ഉയർന്ന ആദായം നൽകിയ ഫണ്ടിൽ മാസം തോറും 10,000 രൂപവീതം പത്തുവർഷം നിക്ഷേപിച്ചിരുന്നുവെങ്കിൽ നിലവിൽ അതിന്റെ മൂല്യം 38.10 ലക്ഷം രൂപയാകുമായിരുന്നു. ആകെ നിക്ഷേപിച്ചതാകട്ടെ 12 ലക്ഷം രൂപയും.

വർഷങ്ങൾക്കുമുമ്പ് ഓഹരികളിൽ നിക്ഷേപം തുടങ്ങിയ ആളാണ് വിജയരാഘവൻ. ചെറുതല്ലാത്ത പ്രാധാന്യം അദ്ദേഹം നിക്ഷേപ സുരക്ഷയ്ക്ക് നൽകാറുണ്ട്. അതുകൊണ്ടുതന്നെ വൻകിട കമ്പനികളിൽ തിരഞ്ഞെടുത്താണ് നിക്ഷേപം നടത്താറുള്ളത്. പുതുതലമുറയുടെ നിക്ഷേപ രീതികൾ അദ്ദേഹത്തെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു. മകന്റെയും സുഹൃത്തുക്കളുടെയും ചിന്ത മുഴുവൻ ചെറുകിട-ഇടത്തരം ഓഹരികളിലാണ്. അവരെ പലപ്പോഴും ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തരക്കേടില്ലാത്ത ലാഭം അവർ അതിൽനിന്നുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹത്തിന് മനസ്സിലായി.
ഇത് വിജയരാഘവന്റെ മാത്രം അനുഭവമല്ല. പരമ്പരാഗതമായി പിന്തുടർന്നിരുന്ന 'സേഫ്റ്റി ഫസ്റ്റ്' നിലപാടിൽനിന്ന് നിക്ഷേപകർ പിന്തിരിഞ്ഞ് വൈവിധ്യമാർന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. വൻകിട ഓഹരികളിൽനിന്ന് ഇടത്തരം ഓഹരികളിലേക്കുള്ള ഈ തലമുറമാറ്റം വിപണിയിൽ പ്രകടമാണ്. താൽക്കാലിക പ്രവണത എന്നതിലുപരി വിപണിയുടെ ഘടനയെത്തന്നെ ഇത് മാറ്റിമറിച്ചേക്കാം.
സജീവമായി കൈകാര്യം ചെയ്യുന്ന ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിലെ ഫോളിയോകളിൽ കൂടുതലും ഇപ്പോൾ മിഡ്, സ്മോൾക്യാപ് വിഭാഗത്തിലെ ഫണ്ടുകളിലാണ്. 2022 ജൂലൈയിലെ കണക്കുപ്രകാരം മൊത്തം ഇക്വിറ്റി ഫണ്ടുകളിലെ ഫോളിയോകളുടെ എണ്ണത്തിൽ 19 ശതമാനം മാത്രമായിരുന്നു മിഡ്, സ്മോൾക്യാപ് ഫണ്ടുകൾക്കുണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈയിലെ കണക്കുപ്രകാരം 18.73 കോടി ഫോളിയോകളിൽ 5.5 കോടിയും ഇടത്തരം ചെറുകിട ഫണ്ടുകളുടേതാണ്. ജൂലൈയിൽ മാത്രം 14,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ടുകളിലേക്കെത്തിയത്. 8,15,000 ഫോളിയോകൾ പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടു.
ഫോളിയോ വിഹിതത്തിലെ മാറ്റം
|
| 2022 ജൂലായ് (ഫോളിയോ വിഹിതം) | നിലവിൽ (ഫോളിയോ വിഹിതം) |
|---|---|---|
| മിഡ്/സ്‌മോൾ ക്യാപ് ഫണ്ടുകൾ | 19% | 30% |
| ലാർജ് ക്യാപ് ഫണ്ടുകൾ | 14.4% | 9% |
എന്തുകൊണ്ട് ഈ മുന്നേറ്റം
മിഡ് ക്യാപുകളിൽനിന്ന് ലഭിക്കുന്ന ഉയർന്ന നേട്ടംതന്നെയാണ് പ്രധാന കാരണം. 2026-27ൽ ഇതുവരെ സൂചികകൾ നൽകിയ ആദായം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
- നിഫ്റ്റി സ്‌മോൾ ക്യാപ് 100: 31 %
- നിഫ്റ്റി മിഡ് ക്യാപ് 100: 22 %
- നിഫ്റ്റി 50: 9 %
സൂചികകളിൽ 31 ശതമാനം വരെ വളർച്ച ഉണ്ടായിട്ടും സ്‌മോൾ ക്യാപ് ഫണ്ടുകളുടെ ശരാശരി ആദായം ഒരു വർഷത്തിൽ 15 ശതമാനവും അഞ്ച് വർഷത്തിൽ 16 ശതമാനവുമാണ്. എന്തുകൊണ്ടാണ് ഈ വ്യത്യാസം? ഫണ്ട് മാനേജർമാർ കാണിക്കുന്ന ജാഗ്രതയും ലിക്വിഡിറ്റി നിലനിർത്താനായി കൈവശം വെക്കുന്ന ഉയർന്ന ക്യാഷ് ബാലൻസും ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഉണ്ടാകുന്ന ഇംപാക്ട് കോസ്റ്റുമാണ് ആദായം കുറയാൻ പ്രധാന കാരണം. സൂചികയിലെ കുതിപ്പ് അതേപടി നിക്ഷേപകന്റെ പോക്കറ്റിൽ എത്തില്ല എന്ന യാഥാർഥ്യം തിരിച്ചറിയണം.
വിപണിയിലെ സ്ഥിരത
മൊത്തം ഫോളിയോകളിൽ ലാർജ് ക്യാപ് ഫണ്ടുകളുടെ വിഹിതം 2022 ജൂലായിൽ 14.4 ശതമാനമായിരുന്നു. ഈ വർഷം ജൂലായിലെത്തിയപ്പോഴാകട്ടെ ഒമ്പത് ശതമാനമായി. പരമ്പരാഗതമായി നിക്ഷേപത്തിന്റെ നട്ടെല്ലായി കരുതിയിരുന്ന വൻകിട കമ്പനികളിൽനിന്ന് നിക്ഷേപകർ അകലുന്നത് വിപണിയിലെ അസ്ഥിരത കൂടാൻ കാരണമായേക്കാം.
ലിക്വിഡിറ്റി റിസ്‌ക്
ഉയർന്ന വളർച്ചാ സാധ്യതയുണ്ടെങ്കിലും ഉയർന്ന റിസ്‌കും ചെറികിട ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾക്കുണ്ട്.
നിക്ഷേപിക്കാം ദീർഘകാലയളവിൽ
ഏഴുമുതൽ പത്ത് വർഷം നിക്ഷേപം നിലനിർത്താൻ കഴിയുമെങ്കിൽ മിഡ് ക്യാപ് ഫണ്ടുകളിൽനിന്ന് മികച്ച ആദായം സ്വന്തമാക്കാം. പത്ത് വർഷത്തെ നേട്ടക്കണക്കുകളെടുത്താൽ പത്ത് മിഡ് ക്യാപ് ഫണ്ടുകൾ 19 ശതമാനത്തിലധികം റിട്ടേൺ 10 വർഷ കാലയളവിൽ നൽകിയതായി കാണാം. അതിൽതന്നെ എട്ട് ഫണ്ടുകൾ 20 ശതമാനത്തിലധികം ആദായം നൽകിയിട്ടുണ്ട്.
- ബറോഡ ബിഎൻപി പാരിബാസ് മിഡ് ക്യാപ്: 22.17%
- ഇൻവെസ്‌കോ ഇന്ത്യ മിഡ് ക്യാപ്: 22.08%
- എഡൽവീസ് മിഡ് ക്യാപ് ഫണ്ട് : 21.75%
- മോത്തിലാൽ ഒസ്‌വാൾ മിഡ് ക്യാപ്: 21.34%
- നിപ്പോൺ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ്: 21.17%
- എച്ച്ഡിഎഫ്‌സി മിഡ് ക്യാപ്: 20.41%
- ക്വാണ്ട് മിഡ് ക്യാപ്: 20.36%
- കൊട്ടക് മിഡ് ക്യാപ്: 20.16%
19 ശതമാനത്തിലധികം നേട്ടം നൽകിയവ.
- എച്ച്.എസ്.ബി.സി മിഡ്ക്യാപ് ഫണ്ട് (19.84%)
- ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ മിഡ്ക്യാപ് ഫണ്ട് (19.8%)
ഉയർന്ന ആദായം നൽകിയ ഫണ്ടിൽ മാസം തോറും 10,000 രൂപവീതം പത്തുവർഷം നിക്ഷേപിച്ചിരുന്നുവെങ്കിൽ നിലവിൽ അതിന്റെ മൂല്യം 38.10 ലക്ഷം രൂപയാകുമായിരുന്നു. ആകെ നിക്ഷേപിച്ചതാകട്ടെ 12 ലക്ഷം രൂപയും.
| ഫണ്ട് | 5 വർഷ ആദായം* | 7വർഷ ആദായം* | 10 വർഷ ആദായം* |
| ബറോഡ ബിഎൻപി പാരിബാസ് മിഡ് ക്യാപ് | 19.3% | 24.72% | 22.17% |
| ഇൻവെസ്‌കോ ഇന്ത്യ മിഡ് ക്യാപ് | 22.99% | 24.65% | 22.08% |
| എഡൽവീസ് മിഡ് ക്യാപ് ഫണ്ട് | 20.72% | 24.24% | 21.75% |
| മോത്തിലാൽ ഒസ്‌വാൾ മിഡ് ക്യാപ് | 19.57% | 24.29% | 21.34% |
| നിപ്പോൺ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് | 20.17% | 23.65% | 21.17% |
| എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് | 20.11% | 23.48% | 20.41% |
| ക്വാണ്ട് മിഡ് ക്യാപ് | 13.02% | 20.87% | 20.36% |
| കൊട്ടക് മിഡ് ക്യാപ് | 18.48% | 22.02% | 20.16% |
| *എസ്‌ഐപി റിട്ടേൺ. കണക്കാക്കിയ തിയതി: 15 ഓഗസ്റ്റ്, 2026 | |||
ശ്രദ്ധിക്കേണ്ടകാര്യം
സമീപകാലയളവിലെ നേട്ടംമാത്രം നോക്കാതെ ഒന്നിലധികം വിപണി ഘട്ടങ്ങളിൽ(മാർക്കറ്റ് സൈക്കിൾ) ഫണ്ട് എപ്രകാരം പ്രകടനം കാഴ്ചവെച്ചു എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.
മിഡ് ക്യാപ് ഫണ്ടുകളുടെ പ്രകടനം മാത്രമാണ് ഇവിടെ വിലയിരുത്തിയത്. നേട്ടക്കണക്കുകൾ മാത്രം നോക്കാതെ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും നിക്ഷേപ കാലയളവും വിലയിരുത്തി വ്യത്യസ്ത കാറ്റഗറികളിൽ നിക്ഷേപം ക്രമീകരിക്കാൻ ശ്രദ്ധിക്കണം.
എല്ലാ മുട്ടകളും ഒരു കുട്ടയിൽ ഇടരുത്-എന്ന പറഞ്ഞുപഴകിയ ചൊല്ലിന് ഇപ്പോഴും പ്രസക്തിഏറെയാണ്. എല്ലാ നിക്ഷേപവും മിഡ് ക്യാപ്, സ്‌മോൾ ക്യാപ് ഫണ്ടുകളിൽ മാത്രമാക്കാതെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാം.
Content Highlights: Investors are shifting from largecap to midcap and smallcap mutual funds., Midcap funds have delivered over 20% returns in long-term investment periods., Long-term investment of 7 to 10 years yields the best results in midcap funds., Portfolio diversification is essential to mitigate liquidity and market risks.
Published: 15 Aug 2026, 10:54 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented