പ്രകൃതിവാതക ഉത്പാദനം കുറഞ്ഞതോടെ, ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉയര്‍ന്ന തുക നല്കി വിദേശ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രാജ്യം.

ആഗോള വിപണിയിൽ ഇന്ധനവില ഉയർന്നതോടെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവിൽ കുത്തനെ വർധന. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് കനത്ത സമ്മർദമാകും. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി.) കണക്കനുസരിച്ച്, നടപ്പു ധനകാര്യവർഷത്തിന്റെ ആദ്യപകുതിയിൽ (ഏപ്രിൽ - സെപ്റ്റംബർ) ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി.) ഇറക്കുമതി ചെയ്യാൻ ഇന്ത്യ 850 കോടി ഡോളറാണ് (8.5 ബില്യൺ) ചെലവഴിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 690 കോടി ഡോളറായിരുന്നു.
ഇറക്കുമതി ചെയ്ത വാതകത്തിന്റെ അളവിൽ 4.4 ശതമാനത്തിന്റെ നേരിയ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ, മൊത്തം ചെലവിൽ 23 ശതമാനത്തിന്റെ (160 കോടി ഡോളർ) വൻ വർധനയുണ്ടായി. ഈ അധിക ബാധ്യത രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കും. വളം, ഊർജ മേഖലകളിലെ കേന്ദ്ര സബ്സിഡി ഭാരവും ഗണ്യമായി ഉയർത്തും. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുള്ള വിതരണ തടസ്സങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റവുമാണ് പ്രധാന കാരണം.
വാങ്ങുന്ന വാതകത്തിന്റെ അളവിൽ കാര്യമായ മാറ്റമില്ലാതിരുന്നിട്ടും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഭ്യന്തര ഊർജച്ചെലവിനെ നേരിട്ട് ബാധിക്കുകയാണ്. ഇതിനുപുറമേ, ആഭ്യന്തര ഘടകങ്ങളും വിദേശ വാതക ആശ്രയത്വം വർധിക്കാൻ കാരണമായി.
ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ്
ആഭ്യന്തര ഊർജ ഉത്പാദനത്തിലുണ്ടാകുന്ന ഇടിവ് അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾക്കിടയിൽ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയാകുന്നു. പ്രകൃതിവാതക ഉത്പാദനം കുറഞ്ഞതോടെ, ആവശ്യങ്ങൾ നിറവേറ്റാൻ ഉയർന്ന തുക നൽകി വിദേശ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രാജ്യം.
സെപ്റ്റംബർ മാസത്തെ കണക്കുകൾ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ ഇറക്കുമതി ചെയ്ത വാതകത്തിന്റെ അളവ് 8.5 ശതമാനം കുറഞ്ഞ് 2,957 എം.എം.എസ്.സി.എം. ആയെങ്കിലും 120 കോടി ഡോളറോളമാണ് ഇന്ത്യ ചെലവഴിച്ചത്. ഉപയോഗം കുറഞ്ഞിട്ടും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കാരണം വൻതുക നൽകേണ്ടിവരുന്നത് കനത്ത തിരിച്ചടിയാണ്.
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും സമ്മർദം
എൽ.എൻ.ജി. മേഖലയിലെ വിലക്കയറ്റം ദക്ഷിണേഷ്യൻ രാജ്യങ്ങളെയും ആഗോള വിപണികളെയും ബാധിച്ചിട്ടുണ്ട്.
- പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പ് 1,730 കോടി ഡോളർ ചെലവ് പ്രതീക്ഷിച്ച സ്ഥാനത്ത്, ഈ വർഷം ദക്ഷിണേഷ്യയുടെ എൽ.എൻ.ജി. ഇറക്കുമതിച്ചെലവ് 2,310 കോടി ഡോളറായി ഉയരും. ആഗോളതലത്തിൽ പ്രതീക്ഷിക്കുന്ന 18 ശതമാനം ചെലവ് വർധനയേക്കാൾ ഉയർന്ന നിരക്കാണിത്.
- 2026-ഓടെ ആഗോള ഇറക്കുമതിക്കാർ 6.07 കോടി (60.7 മില്യൺ) ടൺ കുറവ് വാതകം വാങ്ങുമ്പോഴും 390 കോടി ഡോളർ അധികമായി ചെലവഴിക്കേണ്ടിവരും.
- സംഘർഷത്തിന് മുമ്പ് 21,780 കോടി ഡോളറായി കണക്കാക്കിയിരുന്ന ആഗോള ഇറക്കുമതിച്ചെലവ് നിലവിലെ സാഹചര്യത്തിൽ 25,630 കോടി ഡോളറിലേക്ക് കുതിച്ചുയരും.
നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരത തകർക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം രാജ്യത്തെ വ്യാപാര കമ്മികൂടാനിടയാക്കും.
Content Highlights: India's LNG import cost rose by 23% to $8.5 billion in the first half of the fiscal year., Gas volume imported only increased by 4.4%, highlighting severe price inflation., Global geopolitical tensions and Middle East conflicts are driving up energy expenses., Rising costs threaten to increase the current account deficit and subsidy burdens.
Published: 28 Oct 2026, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented