ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചതോടെ ഇറക്കുമതിച്ചെലവ് ഉൾപ്പെടെയുള്ള വില 15 വർഷത്തെ ഉയർന്ന നിലയിലെത്തി. ബാരലിന് ശരാശരി 120 ഡോളറാണ് കമ്പനികൾക്ക് ചെലവുവരുന്നത്. 2012 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ശരാശരി വിലയാണിത്. വിലയിലെ കുതിപ്പ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തെ സാരമായി ബാധിച്ചുതുടങ്ങി.
ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ ശരാശരി വില ഒക്ടോബറിൽ ബാരലിന് 120 ഡോളറിലെത്തി. 2012 മാർച്ചിലെ 123.61 ഡോളറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ ആഗോളവിപണിയിൽ ബ്രന്റ് ക്രൂഡ് വില ബാരലിന് 115 ഡോളറാണ്.
അസംസ്കൃത എണ്ണ ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, ക്രൂഡ് ഓയിൽ വില ദീർഘകാലം ഉയർന്നുനിൽക്കുന്നത് കറന്റ് അക്കൗണ്ട് കമ്മി (CAD) വർധിപ്പിക്കും. ഇന്ധനവിലക്കയറ്റത്തിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് വർധിക്കുന്നതിനൊപ്പം സർക്കാരിന്റെ സാമ്പത്തികസ്വാതന്ത്ര്യം പരിമിതപ്പെടുകയും ചെയ്യും.
എണ്ണക്കമ്പനികളുടെ വിൽപ്പനയിലെ നഷ്ടം (അണ്ടർ റിക്കവറി) ഉയരുന്നത്, പണപ്പെരുപ്പം രൂക്ഷമാകുന്നത്, ബജറ്റിലെ വളം സബ്സിഡി അടക്കമുള്ള ചെലവുകൾ നിശ്ചയിച്ചതിലും വൻതോതിൽ കവിയുന്നത് എന്നിവയാണ് പ്രധാന പ്രത്യാഘാതങ്ങൾ.
എണ്ണക്കമ്പനികൾ സമ്മർദത്തിൽ
അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുമ്പോഴും ആഭ്യന്തരവിപണിയിൽ ഇന്ധനവില വർധിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ.
സെപ്റ്റംബറിൽ പെട്രോളിന് ലിറ്ററിന് എട്ടു രൂപയും ഡീസലിന് ഒമ്പതു രൂപയുമായിരുന്നു കമ്പനികൾ നേരിട്ട വിൽപ്പനനഷ്ടം. ഡീസൽ വിൽപ്പനയിലെ നഷ്ടം പിന്നീട് ലിറ്ററിന് 20 രൂപയോളമായി. റേറ്റിങ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തലാണിത്.
Content Highlights: Crude oil import costs reached a 15-year high at an average of $120 per barrel., Public sector oil companies are facing severe under-recovery and profit pressures., High import costs threaten to widen India's Current Account Deficit (CAD) and fuel inflation.
Published: 27 Oct 2026, 12:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented