കടലുണ്ടി–വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിൽ പ്രകൃതിയുംഉപജീവനവും കൈകോർക്കുന്നു
വള്ളിക്കുന്ന് : കണ്ടൽക്കാടുകൾക്കിടയിലൂടെ കഴുക്കോൽ തുഴഞ്ഞ് നിശ്ശബ്ദമായി നീങ്ങുന്ന തോണി. ഇരുവശവും ഇടതിങ്ങിയ പച്ചപ്പ്. ഇടയ്ക്കിടെ തെളിയുന്ന ചെറുതുരുത്തുകളും അഴിമുഖക്കാഴ്ചകളും. കടലുണ്ടി–വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിലെ തോണിയാത്ര സഞ്ചാരികൾക്ക് നൽകുന്ന പ്രകൃതിദത്ത അനുഭവമാണിത്.തിരക്കുകളിൽനിന്ന് മാറി പുഴയുടെ ശാന്തതയും പക്ഷികളുടെ ചലനങ്ങളും കണ്ടൽക്കാടുകളുടെ പച്ചപ്പും ആസ്വദിച്ചുകൊണ്ടൊരു യാത്ര.
പ്രാന്തൻകണ്ടൽ, കുറ്റിക്കണ്ടൽ, ചുള്ളിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, കണ്ണാംപൊട്ടി, വലിയ ഉപ്പട്ടി, ചെറുഉപ്പട്ടി, പൂക്കൽ തുടങ്ങിയ കണ്ടൽ ഇനങ്ങൾ പുഴയോരത്തിന് പച്ചക്കവചമൊരുക്കുന്നു. മത്സ്യം, ചെമ്മീൻ, കക്ക തുടങ്ങിയ ജലജീവികളുടെ ആവാസവ്യവസ്ഥ കൂടിയാണിത്. ബ്രാഹ്മിണി പട്ടം, കൊക്കുകൾ, എഗ്രെറ്റുകൾ, കിംഗ്ഫിഷറുകൾ തുടങ്ങിയ പ്രാദേശിക പക്ഷികൾ വർഷം മുഴുവൻ സജീവമാണ്. ശീതകാലത്ത് ദൂരദേശങ്ങളിൽനിന്നെത്തുന്ന ദേശാടനപ്പക്ഷികൾ വേലിയിറക്കത്തിൽ തെളിയുന്ന ചെളിപ്പരപ്പുകളിൽ ഭക്ഷണം തേടിയെത്തും.
എന്നാൽ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ പക്ഷികളുടെ വരവിനെയും ബാധിക്കുന്നുണ്ട്.
വർധിക്കുന്ന മണൽത്തിട്ടകളും ചില കണ്ടൽ ഇനങ്ങളുടെ അനിയന്ത്രിത വളർച്ചയും ചെളിപ്പരപ്പുകൾ കുറയ്ക്കുന്നത് വെല്ലുവിളിയാണ്. അതിനാൽ സംരക്ഷണവും ടൂറിസം വികസനവും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്.കമ്മ്യൂണിറ്റി റിസർവ് രൂപവത്‌കരിച്ചതോടെ പ്രദേശവാസികൾക്ക് ടൂറിസം പുതിയ വരുമാനമാർഗമായി.
കടകൾ, ഹോംസ്റ്റേകൾ, ബോട്ടുയാത്ര എന്നിവയിലൂടെ നിരവധി കുടുംബങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു. പുഴയിലുള്ള ‘കനോയ് കിച്ചൺ’ പോലുള്ള സംരംഭങ്ങളിൽ തനതു പുഴവിഭവങ്ങളായ കല്ലുമ്മക്കായ, മുരുഇറച്ചി, ഞണ്ട് തുടങ്ങിയവ ലഭിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ ഭക്ഷണം ലഭിക്കുമെന്ന് നടത്തിപ്പുകാരനും മത്സ്യത്തൊഴിലാളിയുമായ മടവമ്പാട്ട് സന്ദീപ് പറഞ്ഞു. പുഴയിൽ ഒഴുകുന്ന കടയിൽനിന്ന് ഭക്ഷണം കഴിക്കുകയെന്നത് സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്.
പുഴയോരക്കടകൾ, പ്രാദേശിക ഭക്ഷണശാലകൾ, കരകൗശലവിപണി എന്നിവ കൂടുതൽ വികസിപ്പിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കേണ്ടതുണ്ട്.
പ്രകൃതിക്ക് ആഘാതമുണ്ടാക്കാത്ത തോണിയാത്രയാണ് കമ്മ്യൂണിറ്റി റിസർവിലെ പ്രധാന ആകർഷണം.
പക്ഷിനിരീക്ഷണത്തിനും പ്രകൃതിനിരീക്ഷണത്തിനും സൗകര്യമുണ്ട്. പ്രവേശനഫീസ് ഒരാൾക്ക് 20 രൂപ. എട്ടുപേർക്ക് സഞ്ചരിക്കാവുന്ന തോണിക്ക് ഒരു മണിക്കൂറിന് 1000 രൂപയുംരണ്ടു മണിക്കൂറിന് 1500 രൂപയുമാണ് നിരക്ക്
പക്ഷികളുടെ വരവ് കുറയുന്നത് ആശങ്കാജനകം
:കടലുണ്ടി പക്ഷിസങ്കേതത്തിൽ മുൻകാലത്ത് കണ്ടിരുന്ന പല ഇനം പക്ഷികളുടെയും സാന്നിധ്യം ഇപ്പോൾ കുറഞ്ഞുവരുന്നത് ആശങ്കാജനകമാണ്. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് പ്രധാന കാരണം. ഒരുകാലത്ത് കൂട്ടത്തോടെ എത്തിയിരുന്ന ‘കടലുണ്ടി ആള’ ഉൾപ്പെടെയുള്ള പക്ഷികളുടെ എണ്ണം ഇപ്പോൾ വിരലിലെണ്ണാവുന്ന നിലയിലായി.നക്ഷത്രക്കണ്ടലിന്റെ അനിയന്ത്രിതമായ വളർച്ചയും പുഴയിൽ രൂപപ്പെടുന്ന മണൽത്തിട്ടകളും പക്ഷികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മണൽത്തിട്ടകൾ വർധിച്ചതോടെ ചെളിപ്പരപ്പുകൾ കുറഞ്ഞു. ഇതോടെ ദേശാടനപ്പക്ഷികൾക്ക് ലഭിക്കുന്ന ഇരകളുടെ അളവും കുറഞ്ഞു.
ടൂറിസം വികസനത്തോടൊപ്പം പക്ഷികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകണം. അല്ലാത്തപക്ഷം ഭക്ഷണവും സുരക്ഷിതമായ വിശ്രമസ്ഥലവും തേടി പക്ഷികൾ മറ്റു കേന്ദ്രങ്ങളിലേക്ക് മാറിപ്പോകാൻ സാധ്യതയുണ്ട്.
വിജേഷ് വള്ളിക്കുന്ന്, പക്ഷിനിരീക്ഷകൻ
രണ്ടു വള്ളങ്ങളിൽ തുടങ്ങിയ യാത്ര; ഇന്ന് നിരവധി കുടുംബങ്ങളുടെ ഉപജീവനം
:കണ്ടൽക്കാടുകൾക്കും ചെറുതുരുത്തുകൾക്കുമിടയിലൂടെയുള്ള തോണിയാത്ര സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാണ്. രണ്ട് വള്ളങ്ങളിൽ തുടങ്ങിയ യാത്ര ഇന്ന് അമ്പതോളം ബോട്ടുകളായി ഈ പ്രദേശം വളർന്നു. പുഴയോരത്തെ കടകളും ഹോംസ്റ്റേകളും ഉൾപ്പെടെ നിരവധി കുടുംബങ്ങൾക്ക് ടൂറിസം ഉപജീവനമാർഗമായി. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ടൂറിസം കൂടുതൽ വൈവിധ്യവത്കരിച്ച് പ്രാദേശിക വിഭവങ്ങൾക്ക് പ്രാധാന്യം നൽകണം.
സി.പി. അഷറഫ്, ബാലാതിരുത്തി (തോണിത്തൊഴിലാളി)
പരിസ്ഥിതി സംരക്ഷിച്ചുള്ള ടൂറിസം വികസനം
:വള്ളിക്കുന്ന് മണ്ഡലത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സമഗ്ര ടൂറിസം ശൃംഖല ഒരുക്കുകയാണ് ലക്ഷ്യം. കണ്ടൽക്കാടുകൾക്കും ദേശാടനപ്പക്ഷികൾക്കും കോട്ടം തട്ടാത്തവിധം ഇക്കോ ഫ്രണ്ട്‌ലി നടപ്പാലങ്ങൾ, വ്യൂ ടവറുകൾ, നിയന്ത്രിത ബോട്ടുയാത്ര എന്നിവ ഒരുക്കും. വൈദ്യുതബോട്ടുകൾക്കും പരമ്പരാഗത തോണികൾക്കും പ്രാധാന്യം നൽകും. കടലുണ്ടി–വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിനെ കേരളത്തിന്റെ പ്രധാന ഇക്കോ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താൻ ടൂറിസം, വനം വകുപ്പുകളുമായി ചേർന്ന് പ്രത്യേക പാക്കേജിനും ടൂറിസം സർക്യൂട്ടിനുമായി ഇടപെടൽ നടത്തും. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ റിസർവിനെ അന്താരാഷ്ട്ര നിലവാരമുള്ള ഇക്കോ ടൂറിസം കേന്ദ്രമാക്കുകയാണ് ലക്ഷ്യം.
- ടി.വി. ഇബ്രാഹിം എം.എൽ.എ.
Published: 24 Sept 2026, 03:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented