കൽപ്പകഞ്ചേരി : മാമ്പ്ര-കവപ്പുര റോഡിൽ നെച്ചികുണ്ടിൽ ഒരു വർഷമായി നാട്ടുകാരെ ഭീതിയിലാക്കി ഇടിഞ്ഞുകിടക്കുന്ന റോഡിന്റെ പുനർനിർമാണപ്രവൃത്തികൾ ആരംഭിച്ചു.

To advertise here,

കഴിഞ്ഞ വർഷം ജൂൺ 17-നാണ് റോഡ് 30 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. റോഡിന്റെ പകുതിയോളം ഇടിയുകയും റോഡ് യാത്രായോഗ്യമല്ലാതാവുകയും ചെയ്തു. റോഡ് ഇടിഞ്ഞുവീണത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിലേക്കാണ്. ഇതോടെ കുളം ഭൂരിഭാഗം മൂടുകയും ചെയ്തു. മുമ്പ് ഇതേ റോഡിൽ ജൽ ജീവൻ മിഷന്റെ പൈപ്പുലൈൻ സ്ഥാപിച്ചതിലുള്ള ആശാസ്ത്രീയതയാണ് റോഡ് ഇടിയാൻ കാരണമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ. മഴക്കാലത്ത് മാമ്പ്രയിൽനിന്നും സമീപ പ്രദേശത്തെ ചാലികുന്നിൽനിന്നും ഒഴുകിവരുന്ന വെള്ളം റോഡിനോട് ചാരിയുള്ള ഓവുചാലിലൂടെയായിരുന്നു ഒഴുകിയിരുന്നത്. മാലിന്യം നീക്കം ചെയ്യാതെ ഓവുചാൽ അടഞ്ഞതും സമീപ പ്രദേശങ്ങളിൽ വീടുകൾ നിർമിച്ചതോടെ ഓവുചാൽ വീതി കുറഞ്ഞതും വെള്ളം കെട്ടിനിന്നതും അപകടത്തിനു കാരണമാണ്.

റോഡിൽ യാത്രാതടസ്സം നേരിട്ടതോടെ നാട്ടുകാർ ചേർന്ന് അടഞ്ഞുകിടന്ന ഓവുചാലിൽ പൈപ്പ് സ്ഥാപിച്ച് ഓവുചാലിനു മുകളിലൂടെ മണ്ണിട്ട് റോഡ് യാത്രായോഗ്യമാക്കിയെങ്കിലും പകുതിയോളം ഇടിഞ്ഞുകിടക്കുന്ന റോഡ് അപകടഭീക്ഷണിയിലായി. മാത്രമല്ല വലിയ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ പറ്റാത്ത അവസ്ഥയുമായി.

ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തിന്റെ ഡിപ്പോസിറ്റായ 25 ലക്ഷം രൂപയും ചേർത്ത് 50 ലക്ഷം രൂപ വകയിരുത്തി പുനർനിർമാണപ്രവൃത്തികൾ ആരംഭിച്ചു.

ഫൗണ്ടേഷൻ നിർമിച്ച് അതിനുമേൽ കോൺക്രീറ്റ്‌ ബെൽറ്റ് സ്ഥാപിച്ച് റോഡ് നികത്തി ടാറിങ് പൂർത്തിയാക്കാനാണ് പദ്ധതി. മഴയ്ക്കുമുന്നേ ആദ്യ ഘട്ട ഫൗണ്ടേഷൻ പൂർത്തിയാക്കാനും രണ്ട് മാസത്തിനുള്ളിൽ മുഴുവൻ നിർമാണപ്രവൃത്തികളും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. സബാഹ് അറിയിച്ചു. എത്രയും പെട്ടെന്ന് നിർമാണപ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.