കോട്ടയ്ക്കൽ : യഥാർഥമായ മാനവികതയുടെ ‘സിലബസ്‌’ അധ്യാപകനാണ് തലമുറകളെ പഠിപ്പിച്ചതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ. അധ്യാപകദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് പാലത്തറയിലെ മാതൃഭൂമി ഓഫീസിൽ ഒരുക്കിയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

അറിവുതരാൻ ഗുരുവിന്റെ ആവശ്യമില്ലാത്ത എ.ഐ.യുടെ കാലമാണിത്. എന്നാൽ എ.ഐ.യ്ക്ക് അറിവുകൊടുക്കാനേ കഴിയൂ. ഗുരുവിൽനിന്നുകിട്ടുന്നതുപോലൊരു വെളിച്ചം നൽകാനാവില്ല. കുട്ടിയെ യഥാർഥമായ വിവേകത്തിലേക്കും മാനവികതയിലേക്കും നയിക്കാൻ ജീവനുള്ള അധ്യാപകനേ പറ്റൂ. അധ്യാപകൻ അകക്കണ്ണു തുറപ്പിക്കണം.

17 വർഷമായി മാതൃഭൂമി സീഡ് നടത്തുന്ന മഹത്തായ പാരിസ്ഥിതികജ്ഞാനവിപ്ലവം ലക്ഷ്യംവെക്കുന്നത് ഭൂമിയെ നാളെയും ജീവിതയോഗ്യമാക്കിനിലനിർത്തുന്നതിനാണ്. ഈ ശൃംഖലയിൽച്ചേർന്ന് അധ്യാപകർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് -ലീലാകൃഷ്ണൻ പറഞ്ഞു.

 

മാതൃഭൂമി- ഫെഡറൽ ബാങ്ക് സീഡ് 18-ാംവർഷത്തിലേക്കുകടക്കുന്ന വേളയിലാണ് ഇതുവരെ സീഡ് ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ പുരസ്കാരംനേടിയ ജില്ലയിലെ അധ്യാപകർക്ക് ആദരമൊരുക്കിയത്. അധ്യാപകർക്കുള്ള ഉപഹാരം ലീലാകൃഷ്ണൻ സമ്മാനിച്ചു. സീഡുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അധ്യാപകർ പങ്കുവെച്ചു.

മാതൃഭൂമി യൂണിറ്റ് മാനേജർ യു.എസ്. സുഷ്മ അധ്യക്ഷത വഹിച്ചു.

ഫെഡറൽ ബാങ്ക് മലപ്പുറം റീജണൽ ഹെഡ് സി. അനൂപ് ലാൽ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി ന്യൂസ് എഡിറ്റർ ഡോ. ഒ.കെ. മുരളീകൃഷ്ണൻ, എൻജിനിയർ കെ.വി. നന്ദകുമാർ, സീനിയർ റിപ്പോർട്ടർ സി. സാന്ദീപനി, സോഷ്യൽ ഇനിഷ്യേറ്റീവ് എക്സക്യുട്ടീവ് യു.പി. ഹിമ എന്നിവർ സംസാരിച്ചു.