ജൽജീവൻ പൈപ്പിടൽ

To advertise here,

കാളികാവ് : ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി ചാലുകീറിയതോടെ നാല്പത് സെന്റ് റോഡ് ചെളിക്കുളമായി. ചോക്കാട്-നാല്പത് സെന്റ് റോഡാണ് യാത്രക്കാർക്ക് സഞ്ചരിക്കാനാകാത്തവിധം ദുരവസ്ഥയിലായത്. മേഖലയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ മഴയിൽ റോഡ് മുഴുവൻ ചെളിയിൽ മുങ്ങിയതോടെ നാല്പത് സെന്റ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്രക്കാരും നാല്പത്‌ സെന്റ് ആദിവാസി ഉൗരിൽ താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളും ദുരിതത്തിലായി.

ജൽജീവൻ പദ്ധതിക്കായി നിർമിച്ച സംഭരണിയിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇതിനായി റോഡിന്റെ 300 മീറ്ററോളം അരികുകീറി വലിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പൈപ്പുകൾ സ്ഥാപിക്കാനായെടുത്ത മണ്ണ് റോഡിലേക്കിട്ടതാണ് യാത്രക്കാരെ വലയ്ക്കുന്നത്. വെള്ളിയാഴ്ച പകലും മഴ തുടർന്നതോടെ ഇതുവഴിയുള്ള യാത്ര ഏറെ പ്രയാസകരമായി. ഇരുചക്രവാഹന യാത്രക്കാർ തെന്നിവീഴുന്ന സാഹചര്യമുണ്ടായതായി നാട്ടുകാർ പറഞ്ഞു.

ആശുപത്രിയിലേക്കുള്ള രോഗികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ദിവസവും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. റോഡിലെ ചെളിയും വഴുക്കലും കാരണം കാൽനട യാത്രയും ഏറെ ദുഷ്കരമായിട്ടുണ്ട്. പൈപ്പിടൽ പ്രവൃത്തിക്കായെടുത്ത മണ്ണ് നീക്കംചെയ്ത് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.