തിരുനാവായ : മഴക്കാലമായാൽ വെട്ടിച്ചിറ-കാട്ടിലങ്ങാടി റോഡിലെ ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളെത്തും. സുരക്ഷയൊന്നും വരുന്നവർക്ക് പ്രശ്‌നമല്ല. ശക്തമായി പെയ്യുന്ന മഴയിൽ ഇവിടെയുള്ള വൻ പാറക്കൂട്ടങ്ങൾ താഴേക്കുപതിക്കാൻ സാധ്യത കൂടുതലാണ്. മാട്ടുമ്മൽ പാടശേഖരങ്ങളിൽനിന്ന് വരുന്ന വെള്ളം പാറക്കെട്ടിൽത്തട്ടി എൺപതടിയോളം താഴ്‌ചയിലേക്കു പതിക്കുന്നതാണ് ഇവിടത്തെ മനോഹരമായ കാഴ്‌ച. കാലൊന്നുതെറ്റിയാൽ ചെന്നുപതിക്കുക പാറക്കെട്ടുകൾക്കിടയിലാകും.

To advertise here,

വർഷങ്ങൾക്കുമുൻപ് ഇവിടെ വെള്ളച്ചാട്ടത്തിനുതാഴെ കുളിച്ചുകൊണ്ടിരുന്ന വെട്ടിച്ചിറ മുഴങ്ങാണി സ്വദേശിയുടെ തലയിൽ കല്ലുവീണ് മരിച്ചിരുന്നു. ഒരുമാസം മുൻപ് വെള്ളച്ചാട്ടത്തിൽ നീന്തുകയായിരുന്ന താനൂർ സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസക്കാരനുമായ യുവാവും മുങ്ങിമരിച്ചു. ആളുകൾക്ക് പാറക്കല്ലിൽത്തട്ടി പരിക്കേൽക്കുന്നത് ഇവിടെ പതിവാണ്. വെള്ളച്ചാട്ടം ദൂരെനിന്നു കാണാവുന്ന വിധത്തിൽ ഇവിടെ ആതവനാട് പഞ്ചായത്ത് കമ്പിവേലി കെട്ടിയിരുന്നു. പോലീസ് അറിയിപ്പ് ബോർഡും സ്ഥാപിച്ചു. പക്ഷേ, കമ്പിവേലിയും ബോർഡും നശിപ്പിക്കപ്പെട്ടു.

പിന്നീട് പഞ്ചായത്ത് വീണ്ടും ബോർഡ് സ്ഥാപിച്ചു. ഇതു മാത്രമാണ് സുരക്ഷാ അറിയിപ്പായി ഇവിടെയുള്ളത്.