അലനല്ലൂർ : അലനല്ലൂർ-എടപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊമ്പംകല്ല് പാലം അപകടഭീഷണിയിൽ. പാലത്തിന്റെ സംരക്ഷണഭിത്തികളിലെ കല്ലുകൾ അടർന്നുവീണുതുടങ്ങിയതോടെ പാലം ഏതുനിമിഷവും തകരുമെന്ന അവസ്ഥയിലാണ്.
അലനല്ലൂർ പഞ്ചായത്തിലെ 21-ാംവാർഡിലാണ് പാലമുള്ളത്. പാലത്തിന്റെ മറുഭാഗം മലപ്പുറം ജില്ലയാണ്. വലിയ വാഹനങ്ങളുൾപ്പെടെ കടന്നുപോകുന്ന പാലത്തിന്റെ തകർച്ച പരിഹരിക്കാനോ പുതിയ പാലം നിർമിക്കാനോ നടപടിയില്ലാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധവുമുണ്ട്.
1990-ലാണ് വലിയറ തോടിനുകുറുകെ പാലംനിർമിച്ചത്. ആറുമീറ്റർ നീളമുള്ള പാലത്തിന് രണ്ടു സംരക്ഷണഭിത്തികളാണുള്ളത്. വെള്ളിയഞ്ചേരി, മേലാറ്റൂർ, എടത്തനാട്ടുകര ഭാഗങ്ങളിലെ സ്കൂൾവാഹനങ്ങളും എടപ്പറ്റ ഭാഗങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങളുമുൾപ്പെടെ ഈ പാലംവഴിയാണ് സഞ്ചരിക്കാറുള്ളത്.
സംരക്ഷണഭിത്തികളിലൊന്ന് രണ്ടുവർഷംമുൻപ് തകർന്നതാണ്. മറുവശത്തെ സംരക്ഷണഭിത്തികളുടെ കല്ലുകൾ ഇടിഞ്ഞുവീണ് സ്ലാബ് പുറത്തേക്കു കാണുന്ന രീതിയിലാണ്. പാലത്തിന്റെ അടിഭാഗത്തുനിന്ന് നോക്കിയാൽമാത്രമേ തകർച്ചയുടെ വ്യാപ്തി വ്യക്തമാകൂ. പാലത്തിന് കൈവരികളില്ലാത്തതും മറ്റൊരു അപകടഭീഷണിയാണ്.
ഇരുവശത്തും റോഡിന്റെ ഇറക്കമിറങ്ങിയാണ് വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുക. വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ടെന്ന് പ്രദേശവാസിയായ മുഹമ്മദ് മുസ്തഫ പറയുന്നു. ഭാഗ്യവശാലാണ് വലിയ ദുരന്തങ്ങളുണ്ടാവാതിരുന്നത്.
പുതിയ പാലത്തിനായി മുൻപ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും തുടർനടപടികളുമുണ്ടായില്ല. വിദ്യാർഥികളുമായി ഇതുവഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ രക്ഷിതാക്കളുടെയും ആശങ്ക വർധിക്കുകയാണ്.
പുതിയ പാലം നിർമിക്കാനാവാശ്യമായ നടപടികൾ എത്രയുംവേഗം സ്വീകരിക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.
പുതിയപാലം ഇക്കഴിഞ്ഞ ബജറ്റിലുൾപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികളുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി പറഞ്ഞു.
Published: 24 Sept 2026, 03:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented