ആനക്കര : മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും പാഴ്‌ച്ചെടികളും നിറഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ട നയ്യൂർ കരിങ്കുറപ്പാടം തോട് നാട്ടുകാർ വൃത്തിയാക്കി. തോട്ടിൽ പൊട്ടിച്ചിട്ട നിലയിലുണ്ടായിരുന്ന നൂറിലേറെ മദ്യക്കുപ്പികളും രണ്ടുചാക്കിലേറെ പ്ലാസ്റ്റിക് കുപ്പികളും നീക്കി.

To advertise here,

പാടശേഖരങ്ങളിൽനിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ തടസ്സംനേരിട്ടതോടെ നെൽനടീൽ ഉൾപ്പെടെയുള്ള കാർഷികപ്രവർത്തനങ്ങൾ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കിയത്. ആനക്കര ചാത്തയിൽ ശശി, സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

ഏറെക്കാലമായി തോട്ടിലെ മണ്ണ് നീക്കുകയോ പാഴ്‌ച്ചെടികൾ വെട്ടിമാറ്റുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ആനക്കരമേഖലയിലെ വിവിധ പാടശേഖരങ്ങളിൽനിന്നുള്ള വെള്ളം ഈ തോടുവഴിയാണ് പരപ്പൻതോട്ടിൽ എത്തുന്നത്. പരപ്പൻതോടും കാലങ്ങളായി നവീകരണംകാത്ത്‌ കിടക്കയാണ്. പല ഭാഗങ്ങളിലും തോട് പൊട്ടിപ്പൊളിഞ്ഞും പാഴ്‌ച്ചെടികൾ നിറഞ്ഞും കിടക്കുന്നതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയാണ്. തോടിന്റെ ഇരുവശത്തുമായി നൂറുകണക്കിന് ഏക്കർ നെൽക്കൃഷിയുണ്ട്. വർഷങ്ങൾക്കുമുൻപ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചിലഭാഗങ്ങളിൽ പാഴ്‌ച്ചെടികൾ നീക്കുകയും മണ്ണ് മാറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത്തരം പ്രവൃത്തികൾ നടക്കാത്തതാണ് തോടിന്റെ സ്ഥിതി കൂടുതൽ വഷളാകാൻ കാരണമെന്ന് കർഷകർ പറയുന്നു. മദ്യക്കുപ്പികൾ പൊട്ടിച്ചിട്ടിരിക്കുന്നതിനാൽ തോട്ടിലിറങ്ങി ശുചീകരണപ്രവർത്തനം നടത്താനും തൊഴിലാളികൾ മടിക്കുന്നുണ്ട്.