ചെറുതോണി
: വിനോദസഞ്ചാരത്തിന്റെ പറുദീസയാണ് ഇടുക്കി. അവിടെ വിനോദ സഞ്ചാരത്തിനായി ഒരു മാസ്റ്റർപ്ലാൻ.
ഇടുക്കിയുടെ മലനിരകളും കാടുകളും വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും കാർഷിക മേഖലകളും ചേർന്നുള്ള വിനോദസഞ്ചാര സാധ്യതകൾക്ക് ഇനി പുതിയ ദിശ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
പ്രകൃതിക്കിണങ്ങിയ വിനോദസഞ്ചാരം
പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനമല്ല, ഇടുക്കിയുടെ പ്രകൃതിസമ്പത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര വികസനമാണ് മാസ്റ്റർപ്ലാനിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ വിനോദസഞ്ചാര മാതൃകകൾ, സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട സ്ഥലങ്ങൾ, പുതിയ വിനോദസഞ്ചാര സാധ്യതകൾ എന്നിവയെല്ലാം പദ്ധതിയിൽ പരിഗണിക്കും.
ഇടുക്കിയുടെ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി കൂടുതൽ സമൂഹങ്ങളെ കൂടി ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. കർഷകർ, ആദിവാസി സമൂഹങ്ങൾ, സ്ത്രീകൾ, ചെറുകിട സംരംഭകർ, പ്രാദേശിക കലാകാരൻമാർ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കി ടൂറിസത്തിന്റെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഓരോ പ്രദേശത്തിനുംസ്വന്തം സാധ്യതഅണക്കെട്ടുകളും ജലാശയങ്ങളും മാത്രമല്ല ഇടുക്കിയുടെ ടൂറിസം സാധ്യത. മലനിരകൾ, കൃഷിയിടങ്ങൾ, വനമേഖലകൾ, ഗ്രാമീണജീവിതം, ഭക്ഷണം, പ്രാദേശിക സംസ്കാരം, സാഹസിക വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളെ കോർത്തിണക്കി ഇടുക്കിയുടെ സ്വന്തം ടൂറിസം മാതൃകയ്ക്ക് രൂപം നൽകാനാണ് ലക്ഷ്യം.
നിലവിലുള്ള കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അധികം ശ്രദ്ധ ലഭിക്കാത്ത പ്രദേശങ്ങളെ കൂടി വിനോദസഞ്ചാര ഭൂപടത്തിലേക്ക് കൊണ്ടുവരുന്നതും മാസ്റ്റർപ്ലാനിന്റെ ഭാഗമാകും. ഇതിലൂടെ വിനോദസഞ്ചാരികളുടെ സന്ദർശനം ഏതാനും പ്രധാന കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങാതെ ജില്ലയിലെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
നടപടി തുടങ്ങി
ഇടുക്കി പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ള ഇടുക്കി ടൂറിസം മാസ്റ്റർപ്ലാനിന്റെ വിശദമായ പദ്ധതി തയ്യാറാക്കുന്നതിനായി ടൂറിസം വകുപ്പിന്റെ പട്ടികയിൽ ഉൾപ്പെട്ട ഏജൻസികളിൽനിന്നും വാസ്തുശിൽപികളിൽനിന്നും അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.
അപേക്ഷയോടൊപ്പം ഇടുക്കി ടൂറിസം മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട ആശയരേഖയും സമർപ്പിക്കണം. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കളക്ടറേറ്റിലുള്ള ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ 22-നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04862 232248.
Published: 06 Sept 2026, 12:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented