നാട്ടുകാരും യാത്രക്കാരും ഭീതിയിൽ

To advertise here,

വണ്ടിത്താവളം : വെള്ളമൊഴുക്കിന് തടസ്സമുണ്ടാക്കും വിധത്തിൽ കനാലിനകത്തും ഇരുകരകളിലും പാഴ്ചെടികൾ വളർന്ന് പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. മൂലത്തറ ഇടതുകനാലിന്റെ ചുള്ളിപ്പെരുക്കമേട്, മൂപ്പൻകുളം, അത്തിമണി ഭാഗങ്ങളിലാണ് പാഴ്ചെടികളും കുറ്റിച്ചെടികളും വളർന്നുനിൽക്കുന്നത്. ഇവിടെ വിഷപ്പാമ്പുകളുടെയും പന്നികളുടെയും താവളമായി.

പരിസരവാസികളും യാത്രക്കാരും പേടിയോടെയാണ് ഇതിലൂടെ നടക്കുന്നത്. മാലിന്യംതള്ളലും ആശങ്ക ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ചെടികൾ ദേഹത്തുതട്ടിയാൽ ചൊറിയും. കനാലിൽവെള്ളം കിട്ടാതായിട്ട് മാസങ്ങളായി. വെള്ളമില്ലാത്തതുമൂലം ഒടചിറ, വീട്ടുക്കുഴി തുടങ്ങിയ പാടശേഖരങ്ങൾ ഉണക്കുഭീഷണിയിലാണ്. കനാലിലെ പാഴ്ചെടികളും കുറ്റിച്ചെടികളും യഥാസമയം നീക്കാതിരുന്നാൽ വെള്ളം തുറന്നുവിട്ടാൽത്തന്നെ ആവശ്യത്തിനു കിട്ടില്ലെന്ന് കർഷകർ പറയുന്നു.

അതേസമയം, കനാലിലെ പാഴ്ചെടികളും മറ്റും വെട്ടിമാറ്റി കനാൽവൃത്തിയാക്കൽ വാർഷിക അറ്റകുറ്റപ്പണികളിൽ ഉൾപ്പെടുത്തി ചെയ്യാറുണ്ടെന്നും മഴക്കാലം കഴിഞ്ഞുമാത്രമേ കനാലിലെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയൂവെന്നും ഡിവിഷണൽ എക്സിക്യുട്ടീവ് എൻജിനിയർ പവിത്ര പറഞ്ഞു.