹരി / മറ്റ് ആസ്തികൾ | സ്ലാബ് നിരക്ക് | 12.5% | 24 മാസം |
* ഓഹരി നിക്ഷേപത്തിലെ 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല നേട്ടത്തിന് നികുതിയില്ല. അതിനു മുകളിലുള്ള തുകയ്ക്ക് മാത്രം 12.5 ശതമാനം. ** ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ.
നികുതി നിരക്ക് ഏകീകരിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഇൻഡക്‌സേഷൻ ആനുകൂല്യം നഷ്ടപ്പെട്ടത് തിരിച്ചടിയായി.
റിയൽ എസ്റ്റേറ്റും ആദായ നികുതിയും
പണപ്പെരുപ്പത്തിന്(Inflation) അനുസൃതമായി ആസ്തിയുടെ വാങ്ങൽ വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് ഇൻഡക്‌സേഷൻ (Indexation). നിക്ഷേപകരുടെ നേട്ടം കുറച്ചു കാണിക്കാനും നികുതി ലാഭിക്കാനും ഇതിലൂടെ കഴിയുമായിരുന്നു. പുതിയ വ്യവസ്ഥ ആനുകൂല്യം ലഭ്യമല്ല.
2024 ജൂലൈ 23-ന് മുൻപ് വാങ്ങിയ വസ്തു വിൽക്കുന്നവർക്ക് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. താഴെ പറയുന്ന രണ്ട് രീതികളിൽ ഏതാണോ ഏറ്റവും കുറഞ്ഞ തുക വരുന്നതെന്ന് വിലയിരുത്തി തീരുമാനമെടുക്കാം.
- ഇൻഡക്‌സേഷൻ ഇല്ലാതെ 12.5% നികുതി.
- ഇൻഡക്‌സേഷൻ ആനുകൂല്യത്തോടെ 20% നികുതി.
വസ്തു വിൽക്കുന്നതിന് മുൻപ് രണ്ട് രീതികളിലും നികുതി കണക്കാക്കി താരതമ്യം ചെയ്യുകയാണ് വേണ്ടത്. 2024 ജൂലൈ 23-ന് ശേഷം വാങ്ങിയ വസ്തുവിന് ഈ ആനുകൂല്യം ലഭിക്കില്ല.
- ഇൻഡക്‌സേഷൻ ആനുകൂല്യം നിർത്തി.
- മൊത്തം നേട്ടത്തിന്മേൽ 12.5 ശതമാനം നികുതി നൽകണം.
- വിലക്കയറ്റത്തിന്റെ സാഹചര്യങ്ങളിൽ മുൻപത്തേക്കാൾ ഉയർന്ന നികുതി ബാധ്യത നേരിടേണ്ടി വരും.
ഡെറ്റ് മ്യൂച്വൽ ഫണ്ടും ഗോൾഡ് ഇടിഎഫും
ഡെറ്റ് ഫണ്ടുകളുടെയും സ്വർണത്തിന്റെയും നികുതി നിർണയത്തിൽ നിക്ഷേപ തീയതിക്ക് പ്രാധാന്യമുണ്ട്. കടപ്പത്രങ്ങളിൽ 65 ശതമാനത്തിലധികം നിക്ഷേപമുള്ള ഡെറ്റ് ഫണ്ടുകളുടെ ആനുകൂല്യം പിൻവലിച്ചു.
ഡെറ്റ് ഫണ്ട് (2023 ഏപ്രിൽ ഒന്നിനു ശേഷം): ദീർഘകാല മൂലധന നേട്ട നികുതി (LTCG)ക്ക് ബാധകമായ ആനുകൂല്യം ലഭ്യമല്ല. ഇവയിൽ നിന്നുള്ള നേട്ടത്തിന് സ്ലാബ് നിരക്കിലാണ് നികുതി നൽകേണ്ടത്. അതായത്, ലാഭം മൊത്തം വരുമാനത്തോട് ചേർക്കുകയും ഏത് നികുതി സ്ലാബിലാണോ (5%, 10%, 20%, 30%) ആ നിരക്കിൽ നികുതി നൽകുകയും വേണം.
ഡെറ്റ് മ്യൂച്വൽ ഫണ്ട് (2023 ഏപ്രിൽ ഒന്നിനു മുൻപ്): ഈ തീയതിക്ക് മുൻപ് വാങ്ങിയ ഫണ്ടുകൾ 24 മാസം കൈവശം വെച്ചാൽ 12.5ശതമാനം ദീർഘകാല മൂലധന നേട്ടം ബാധകമാകും.
പ്രത്യേക വിഭാഗം: ഇന്റർനാഷണൽ ഇടിഎഫുകൾ, ഫണ്ട്‌സ് ഓഫ് ഫണ്ടുകൾ (FoFs) എന്നിവയ്ക്ക് ദീർഘകാല നേട്ടം കണക്കാക്കാൻ 24 മാസം ഹോൾഡിംഗ് പിരീഡ് ആവശ്യമാണ്.
നികുതി ആസൂത്രണം
ഹോൾഡിംഗ് പിരീഡ് വിശകലനം ചെയ്യുക: 12 മാസമാണോ 24 മാസമാണോ ആസ്തി കൈവശം വെക്കേണ്ടതെന്ന് ഉറപ്പാക്കുക. അതറിയാതെ ഹോൾഡിംഗ് പിരീഡ് തികയുന്നതിന് തൊട്ടുമുമ്പ് വിറ്റാൽപോലും കാര്യമായ നികുതി നഷ്ടമുണ്ടാകും.
എസ്ടിടി ബാധകമായ ആസ്തികൾ: സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് (STT) ബാധകമായ ലിസ്റ്റഡ് ഓഹരികൾക്ക് ഹ്രസ്വകാല ലാഭത്തിന് 20 ശതമാനം നികുതി നൽകണം. അല്ലാത്തവയ്ക്ക് സ്ലാബ് നിരക്കാണ് ബാധകം.
ഇൻഡക്‌സേഷൻ താരതമ്യം: പഴയ റിയൽ എസ്റ്റേറ്റ് നിക്ഷേപകർ 12.5 ശതമാനം, 20 ശതമാനം എന്നീ രണ്ട് രീതികളും കണക്കാക്കി കുറഞ്ഞ നികുതിയുള്ളത് തിരഞ്ഞെടുക്കുക.
സ്ലാബ് നിരക്കുകളുടെ സ്വാധീനം: ഡെറ്റ് ഫണ്ടുകൾ, ഹ്രസ്വകാല സ്വർണ നിക്ഷേപം എന്നിവയിൽ നിന്നുള്ള ലാഭം സ്ലാബ് നിരക്കിൽ വരുന്നതിനാൽ ഉയർന്ന വരുമാനമുള്ളവർ നിക്ഷേപം പിൻവലിക്കുമ്പോൾ നികുതി ബാധ്യത മുൻകൂട്ടി കാണുക.
മാറ്റം ശ്രദ്ധിക്കുക:
നികുതി സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. നിക്ഷേപം പിൻവലിച്ച് പണമാക്കുമ്പോൾ നേട്ടം മറച്ചുവെച്ചാൽ ഭാവിയിൽ കനത്ത പിഴയ്ക്കും നിയമനടപടികൾക്കും കാരണമാകും. സകലരേയും നികുതിവലയ്ക്കുള്ളിൽ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മൂലധന നേട്ടം കൃത്യമായി ഐടിആറിൽ രേഖപ്പെടുത്തുക.
നികുതി പരിഷ്‌കാരം കണക്കുകൂട്ടൽ എളുപ്പമാക്കിയെങ്കിലും നിക്ഷേപത്തിൽനിന്നുള്ള നേട്ടം കുറയാൻ ഇടായാക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ മാറിയ വ്യവസ്ഥകളെക്കുറിച്ച് നിക്ഷേപകർ ബോധവാന്മാരാകേണ്ടതുണ്ട്.
Content Highlights: Uniform tax structure introduced for various assets in the 2024 Budget., Long-term capital gains tax on equity set at 12.5% with a 1.25 lakh exemption., Indexation benefit removed for real estate, with a grandfathering clause for assets bought before July 23, 2024., Debt mutual funds and gold ETFs face tax changes based on acquisition dates and holding periods., Importance of accurate ITR filing to avoid government penalties.
Published: 30 Jun 2026, 11:17 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented