ആനക്കര : റോഡിലൂടെ ഒരുകൂട്ടം തെരുവുനായകൾ... മുന്നിൽ വാഹനം വന്നാലും വഴിമാറില്ല. കാൽനടയാത്രക്കാരെ കണ്ടാൽ പിന്നാലെ കൂടും. പെരുമ്പലത്ത് ശാരദപ്പടി റോഡിലൂടെയുള്ള യാത്ര ഇപ്പോൾ നാട്ടുകാർക്കും വിദ്യാർഥികൾക്കും ഭീതിയാകുകയാണ്.

To advertise here,

പത്തോളം തെരുവുനായകളാണ് പതിവായി റോഡിൽ കൂട്ടമായിക്കാണുന്നത്. വാഹനങ്ങൾ അടുത്തെത്തിയാലും റോഡിൽനിന്ന് മാറിനിൽക്കാത്തതിനാൽ ഇരുചക്രവാഹനയാത്രക്കാരും ഏറെ ശ്രദ്ധിച്ചാണ് കടന്നുപോകുന്നത്. നായകൾ പെട്ടെന്ന് റോഡിലേക്ക് ഓടിക്കയറുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

സ്കൂൾ വിദ്യാർഥികളാണ് ഏറെ ദുരിതത്തിലാകുന്നത്. ഒറ്റയ്ക്ക് റോഡിലൂടെ നടക്കുമ്പോൾ നായകൾ കൂട്ടമായി പിന്നാലെ എത്തുമോയെന്ന ഭയമാണ് പലർക്കും. അതിനാൽ വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ കൂട്ടമായാണ് പലപ്പോഴും യാത്രചെയ്യുന്നത്. രാവിലെയും വൈകീട്ടുമാണ് റോഡിൽ നായകളുടെസാന്നിധ്യം zകൂടുതലായി അനുഭവപ്പെടുന്നത്. തെരുവുനായശല്യം തുടർന്നാൽ അപകടങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നായകളെ നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് സുരക്ഷിതമായി റോഡിലൂടെ സഞ്ചരിക്കാനുമുള്ള അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.