പാലക്കാട്, ഷൊർണൂർ ജങ്ഷനുകൾക്കുമുന്നിൽ പ്രതിഷേധമിരമ്പി
പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻ തുണ്ടുതുണ്ടായി വെട്ടിമുറിച്ച് കേന്ദ്രസർക്കാർ കേരളത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ പോക്കറ്റടിക്കുകയാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് സി.പി.എം. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിൽനിന്ന് നാടിനെ തിരിച്ചുനടത്താൻ ഡൽഹിയിൽ നടക്കുന്ന ഗൂഡാലോചനയാണ് പാലക്കാട് ഡിവിഷന്റെ വിഭജനം. ഇതിനെതിരേ ഉറച്ച പോരാട്ടത്തിലേക്ക് വരാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാരോ പാലക്കാട്ടെ എം.പി.യോ ജനങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറാവുന്നില്ലെന്ന് എം.എ. ബേബി പറഞ്ഞു.
ഭാവിയിൽ എന്തിനാണ് ഇങ്ങനെയൊരു റെയിൽവേ ഡിവിഷൻ എന്ന് കേന്ദ്രം ചിന്തിച്ചാലും അദ്‌ഭുതപ്പെടാനില്ല. പ്രതിവർഷം 1000 കോടി രൂപയുടെ നഷ്ടമാണ് പാലക്കാട് ഡിവിഷൻ വിഭജനത്തിലൂടെ സംഭവിക്കാൻ പോകുന്നത്.
പാലക്കാട് ഡിവിഷന്റെ ജീവൻ വെട്ടിമുറിച്ച് അവസാനിപ്പിക്കുന്ന നീക്കം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള എം.പി.മാരും സംസ്ഥാന സർക്കാരും കേന്ദ്രത്തിന്റെ വഞ്ചനാപരമായ സമീപനത്തിനെതിരേ എന്തുകൊണ്ട് ഡൽഹിയിൽ സർവകക്ഷി പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറാവുന്നില്ലെന്ന് ബേബി ചോദിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം സി.കെ. രാജേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.ബി. രാജേഷ്, മുൻ എം.പി. എൻ.എൻ. കൃഷ്ണദാസ്, ജില്ലാ സെക്രേട്ടറിയറ്റ് അംഗം ടി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. എം.എൽ.എ.മാരായ എ. പ്രഭാകരൻ, കെ. പ്രേംകുമാർ, പി.പി. സുമോദ്, സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം വി. ചെന്താമരാക്ഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, വൈസ് പ്രസിഡന്റ് എൻ. സരിത തുടങ്ങിയവർ നേതൃത്വം നൽകി.
ഷൊർണൂരിൽ
ഷൊർണൂർ : പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ വിഭജിക്കുന്നതിനെതിരേ സി.പി.എം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ഇടയ്ക്ക് മഴ പെയ്തത് അലോസരമുണ്ടാക്കി.
ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ആർ. മുരളി, സുബൈദ ഇസഹാഖ്, കെ. ശാന്തകുമാരി, ഒറ്റപ്പാലം ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.
Published: 26 Sept 2026, 03:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented