കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലൂടെ ഒരു പ്രകൃതിയാത്ര

To advertise here,

വള്ളിക്കുന്ന് : കണ്ടൽക്കാടുകൾക്കിടയിലൂടെ തോണികളും വെള്ളത്തിലേക്ക് വലവീശുന്ന മത്സ്യത്തൊഴിലാളികളും. പ്രകൃതിയും മനുഷ്യജീവിതവും ഇഴചേർന്ന പ്രദേശമാണ് കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്. കേരളത്തിലെ ആദ്യ കമ്യൂണിറ്റി റിസർവായ ഇവിടെ കടലുണ്ടിപ്പുഴയുടെ അഴിമുഖം, കണ്ടൽക്കാടുകൾ, ചെളിപ്പരപ്പുകൾ, മണൽത്തിട്ടകൾ, ചെറുദ്വീപുകൾ, ആഴം കുറഞ്ഞ ജലപ്രദേശങ്ങൾ എന്നിവ ചേർന്ന സമ്പന്നമായ ആവാസവ്യവസ്ഥയാണുള്ളത്. സർക്കാർ രേഖകളിൽ റിസർവിന്റെ ആകെ വിസ്തൃതി 153.84 ഹെക്ടർ. ഇതിൽ റിസർവ് ഫോറസ്റ്റ് 21.22 ഹെക്ടർ.

പങ്കാളിത്ത സംരക്ഷണമാണ് പ്രത്യേകത

ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും പോലെ സർക്കാർ സംവിധാനത്തിന്റെ മാത്രം സംരക്ഷണത്തിലല്ല കമ്യൂണിറ്റി റിസർവ്. വന്യജീവിസംരക്ഷണ നിയമത്തിലെ 2002-ലെ ഭേദഗതിയിലൂടെയാണ് കമ്യൂണിറ്റി റിസർവിന് നിയമപരമായ അടിത്തറ ലഭിച്ചത്. സമൂഹമോ വ്യക്തിയോ സംരക്ഷിക്കാൻ സന്നദ്ധരാകുന്ന സ്വകാര്യ അല്ലെങ്കിൽ കമ്മ്യൂണിറ്റി ഭൂമി ഈ വിഭാഗത്തിൽ ഉൾപ്പെടുത്താം. പ്രദേശവാസികൾ, പഞ്ചായത്തുകൾ, വനം വകുപ്പ് എന്നിവയുടെ പങ്കാളിത്ത സംരക്ഷണമാണ് ഇതിന്റെ പ്രത്യേകത. സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾക്കായി കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിക്കും നിയമത്തിൽ സ്ഥാനമുണ്ട്.

പുഴയെയും അഴിമുഖത്തെയും ആശ്രയിച്ചുള്ള മത്സ്യബന്ധനം, കക്ക–ചെമ്മീൻ ഉൾപ്പെടെയുള്ള ജലവിഭവങ്ങളെ ആശ്രയിച്ചുള്ള പരമ്പരാഗത തൊഴിലുകൾ എന്നിവ ഇന്നും പ്രദേശവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ്.

പ്രകൃതിവിഭവങ്ങൾക്കൊപ്പം പ്രദേശവാസികളുടെ പരമ്പരാഗത ജീവിതരീതികളും സംരക്ഷിക്കുക എന്നതും കമ്യൂണിറ്റി റിസർവിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. 2018-ൽ റിസർവ് ഇക്കോ ടൂറിസം കേന്ദ്രമായും വികസിപ്പിച്ചു.

കടലുണ്ടി അഴിമുഖത്തിന്റെ പാരിസ്ഥിതികപ്രാധാന്യം, ജലപക്ഷി വൈവിധ്യം, കണ്ടൽ ആവാസവ്യവസ്ഥ എന്നിവ കണക്കിലെടുത്ത് 2007 ഒക്ടോബർ 17-ന് കേരള സർക്കാർ കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രഖ്യാപിച്ചു.

കണ്ടൽക്കാടുകൾ, ചെളിപ്പരപ്പുകൾ, മണൽത്തിട്ടകൾ, ആഴം കുറഞ്ഞ ജലപ്രദേശങ്ങൾ എന്നിവ ചേർന്നതാണ് അഴിമുഖത്തിന്റെ സവിശേഷ ആവാസവ്യവസ്ഥ. ചെറുതുരുത്ത്, സി.പി.തുരുത്ത്, ബാലത്തുരുത്തി, മണ്ണാൻതുരുത്ത്, കമ്പനി തുരുത്ത് എന്നീ അഞ്ച് ചെറുദ്വീപുകളും പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് പ്രത്യേകത നൽകുന്നു.

പരിസ്ഥിതിമാറ്റം വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് 

കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖത്താണ് റിസർവ്. പുഴയുടെ ഒഴുക്കും കടലിന്റെ വേലിയേറ്റവും വേലിയിറക്കവും ചേർന്ന് നിരന്തരം മാറുന്ന പരിസ്ഥിതിയാണിവിടെ. വേലിയിറക്കത്തിൽ പുറത്തുവരുന്ന ചെളിപ്പരപ്പുകളിൽ ചെറുജീവികളും ഞണ്ടുകളും മറ്റ് ജലജീവികളും സമൃദ്ധമായതിനാൽ അവ പക്ഷികളുടെ പ്രധാന തീറ്റപ്പാടായി മാറുന്നു. പുഴയോരത്തെ കണ്ടൽക്കാടുകൾ മത്സ്യങ്ങൾക്കും ഞണ്ടുകൾക്കും മറ്റ് ജലജീവികൾക്കും അഭയമൊരുക്കുന്നു. വേലിയേറ്റത്തിനനുസരിച്ച് പക്ഷികളുടെ സഞ്ചാരവും ആവാസകേന്ദ്രങ്ങളും മാറുന്നു.

11 വർഷം നീണ്ട പഠനത്തിൽ 106 ഇനം പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 49 ശീതകാല ദേശാടനപ്പക്ഷികളും 35 സ്ഥിരതാമസ പക്ഷികളും 14 പ്രാദേശിക ദേശാടനപ്പക്ഷികളും എട്ട് അപൂർവമായി എത്തുന്ന പക്ഷികളും ഉൾപ്പെടുന്നു. ആഗോള സംരക്ഷണപ്രാധാന്യമുള്ള രണ്ട് വംശനാശഭീഷണി നേരിടുന്ന ഇനങ്ങളും ഒരു ദുർബല വിഭാഗത്തിലുള്ള ഇനവും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കിലോമീറ്ററുകൾ അകലെനിന്നെത്തുന്ന ദേശാടനപ്പക്ഷികൾക്ക് വേലിയിറക്കത്തിൽ തെളിയുന്ന ചെളിപ്പരപ്പുകൾ ഭക്ഷണം തേടാനുള്ള പ്രധാന ഇടമാണ്. പഠനങ്ങളിൽ കടലുണ്ടി–വള്ളിക്കുന്ന് റിസർവ് സെൻട്രൽ ഏഷ്യൻ ഫ്ലൈവേയിലെ പ്രധാന ശീതകാല വിശ്രമ–തീറ്റപ്പാടായി വിലയിരുത്തപ്പെടുന്നു. എന്നാൽ മുൻപ് കണ്ടിരുന്ന പല പക്ഷികളെയും ഇപ്പോൾ കാണാനില്ലെന്ന ആശങ്കയും പക്ഷിനിരീക്ഷകർ പങ്കുവെയ്ക്കുന്നു. വേലിയിറക്കത്തിൽ പുറത്തുവരുന്ന ഏകദേശം എട്ട് ഹെക്ടർ ചെളിപ്പരപ്പ് പക്ഷികളുടെ പ്രധാന ഭക്ഷണതേടൽ മേഖലയാണ്. ചെളിയിൽ കാണപ്പെടുന്ന പുഴുക്കൾ, ചെറുജീവികൾ, ഞണ്ടുകൾ തുടങ്ങിയവയാണ് പ്രധാന ആഹാരം.

അതിനാൽ ചെളിപ്പരപ്പിനടിയിലെ ചെറുജീവജാലസമ്പത്താണ് കടലുണ്ടിയുടെ പക്ഷിപ്പെരുമയുടെ അടിസ്ഥാനം.

(തുടരും..)