കൃത്യമായ അറിവോടെയും ആസൂത്രണത്തോടെയും ചെയ്യേണ്ടതാണ് നിക്ഷേപം. സാങ്കേതിക വിദ്യയുടെ അതിപ്രസരംമൂലം, കാസിനോയിലെ മിന്നിമറയുന്ന നിയോൺ വെളിച്ചം സുരക്ഷിതമായ തുറമുഖത്തെ വിളക്കുമാടമായി തെറ്റിദ്ധരിക്കുന്നില്ലെന്ന് നിക്ഷേപകർ ഉറപ്പുവരുത്തേണ്ടതുണ്ട്.

വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി സമാഹരിച്ച തുക സുരക്ഷിതമായി നിക്ഷേപിക്കാനുള്ള വഴിതേടിയിറങ്ങിയ അദ്ദേഹം മനോഹരമായ ചെറുപട്ടണത്തിലെത്തി. ഇഷ്ടംപോലെ ഷോപ്പുകളുള്ള ചെറിയ മാൾ കണ്ടു. താരതമ്യേന സുരക്ഷിതവും തരക്കേടില്ലാത്ത വാടകയും ലഭിക്കും. ആറ് മാസത്തിനുള്ളിൽ വിറ്റാൽപോലും ഇരട്ടിയോളം നേട്ടമുണ്ടാക്കാം. കെട്ടിട ഉടമയുടെ അത്യാവശ്യം ചുളുവിലയ്ക്ക് ലഭിക്കാനുള്ള വഴിയൊരുക്കി.
തീറെല്ലാം കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം കെട്ടിടത്തിനകത്ത് കയറിയപ്പോൾ ചവിട്ടി നിന്നിരുന്ന തറ റോളർ കോസ്റ്റർ പോലെ മുകളിലേക്കും താഴേക്കും അതിവേഗം ചലിക്കാൻ തുടങ്ങി. ശാന്തമായ ഓഫീസ് ചുവരുകൾ അതിശക്തമായി കുലുങ്ങി. സുരക്ഷിതമായ നിക്ഷേപത്തിന് പകരം താൻ എത്തിപ്പെട്ടത് വൻ ചൂതാട്ടം നടക്കുന്ന കാസിനോയിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഇനി ദക്ഷിണ കൊറിയയിലേക്ക് പോകാം. അവിടെ എന്താണ് സംഭവിച്ചത്? ലളിതവും താരതമ്യേന സുരക്ഷിതവുമാണെന്ന് കരുതിയിരുന്ന ലിവറേജ്ഡ് ഇടിഎഫുകൾ വിപണിയെ റോളർ കോസ്റ്റർ പോലെ പിടിച്ചുലക്കുന്നു. 'കാസിനോ ഇടിഎഫ്' എന്ന് അറിയപ്പെടുന്ന ഇവയുടെ സ്വാധീനംമൂലം ദക്ഷിണ കൊറിയൻ വിപണിയിൽ കനത്ത തകർച്ചയും തിരിച്ചുവരവും അടിക്കടി രൂപപ്പെടുന്നു.
വൈവിധ്യവത്കരണത്തിലൂടെ നഷ്ടസാധ്യത കുറച്ച് മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന പരമ്പരാഗത ഇടിഎഫുകളെ വൻകിട നിക്ഷേപ സ്ഥാപനങ്ങൾ ഹൈജാക്ക് ചെയ്തിരിക്കുന്നു. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) എന്ന നിക്ഷേപ ആശയം വഴിതിരിച്ചുവിട്ട് അമിത ലാഭത്തിനായി ചൂതാട്ടം നടത്തുന്ന 'സിംഗിൾ സ്റ്റോക്ക് ലിവറേജ്ഡ് ഇടിഎഫുകൾ' വിപണിയിലിറക്കി കളിച്ചതാണ് ദക്ഷിണ കൊറിയയിൽ സംഭവിച്ചത്.
ലിവറേജ്ഡ് ഇടിഎഫ്
തിരഞ്ഞെടുത്ത ഓഹരികളിൽ പണം വിന്യസിക്കുന്ന രീതിയാണ് സാധാരണ ഇടിഎഫുകളിൽ. ഒന്നോ രണ്ടോ ഓഹരികൾ തകർച്ച നേരിട്ടാലും മറ്റ് ഓഹരികൾ നേട്ടമുണ്ടാക്കുന്നതിനാൽ നഷ്ടസാധ്യത താരതമ്യേന കുറവായിരിക്കും. എന്നാൽ ഇടിഎഫിന്റെ അടിസ്ഥാന തത്വംതന്നെ പാടെ അവഗണിക്കുന്നവയാണ് 'ലിവറേജ്ഡ് ഇടിഎഫുകൾ'
| സവിശേഷതകൾ | പരമ്പരാഗത ഇടിഎഫുകൾ | സിംഗിൾ-സ്റ്റോക്ക് ലിവറേജ്ഡ് ഇടിഎഫ് |
|---|---|---|
| നിക്ഷേപ രീതി | പണം നിരവധി കമ്പനികളിൽ നിക്ഷേപിക്കുന്നു | ഒരു നിശ്ചിത ഓഹരിയിൽ മാത്രം മുഴുവൻ പണവും നിക്ഷേപിക്കുന്നു (High Risk). |
| മൂലധനം | നിക്ഷേപകന്റെ കൈവശമുള്ള തുക മാത്രം ഉപയോഗിക്കുന്നു. | ലാഭം കൂട്ടാൻ കടമെടുത്ത പണം (Leverage) വൻതോതിൽ ഉപയോഗിക്കുന്നു. |
| പ്രതിദിന മാറ്റങ്ങൾ | വിപണിയുടെ ഗതിക്കനുസരിച്ച് സ്വാഭാവികമായ ചലനം. | ഓരോ ദിവസവും കനത്ത ചാഞ്ചാട്ടം സൃഷ്ടിക്കുന്നു |
| ലക്ഷ്യം | ദീർഘകാലത്തേക്കുള്ള സുസ്ഥിരമായ സമ്പാദ്യം. | പ്രതിദിന ഇടപാട് വഴിയുള്ള ഹ്രസ്വകാല ചൂതാട്ടം. |
ലിവറേജ്ഡ് ഇടിഎഫുകൾ 'കാസിനോ' പോലെ പ്രവർത്തിക്കുന്നു എന്ന് പറയുന്നതിന്റെ കാരണം അവയുടെ ഘടനയാണ്. പണം കടം വാങ്ങി ഓഹരിയിൽ നിക്ഷേപിച്ച് വൻതോതിൽ ലാഭമുയർത്താനുള്ള നീക്കം. ലാഭമുണ്ടായാൽ അത്രയും വലുതായിരിക്കും. നഷ്ടം സംഭവിക്കുമ്പോഴാകട്ടെ അപ്രതീക്ഷിതമായി തകർന്നടിയുകയും ചെയ്യും. ഇടിഎഫ് എന്ന മൂന്നക്ഷരം നൽകുന്ന സുരക്ഷിതത്വബോധം ഇവിടെ വെറുമൊരു മറ മാത്രമാണ്.
ദക്ഷിണ കൊറിയയിലെ തകർച്ച
ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി സൂചികയായ 'കോസ്പി' (KOSPI) കുറച്ച് ആഴ്ചകളായി അസാധാരണമായ ചാഞ്ചാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വികസിത രാജ്യങ്ങളുടെ പ്രധാന സൂചികയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ കാര്യങ്ങൾ തകിടം മറിഞ്ഞു.
- കോസ്പി സൂചിക ഒരൊറ്റ ദിവസം കൊണ്ട് ഒൻപത് ശതമാനം വരെ താഴേക്ക് പതിക്കുന്ന സാഹചര്യമുണ്ടായി.
- വലിയ തകർച്ചയ്ക്ക് തൊട്ടുപിന്നാലെ അത്രതന്നെ ശക്തമായ രീതിയിൽ തിരിച്ചുകയറുകയും ചെയ്തു.
എഐ ബൂമിൽ കുതിച്ച ചിപ്പ് കമ്പനികൾക്ക് വൻ ഡിമാൻഡ് പ്രത്യക്ഷപ്പെട്ടതാണ് എല്ലാറ്റിനും അടിസ്ഥാനം. ലോകമെമ്പാടും ഐഎ ചിപ്പുകൾക്ക് ആവശ്യം കൂടിയതോടെ ഒരു വർഷത്തിനിടെ ഇവയുടെ ഓഹരികൾ നാല് മടിങ്ങിലധികം നേട്ടമുണ്ടാക്കി. സാംസങ്, എസ്‌കെ ഹൈനിക്‌സ് എന്നീ ചിപ്പ് നിർമാണ കമ്പനികൾക്ക് ദക്ഷിണ കൊറിയൻ സൂചികയുടെ പത്തുശതമാനത്തോളം വിഹിതമുണ്ട്. അങ്ങനെയാണ് ഈ രണ്ട് ഓഹരികളിൽ നിക്ഷേപിക്കുന്ന ലിവറേജ്ഡ് ഫണ്ടുകൾ രംഗത്തെത്തിയത്. ഇത്തരത്തിൽ പതിമൂന്നോളം ഫണ്ടുകൾ വിപണിയിലെത്തി.
എഐ ബൂമിൽ ആശങ്ക രൂപപ്പെട്ടപ്പോൾ ഫണ്ടുകളിൽ തകർച്ച തുടങ്ങി. സൂചിക ജൂണിലെ ഉയർന്ന നിലയിൽനിന്ന് 25 ശതമാനം ഇടിവ് നേരിട്ടു. ഒരോ ദിവസവും കനത്ത ചാഞ്ചാട്ടം വിപണിയിലുണ്ടായി. ഈ വർഷം മാത്രം 37 തവണ വ്യാപാരം നിർത്തിവെക്കേണ്ടിവന്നു.
സ്ഥിരതയുള്ള വൻകിട വിപണികളിൽ ഇത്തരം മാറ്റങ്ങൾ അപൂർവമാണ്. കനത്ത ചാഞ്ചാട്ടത്തിന് സമാനമായ അസ്ഥിരതയുടെ പ്രധാന കാരണക്കാരൻ 'സിംഗിൾ-സ്റ്റോക്ക് ലിവറേജ്ഡ് ഇടിഎഫുകൾ' തന്നെ. വിപണിയിൽ കൃത്രിമമായ സമ്മർദമുണ്ടാക്കുകയും നിക്ഷേപകരെ ഭീതിയിലാഴ്ത്തി ഓഹരികളുടെ വില അനിയന്ത്രിതമായി ചലിപ്പിക്കുകയും ചെയ്യുന്നു.
ഇടിഎഫിന്റെ പ്രവർത്തനം
ഭവന വായ്പയെടുത്ത് വീട് വാങ്ങുന്നുവെന്ന് സങ്കൽപ്പിക്കുക. 1,000 രൂപ വിലയുള്ള വീടിന് നിങ്ങളുടെ കൈവശമുള്ളത് 500 രൂപയാണ്. ബാക്കി തുകയാണ് വായ്പയെടുക്കുന്നത്. അതായത് നിങ്ങളുടെ കൈവശമുള്ള 500 രൂപകൊണ്ട് ആയിരം രൂപയുടെ സ്വത്തിന്റെ അവകാശം നിങ്ങൾക്ക് ലഭിക്കുന്നു. വീടിന്റെ വിലയിലുണ്ടാകുന്ന 10 ശതമാനം മാറ്റം നിങ്ങളുടെ നിക്ഷേപത്തിൽ 20 ശതമാനം ലാഭത്തിന് കാരണമാകുന്നു.
|
| വിലയിലെ മാറ്റം (10%) | വായ്പ തിരിച്ചടവിന് ശേഷമുള്ള തുക | നിക്ഷേപകന്റെ ലാഭം/നഷ്ടം (20%) |
|---|---|---|---|
| വില വർധന | 2000 രൂപ- > 2200 രൂപ | 2200-1000 = 1200 രൂപ | 20% ലാഭം (1000-ൽ നിന്ന് 1200 ആയി) |
| വില ഇടിവ് | 2000 രൂപ-> 1800 രൂപ | 1800 - 1000 = 800 രൂപ | 20% നഷ്ടം (1000-ൽ നിന്ന് 800 ആയി) |
വസ്തുവിന്റെ വിലയിലുണ്ടാകുന്ന ഓരോ ചലനവും നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഇരട്ടി ലാഭത്തിന് കാരണമാകുന്നു. റിയൽ എസ്‌റ്റേറ്റിലെ ഈ തത്വംതന്നെയാണ് സിംഗിൾ സ്‌റ്റോക്ക് ഇടിഎഫിലും സംഭവിക്കുന്നത്. വീടിന് പകരം ഓഹരിയാണെന്നുമാത്രം. 1000 രൂപ നിക്ഷേപിക്കുമ്പോൾ ഫണ്ട് മാനേജർ നിങ്ങൾക്കായി 2,000 രൂപയുടെ ഓഹരി നിക്ഷേപം ക്രമീകരിക്കുന്നു.
ഇത്തരത്തിലുള്ള കടമെടുപ്പ് സംവിധാനം ഓരോ ദിവസവും പുനഃക്രമീകരിക്കുന്നു. അതായത് ഓരോ ദിവസത്തെയും ഓഹരി വിലയുടെ അടിസ്ഥാനത്തിലാണ് ഇരട്ടി ലാഭമോ നഷ്ടമോ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഓഹരി വിലയിൽ അന്ന് മൂന്നു ശതമാനം വർധനവുണ്ടായാൽ നിക്ഷേപകന് ആറ് ശതമാനം ലാഭം ലഭിക്കുന്നു. മൂന്നു ശതമാനം ഇടിവ് നേരിട്ടാലാകട്ടെ നഷ്ടം ആറ് ശതമാനമായിരിക്കും.
സിംഗിൾ സ്‌റ്റോക്ക് ഇടിഎഫിൽ നിക്ഷേപകന്റെ തുകയ്ക്ക് ആനുപാതികമായി പണം നൽകുന്നത് വൻകിട ബാങ്കുകളാണ്. അതായത് ബാങ്കുകൾ നേരിട്ട് ചൂതാട്ടത്തിൽ ഏർപ്പെടുന്നില്ല, അവർ ഇവിടെ സേവന ദാതാവ് മാത്രമാണ്. ഫണ്ടിന് നൽകുന്ന വാഗ്ദാനം പാലിക്കുന്നതിനായി ബാങ്ക് കൃത്യം അത്രയും തുകയുടെ ഓഹരികൾ വാങ്ങി സൂക്ഷിക്കുന്നു. ഓഹരി വില ഉയരുകയാണെങ്കിൽ ബാങ്ക് ഫണ്ടിന് ലാഭം കൈമാറുന്നു. വില കുറയുമ്പോഴുണ്ടാകുന്ന നഷ്ടം നിക്ഷേപകന്റെ പണത്തിൽനിന്ന് ഈടാക്കുന്നു. ബാങ്കിന് വിപണിയിലെ റിസ്‌കിനെ പേടിക്കേണ്ടതില്ല. അവരുടെ പണം എപ്പോഴും സുരക്ഷിതമായിരിക്കുമെന്ന് ചുരുക്കം. ലാഭത്തിലായാലും നഷ്ടത്തിലായാലും നിശ്ചിത ശതമാനം ഫീസും ബാങ്കുകൾ ഈടാക്കും.
ഇന്ത്യൻ സൂചികകളെ ബാധിക്കുമോ?
പരസ്പരം ബന്ധമുള്ളവയാണ് ആഗോള വിപണികൾ. അതിനാൽ തന്നെ ദക്ഷിണ കൊറിയയിലെ വിപണിയിൽ ഉണ്ടാകുന്ന ഓരോ ചലനവും ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിലും പ്രതിഫലിക്കുന്നു. വിപണിയിലുണ്ടാകുന്ന വൻ വീഴ്ചകൾ ഉടൻ വാർത്തയാകുകയും ഇവിടത്തെ നിക്ഷേപകർക്കിടയിൽ പരിഭ്രാന്തി പടർത്തുകയും ചെയ്യുന്നു.
കോസ്പിയിലെ ചാഞ്ചാട്ടം പലപ്പോഴും നിഫ്റ്റിയെയും സെൻസെക്‌സിനെയും ബാധിക്കാറുണ്ട്. ഇതിനേക്കാൾ ഗൗരവകരമായി കാണേണ്ട ഒന്നുണ്ട്. 'കാസിനോ ഇടിഎഫുകൾ' ഇന്ത്യൻ വിപണിയിലേക്കും പടരാനുള്ള സാധ്യതയാണത്. നേരിട്ട് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപിച്ചില്ലെങ്കിൽ പോലും ആഗോളതലത്തിൽ നിക്ഷേപകർക്കിടയിലുണ്ടാകുന്ന 'ചൂതാട്ട സ്വഭാവം' (Behavioral shift) ആഭ്യന്തര വിപണിയുടെ സ്ഥിരതയെപ്പോലും വെല്ലുവിളിക്കുന്നു. അതുകൊണ്ടുതന്നെ വേഗത്തിൽ ലാഭമുണ്ടാക്കുന്ന അപകടകരമായ രീതികളിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കും വരുംകാലങ്ങളിൽ ഭീഷണിയായേക്കാം.
മനസിലാക്കേണ്ട പാഠങ്ങൾ:
- ഇടിഎഫ് എന്ന് കേൾക്കുമ്പോഴേ സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്. ഉള്ളടക്കവും പ്രവർത്തന രീതിയും (Underlying mechanics) കൃത്യമായി മനസ്സിലാക്കുക.
- കടംവാങ്ങി നിക്ഷേപം നടത്തുന്നത് നഷ്ടം ഇരട്ടിയാക്കും. ദീർഘകാല നിക്ഷേപകരല്ല ഇപ്രകാരം ചെയ്യുക. പെട്ടെന്ന് ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ റിസ്‌ക് കൂടിയ ഹ്രസ്വകാല ചൂതാട്ടങ്ങൾക്കാണ് കടം വാങ്ങി നിക്ഷേപം നടത്തുന്നത്.
- ലോകത്തിന്റെ ഏതോ കോണിലുണ്ടാകുന്ന സാമ്പത്തിക ചൂതാട്ടം നിങ്ങളുടെ പോർട്ട്‌ഫോളിയോയെയും ബാധിച്ചേക്കാമെന്ന ബോധ്യം എപ്പോഴും വേണം.
കൃത്യമായ അറിവോടെയും ആസൂത്രണത്തോടെയും ചെയ്യേണ്ടതാണ് നിക്ഷേപം. സാങ്കേതിക വിദ്യയുടെ അതിപ്രസരംമൂലം, കാസിനോയിലെ മിന്നിമറയുന്ന നിയോൺ വെളിച്ചം സുരക്ഷിതമായ തുറമുഖത്തെ വിളക്കുമാടമായി തെറ്റിദ്ധരിക്കുന്നില്ലെന്ന് നിക്ഷേപകർ ഉറപ്പുവരുത്തേണ്ടതുണ്ട്.
Content Highlights: Explanation of how single-stock leveraged ETFs function as 'Casino ETFs'., Analysis of extreme volatility in the South Korean KOSPI index., The mechanics of debt-funded leveraged investment strategies., Potential contagion risks for global and Indian financial markets., Essential guidance for investors to distinguish between safe ETFs and speculative assets.
Published: 21 Jul 2026, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented