പരസ്യവരുമാനം, ബ്രാൻഡ് പ്രൊമോഷൻ, അഫിലിയേറ്റ് കമ്മീഷൻ, ഫ്രീലാന്സിങ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം നികുതിവിധേയമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ വിഭാഗക്കാര്ക്ക് റിട്ടേണ് നല്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

സോഷ്യൽ മീഡിയ, ട്രേഡിങ്, ഫ്രീലാന്സിങ് എന്നിവയിലൂടെ അധിക വരുമാനം നേടുന്ന മലയാളികളുടെ എണ്ണം ഏറിവരികയാണ്. എന്നാൽ ഈ വരുമാനം കൃത്യമായി ആദായനികുതി റിട്ടേണിൽ (ഐടിആർ) കാണിക്കുന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്.
ഓഡിറ്റിങ് ആവശ്യമില്ലാത്ത ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമുള്ളവർക്ക് 2025-26 സാമ്പത്തികവർഷത്തെ ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. പരസ്യവരുമാനം, ബ്രാൻഡ് പ്രൊമോഷൻ, അഫിലിയേറ്റ് കമ്മീഷൻ തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം നികുതിവിധേയമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വരുമാനരേഖകൾ സൂക്ഷിക്കുക, ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക, ജിഎസ് ടി, ടിഡിഎസ് ബാധ്യതകൾ മനസ്സിലാക്കുക എന്നിവ പ്രധാനമാണ്.
വരുമാനമാർഗങ്ങൾ
ആധുനിക കണ്ടന്റ് ക്രിയേറ്റർമാരുടെ വരുമാനം പലപ്പോഴും ഒരൊറ്റ സ്രോതസ്സിൽ ഒതുങ്ങുന്നില്ല. ഈ ചിതറിക്കിടക്കുന്ന വരുമാന മാർഗ്ഗങ്ങളെല്ലാം തന്നെ പ്രൊഫഷണൽ വരുമാനത്തിന്റെ പരിധിയിലാണ് നികുതി വകുപ്പ് ഉൾപ്പെടുത്തുന്നത്. പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകൾ താഴെ പറയുന്നവയാണ്.
പ്ലാറ്റ്‌ഫോം വരുമാനം: യൂട്യൂബ് ആഡ്‌സെൻസ് (AdSense), ഇൻസ്റ്റാഗ്രാം ഇൻസെന്റീവുകൾ.
കൊളാബറേഷനുകൾ: ബ്രാൻഡ് ഡീലുകൾ, സ്‌പോൺസർ ചെയ്ത ഉള്ളടക്കം.
ഡിജിറ്റൽ ഇടപെടലുകൾ: സൂപ്പർ ചാറ്റുകൾ (Super Chats), മെമ്പർഷിപ്പുകൾ, ഫാൻ കോൺട്രിബ്യൂഷനുകൾ.
മറ്റു വരുമാനങ്ങൾ: അഫിലിയേറ്റ് കമ്മീഷനുകൾ, ഉൽപ്പന്നവിൽപ്പന (Merchandise), ഡിജിറ്റൽ ഉൽപ്പന്നങ്ങൾ.
പ്രത്യേക ആനുകൂല്യങ്ങൾ: ബ്രാൻഡുകളിൽനിന്ന് ലഭിക്കുന്ന സൗജന്യ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ (Perquisites).
ഓഹരിവിപണിയിൽ ഡെറിവേറ്റീവ് ഇടപാടുകൾ നടത്തുന്നവർ വരുമാനം മൂലധനനേട്ടമായിട്ടല്ല രേഖപ്പെടുത്തേണ്ടത്. നികുതിവ്യവസ്ഥ പ്രകാരം എഫ്.ആൻഡ് ഒ. ഇടപാടുകൾ 'നോൺ സ്‌പെകുലേറ്റീവ് ബിസിനസ് ഇൻകം' ആയാണ് പരിഗണിക്കുന്നത്. അതേസമയം, ദിനവ്യാപാരം (ഡേ ട്രേഡിങ്) സ്‌പെക്യുലേറ്റീവ് ബിസിനസ് ഇൻകം ആയി രേഖപ്പെടുത്തുകയും വേണം.
ഇതിൽനിന്നുള്ള നഷ്ടം കൈകാര്യം ചെയ്യുമ്പോൾ CYLA (Current Year Loss Adjustment), BFLA (Brought Forward Loss Adjustment), CFL (Carry Forward Loss) എന്നീ ഷെഡ്യൂളുകൾ കൃത്യമായി പൂരിപ്പിക്കണം. എഫ്.ആൻഡ് ഒ.യിൽനിന്നുള്ള നഷ്ടം ശമ്പളവരുമാനത്തിൽനിന്ന് തട്ടിക്കിഴിക്കാനാകില്ല. നഷ്ടങ്ങൾ ഭാവിയിലേക്ക് പരിഗണിച്ച് കിഴിവ് (ക്യാരി ഫോർവേഡ്) ചെയ്യാൻ ഐടിആർ 3 പോലുള്ള വിശദമായ ഫോമുകൾ തിരഞ്ഞെടുക്കണം.
ഐടിആർ ഫോം എങ്ങനെ തിരഞ്ഞെടുക്കാം?
വരുമാനത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ഐടിആർ ഫോം തിരഞ്ഞെടുത്തില്ലെങ്കിൽ റിട്ടേൺ അസാധുവായേക്കാം.
ഐടിആർ 4: പ്രിസംപ്റ്റീവ് ടാക്‌സേഷൻ പദ്ധതിപ്രകാരം നികുതി നൽകുന്നവർക്കുള്ള ലളിതമായ ഫോമാണിത്. ഇൻഫ്ലുവൻസർമാർ പ്രൊഫഷണലുകൾ ആയതിനാൽ വകുപ്പ് 44ADA ആണ് ഇവർക്ക് ബാധകമാകുക. ചെറുകിട ബിസിനസ്സുകാർക്ക് വകുപ്പ് 44AD ഉപയോഗിക്കാം.
- വകുപ്പ് 44AD (ബിസിനസ്): ടേണോവർ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിൽ ഇത് ഉപയോഗിക്കാം. എന്നാൽ പണമിടപാടുകൾ (ക്യാഷ്) മൊത്തം വരുമാനത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയാണെങ്കിൽ ഈ പരിധി മൂന്നു കോടി രൂപ വരെയാണ്.
- വകുപ്പ് 44ADA (പ്രൊഫഷണലുകൾ): വരുമാനം 50 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഈ ഫോം തിരഞ്ഞെടുക്കാം. ഇവിടെയും ക്യാഷ് ഇടപാടുകൾ അഞ്ച് ശതമാനത്തിൽ താഴെയാണെങ്കിൽ പരിധി 75 ലക്ഷം രൂപയായി ഉയരും.
ഐടിആർ 3: ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമുള്ള, എന്നാൽ ഐടിആർ 4 ഉപയോഗിക്കാൻ അർഹതയില്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUF) വേണ്ടിയുള്ള ഫോമാണിത്. ട്രേഡിങ് വരുമാനം, വിദേശ ആസ്തി, ബിസിനസ് നഷ്ടം അടുത്ത വർഷത്തേക്ക് കൂടി പ്രയോജനപ്പെടുത്തേണ്ടവർ എന്നിവർ ഐടിആർ 3 തന്നെ തിരഞ്ഞെടുക്കണം.
ഡിജിറ്റൽ ഇൻസെന്റീവ്: വകുപ്പ് 44AD പ്രകാരം ഡിജിറ്റൽ ഇടപാടുകളിലൂടെയുള്ള വരുമാനത്തിന്റെ ആറു ശതമാനം മാത്രം ലാഭമായി കണക്കാക്കി നികുതി നൽകാം എന്നത് വലിയൊരു ആനുകൂല്യമാണ് (ക്യാഷ് ഇടപാടുകൾക്കിത് എട്ടു ശതമാനമാണ്).
കണ്ടെന്റ് ക്രിയേറ്റർമാർക്കായി '16021' എന്ന പുതിയ പ്രൊഫഷൻ കോഡ് ആദായനികുതി ഫോമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആദായനികുതി നിയമപ്രകാരം ഇതൊരു പ്രൊഫഷനായി വിജ്ഞാപനം ചെയ്തിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രിസംപ്റ്റീവ് ടാക്‌സേഷൻ പ്രകാരം ലാഭത്തിന്മേൽ 50 ശതമാനം ആനുകൂല്യം ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ജിഎസ് ടിയും ടിഡിഎസ് ബാധ്യതകളും
ആദായനികുതി കൂടാതെ ക്രിയേറ്റർമാർ മറ്റ് നികുതിനിയമങ്ങളും പാലിക്കേണ്ടതുണ്ട്.
ജിഎസ് ടി രജിസ്‌ട്രേഷൻ പരിധി: വാർഷിക വരുമാനം 20 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ജിഎസ് ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്. ചില പ്രത്യേക സംസ്ഥാനങ്ങളിൽ ഈ പരിധി 10 ലക്ഷം രൂപയാണ്. വിദേശ ക്ലയന്റുകൾക്ക് സേവനം നൽകുമ്പോൾ പ്രത്യേക വ്യവസ്ഥകൾ ബാധകമായേക്കാം.
ടിഡിഎസ്: ബ്രാൻഡുകളിൽനിന്ന് ലഭിക്കുന്ന പണം നിശ്ചിത പരിധി കഴിഞ്ഞാൽ ടിഡിഎസിന് വിധേയമാകും. ബ്രാൻഡുകളിൽനിന്ന് ലഭിക്കുന്ന സൗജന്യ ഉൽപ്പന്നങ്ങൾക്കോ മറ്റ് ആനുകൂല്യങ്ങൾക്കോ വകുപ്പ് 194R പ്രകാരം നികുതിബാധ്യത ഉണ്ടായേക്കാം.
രേഖകൾ സൂക്ഷിക്കാം
സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് ഒന്നിലധികം സ്രോതസ്സുകളിൽനിന്ന് വരുമാനം ലഭിക്കാറുണ്ട്. ഇവ കൃത്യമായി രേഖപ്പെടുത്തിയാൽ പിഴവുകൾ ഒഴിവാക്കാം. അഫിലിയേറ്റ് കമ്മീഷനുകൾ പോലുള്ള ചെറിയ വരുമാനങ്ങളും വിട്ടുപോകാതെ ശ്രദ്ധിക്കണം.
കൃത്യമായ സാമ്പത്തിക രേഖകൾ സൂക്ഷിക്കുന്നത് നികുതിപ്രശ്നങ്ങൾ ഒഴിവാക്കാൻ മാത്രമല്ല, വായ്പകൾക്ക് അപേക്ഷിക്കുമ്പോഴും നിക്ഷേപകരെ സമീപിക്കുമ്പോഴും വിശ്വാസ്യത വർധിപ്പിക്കാനും ഉപകരിക്കും. ഓഗസ്റ്റ് 31-ന് മുൻപായി റിട്ടേണുകൾ ഫയൽ ചെയ്യാൻ എല്ലാ വരുമാന-ചെലവ് രേഖകളും കൃത്യമായിരിക്കണം.
ഏതൊക്കെ മേഖലകളിൽനിന്ന് വരുമാനം ലഭിച്ചിട്ടുണ്ടോ അതെല്ലാം റിട്ടേണിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റും (എ.ഐ.എസ്.) ഫോം 26 എഎസും യഥാർഥ വരുമാനവുമായി ഒത്തുനോക്കണം. നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാൻ ഓഗസ്റ്റ് 31-നകം തന്നെ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
Content Highlights: Last date to file ITR for 2025-26 financial year without audit is August 31., Content creators must account for platform income, brand collaborations, and affiliate commissions., F&O trading income should be reported as Non-Speculative Business Income while day trading is Speculative., Choose between ITR 4 (Presumptive Taxation under 44AD/44ADA) and ITR 3 based on your income nature., GST registration is mandatory if annual turnover exceeds 20 lakhs.
Published: 21 Aug 2026, 12:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented