എടപ്പാൾ : ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ശ്രീകൃഷ്ണാഷ്ടമി നാളിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തെരുവുകളെ ഭക്തിയുടെ അരങ്ങുകളാക്കി. വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രകൾ ഗ്രാമനഗര വീഥികളെ വർണശോഭയിലാഴ്ത്തി. എടപ്പാൾ തുയ്യം, തട്ടാൻപടി, പൊൽപ്പാക്കര, പൊന്നാഴിക്കര, പെരുമ്പറമ്പ്, പൊറൂക്കര, തലമുണ്ട, അയിലക്കാട്, കോലൊളമ്പ്, കോലത്ത്, നടുവട്ടം, കാലടിത്തറ, ശുകപുരം, പയ്യങ്ങാട്, വെങ്ങിനിക്കര, പൂക്കരത്തറ, അണ്ണക്കമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെ ശോഭായാത്രകൾ എടപ്പാൾ ടൗണിലെ കുറ്റിപ്പുറം റോഡിൽ സംഗമിച്ച് ശുകപുരം കുളങ്കരക്ഷേത്രത്തിൽ സമാപിച്ചു.
എടപ്പാൾ: വെങ്ങിനിക്കര കൊടലിൽ വിഷ്ണുക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഗണപതിഹോമം, മലർനിവേദ്യം, ഉഷഃപൂജ എന്നിവയുണ്ടായി. പ്രഭാതഭക്ഷണത്തിനുശേഷം ദുർഗാ മാതൃസമിതിയുടെ നാമാർച്ചന, ‘വൈഖരി’ വെങ്ങിനിക്കരയുടെ തിരുവാതിരക്കളി, സൃഷ്ടി കലാസമിതിയുടെ ഗോപികാനൃത്തം എന്നിവയും പ്രസാദ ഊട്ട്, വിശേഷാൽ നിറമാല, ദീപാരാധന, പ്രസാദ വിതരണം എന്നിവയും നടന്നു.
കുറ്റിപ്പാല വേദപുരം ശിവക്ഷേത്രത്തിൽ ഗോപൂജ, കൃഷ്ണഭജന, ഗോപികാനൃത്തം, സാംസ്കാരികസമ്മേളനം, പ്രസാദവിതരണം എന്നിവയോടെയാണ് പരിപാടികളാരംഭിച്ചത്. മേക്കാവിൽ ഭഗവതീക്ഷേത്രത്തിൽനിന്ന് ശോഭായാത്രകളാരംഭിച്ച് വേദപുരംക്ഷേത്രത്തിൽ സമാപിച്ചു.
വട്ടംകുളം: വട്ടംകുളം പഞ്ചായത്തിലെ എരുവപ്ര, കവുപ്ര, തൈക്കാട്, കാന്തള്ളൂർ, കുറ്റിപ്പാല, പുരമുണ്ടെക്കാട്, തുടങ്ങി വിവിധ ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ വട്ടംകുളം അങ്ങാടിയിൽ സംഗമിച്ച് തടത്തിൽ ക്ഷേത്രത്തിൽ സമാപിച്ചു. ശുകപുരം ഭക്ഷിണാമൂർത്തി ക്ഷേത്രത്തിലെ ഗുരുവായൂരപ്പക്ഷേത്രത്തിൽ പൂജകൾക്കുശേഷം പാൽപ്പായസ നിവേദ്യവും നടന്നു. മേൽശാന്തി ഊരേങ്കര സിനോജ് നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.
പൊന്നാനി : വിവിധയിടങ്ങളിൽനിന്നെത്തിയ ശോഭായാത്രകൾ തൃക്കാവ് ക്ഷേത്രമുറ്റത്ത് സംഗമിച്ച് മഹാശോഭായാത്രയായി ചന്തപ്പടി, ചമ്രവട്ടം ജങ്ഷൻവഴി കണ്ടകുറുമ്പക്കാവ് ക്ഷേത്രമുറ്റത്ത് സമാപിച്ചു.
തണ്ടിലം : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്ര തണ്ടിലം ദുർഗാഭഗവതീക്ഷേത്രത്തിൽനിന്നാരംഭിച്ചു. അരയാൽക്കൽ ഭദ്രകാളിക്ഷേത്രത്തിൽ സമാപിച്ചു.
കടകശ്ശേരി പാർഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പ്രഭാതഭേരിയും ശോഭായാത്രയും നടന്നു. ദുർഗാനഗറിൽനിന്ന് ആരംഭിച്ച ശോഭായാത്ര കടകശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സമാപിച്ചു. അന്നദാനം, ഉറിയടി, ഗോകുലനൃത്തകം, പ്രസാദ വിതരണം എന്നിവയുണ്ടായി.
തവനൂർ വാസുദേവപുരം ക്ഷേത്രത്തിൽ വിശേഷാൽപൂജകൾക്കു പുറമേ തവനൂർ നാരായണീയം മാതൃഭജനസംഘം അവതരിപ്പിച്ച ഭാഗവത പാരായണം, സ്വസ്തിക, ശ്രീ രാധേയം ഹരികഥ ഭജൻസ് അവതരിപ്പിച്ച ഭജൻസ്, പിന്നണിഗായിക വിനീതയുടെ ഗാനാർപ്പണം, എന്നിവയുണ്ടായി. പിറന്നാൾസദ്യയും ഒരുക്കിയിരുന്നു. മട്ടന്നൂർ ശ്രീരാജ്, നിതീഷ് ചിറക്കൽ എന്നിവർ ഇരട്ടത്തായമ്പക അവതരിപ്പിച്ചു. നൃത്തനൃത്യങ്ങൾ, ജന്മാഷ്ടമിപൂജ എന്നിവയുമുണ്ടായി.
അയങ്കലം മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭഗവത്‌സേവ, ശ്രീഭൂതബലി, പ്രസാദഊട്ട് എന്നിവയുണ്ടായി.
എരമംഗലം : ബാലഗോകുലം മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശോഭായാത്ര നടന്നു. പനമ്പാട്, പുറങ്ങ്, കാഞ്ഞിരമുക്ക് പ്രദേശങ്ങളിലെ വിവിധ ശോഭായാത്രകൾ അത്താണിയിൽ സംഗമിച്ച് മഹാശോഭായാത്രയായി കാഞ്ഞിരമുക്ക് തോന്നികുറുമ്പക്കാവ് ഭഗവതീക്ഷേത്രത്തിൽ സമാപിച്ചു. ആഘോഷപ്രമുഖ് എ.പി. ഷാജി, ടി. സതീഷ്, ലിജി കാഞ്ഞിരമുക്ക് എന്നിവർ നേതൃത്വംനൽകി. എരമംഗലം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എരമംഗലം കല്ലൂർപ്പുള്ളി മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽനിന്ന് തുടങ്ങിയ ശോഭായാത്ര താഴത്തേൽപ്പടി ശ്രീഘോര രാക്ഷസവനം കുളങ്ങര ശ്രീരാമസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
Published: 05 Sept 2026, 01:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented