കട്ടപ്പന : വിരമിച്ച ഒരു അധ്യാപികയ്ക്ക് നാടിനായി പലതും ചെയ്യാനാകും. ആ ബോധ്യം സൈനബ ടീച്ചർക്കുണ്ട്. അതിനാൽത്തന്നെ ലഹരിയിൽനിന്ന് യുവതലമുറയെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഈ റിട്ട. അധ്യാപിക.
ഓപ്പറേഷൻ തൂഫാൻ വിജയകരമായി മുന്നേറുമ്പോൾ ജില്ലയിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണവുമായി സജീവമായി റിട്ട. അധ്യാപിക സൈനബ ബീവി.
ആമയാർ എം.ഇ.എസ്. സ്‌കൂളിൽ ഹൈസ്‌കൂൾ ബയോളജി അധ്യാപികയായിരുന്ന ടീച്ചർ ഒരുവർഷം മുൻപാണ് വിരമിച്ചത്. വിരമിച്ചശേഷവും പാഠ്യേതര പദ്ധതികളുമായി വിദ്യാർഥികൾക്ക് ഇടയിൽ സജീവമായിരുന്ന ടീച്ചർ അടുത്ത കാലത്തായി കുട്ടികൾക്ക് ഇടയിൽ ലഹരി ഉപയോഗം വർധിക്കുന്നത് ശ്രദ്ധിച്ചു.
ശിക്ഷാനടപടികൾ കൊണ്ടുമാത്രം ഇതിന് തടയിടാൻ കഴിയില്ല എന്നു മനസ്സിലാക്കി. ഇതോടെയാണ് ചെറിയ ക്ലാസുകളിൽ തന്നെ ലഹരിവിരുദ്ധ ക്ലാസുകൾ കുട്ടികൾക്ക് നൽകാമെന്ന ആശയം ഉദിക്കുന്നത്. ഇതോടെ സ്‌കൂളുകളിൽ ക്ലാസ് എടുക്കുന്നതിനുള്ള അനുമതി വകുപ്പ് അധികൃതരിൽനിന്നും സ്വന്തമാക്കി. ഹൈറേഞ്ച് മേഖലയിലെ സ്‌കൂളുകളിൽ ആദ്യ ഘട്ടമായി ക്ലാസ് ആരംഭിച്ചു. ഇതുവരെ 3000 കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകാൻ സാധിച്ചു.
സ്‌കൂളുകളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ടീച്ചർ പറയുന്നു. തുടർന്നും ലഹരിവിരുദ്ധ ബോധവത്കരണം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ടീച്ചറിന്റെ തീരുമാനം. 2025-ൽ വിരമിക്കൽ സമയത്ത് സമ്മാനങ്ങൾക്ക് പകരം കുട്ടികളെ കൊണ്ട് ടീച്ചറിന്റെ തലയിൽ കൈവെച്ചു ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചത് വൈറലായിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.
മാതൃഭൂമി സീഡ് കോഡിനേറ്ററായിരുന്ന ടീച്ചർ 2021-ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ്.
സീഡിന്റെ മികച്ച അധ്യാപക കോഡിനേറ്റർ അവാർഡും ലഭിച്ചിട്ടുണ്ട്.
ഭർത്താവ് റിട്ട.എസ്.ഐ. പി.എസ്.നൗഷാദ്, മക്കളായ അജിന മിന്ന, അജ്മൽ ഷാ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
Published: 06 Sept 2026, 12:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented