അരീക്കോട് : എയർകംപ്രസ്സർ ഘടിപ്പിച്ച ട്രാക്ടർ പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയിലേക്ക് മറിഞ്ഞ് വെള്ളത്തിൽ മുങ്ങി യുവാവ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി മേലെതൊടി ഉനൈസ് (36) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ ‘ചെറുപാറ ഗ്രാനൈറ്റ്’ എന്ന സ്ഥാപനത്തിലെ ക്വാറിയിലായിരുന്നു അപകടം.
ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് 110 അടി താഴ്ചയും 25 അടി വെള്ളവുമുള്ള ക്വാറിയിലേക്ക് മറിയുകയായിരുന്നു. ട്രാക്ടറിൽനിന്ന് പുറത്തേക്കുതെറിച്ച ഉനൈസ് വെള്ളത്തിൽനിന്ന് രണ്ടുതവണ പൊങ്ങിവന്നു. കൂടെയുണ്ടായിരുന്നവർ പൈപ്പുകളും മറ്റും ഇട്ടുകൊടുത്തെങ്കിലും അധികസമയം പിടിച്ചുനിൽക്കാൻ കഴിയാതെ വെള്ളത്തിലേക്ക് താഴ്ന്നുപോയി.
വിവരമറിഞ്ഞ് മുക്കത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി സ്കൂബാ ഡൈവർമാരെ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങി. ക്വാറിയിലെ വെള്ളം ചെളി നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം ഏറെ പ്രയാസകരമായിരുന്നു.
രണ്ടരമണിക്കൂർ തിരച്ചിലിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഉടനെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് ജില്ലാ സ്കൂബാ ടീമും സ്ഥലത്തെത്തിയിരുന്നു. മൂന്നു ദിവസമേ ആയിട്ടുള്ളൂ ഉനൈസ് ക്വാറിയിൽ പണിക്കെത്തിയിട്ട്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ എൻ.വി. അഹമ്മദ് റഹീഷ്, ഫയർ ഓഫീസർമാരായ എ.എസ്. പ്രദീപ്, എം.സി. അനു മാത്യു, സജിത്ത് ലാൽ, എൻ. ഷിനിഷ്, പി.ടി. ശ്രീജേഷ്, ഹോംഗാർഡുമാരായ ടി. രവീന്ദ്രൻ, ചാക്കോ, ജോസഫ് എന്നിവരും ജില്ലാ സ്കൂബാ ടീമംഗങ്ങളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ഹംസയുടെയും ഉമ്മുക്കുൽസുവിന്റെയും മകനാണ് ഉനൈസ്. ഭാര്യ: നിഷ. സഹോദരങ്ങൾ: ഉബൈസ്, മിസ്അബ്, ബുസ്താൻ.
Published: 06 Sept 2026, 12:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented