വടക്കഞ്ചേരി : ദേശീയപാതയിൽ നീലിപ്പാറയ്ക്കുസമീപം റോഡിനു കുറുകെയുണ്ടായിരുന്ന നടപ്പാലം പൊളിച്ചുമാറ്റിയതിനു പകരം അടിപ്പാത വേണമെന്ന ആവശ്യം നിലനിൽക്കുന്നതിനിടെ അടിപ്പാത ഒഴിവാക്കി ജോലികൾ പൂർത്തിയാക്കാൻ ശ്രമം. വാണിയമ്പാറയിലെ മേൽപ്പാത നിർമാണത്തിന്റെ ഭാഗമായാണ് നീലിപ്പാറയിലെ നടപ്പാലം പൊളിച്ചു മാറ്റിയത്.
മേൽപ്പാത തുടങ്ങുന്നത് നീലിപ്പാറയിൽനിന്നാണ്. ഇതേത്തുടർന്നാണ് നടപ്പാലം പൊളിച്ചത്. പൊളിച്ചുമാറ്റിയ നടപ്പാലം സമീപത്തേക്ക് മാറ്റി സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും നാട്ടുകാർ എതിർത്തു. നടപ്പാലം വഴി കയറി റോഡ് മുറിച്ചുകടക്കാൻ പ്രയാസമായതിനാൽ അടിപ്പാത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ദേശീയപാതാ അതോറിറ്റി ഇത് അംഗീകരിച്ചില്ല.
അടിപ്പാത ഒഴിവാക്കി വാണിയമ്പാറ മേൽപ്പാതയുടെ ജോലികൾ ആരംഭിച്ചെങ്കിലും പന്തലാംപാടം സംയുക്ത സമരസമിതി തടഞ്ഞിരുന്നു. തുടർന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അടിപ്പാത നിർമിക്കുന്നതിൽ നടപടിയുണ്ടായില്ല. ഇതിനിടെയാണ് വാണിയമ്പാറ മേൽപ്പാത നിർമാണത്തിന്റെ ഭാഗമായി നീലിപ്പാറയിൽ വീണ്ടും ജോലികൾ തുടങ്ങിയത്. ഇതിനെതിരേ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
കെ. രാധാകൃഷ്ണൻ എം.പി., ജില്ലാ കളക്ടർ, ദേശീയപാതാ അതോറിറ്റി എന്നിവർക്ക് സമരസമിതി പരാതി നൽകിയിട്ടുണ്ട്.
യോഗം വിളിക്കും
നീലിപ്പാറയിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് യോഗം വിളിക്കാൻ തീരുമാനിച്ചതായി കെ. രാധാകൃഷ്ണൻ എം.പി.യുടെ ഓഫീസ് അറിയിച്ചു. എം.പി., ജില്ലാ കളക്ടർ, ദേശീയപാതാ അതോറിറ്റി അധികൃതർ, കരാർ കമ്പനി പ്രതിനിധികൾ, ജനപ്രതിനിധികൾ, സമരസമിതിക്കാർ എന്നിവർ പങ്കെടുക്കും.
Published: 24 Sept 2026, 03:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented