പഞ്ചിങ്, യൂണിഫോം, പരാതിപരിഹാര സമിതി...
കാളികാവ് : രാവിലെ 6.40-നകം പഞ്ചിങ് യന്ത്രത്തിൽ ഹാജർ രേഖപ്പെടുത്തി 10 റൗണ്ട് നടന്നിരിക്കണം. അമ്പലക്കുന്ന് മൈതാനത്ത് നാട്ടുകൂട്ടത്തിന്റെ പ്രഭാതനടത്തം വെറുതേ ഒരു നടപ്പല്ല. ഇവിടെ രാവിലെ നടക്കുന്നവർക്ക് അസോസിയേഷനുണ്ട്-കാളികാവ് മോണിങ് വാക്കേഴ്സ് അസോസിയേഷൻ. വെറുതേ ഒരു പേരുമാത്രമല്ല, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർചെയ്തതാണ് 2010-ൽ ആരംഭിച്ച സംഘടന. ഈ നടപ്പുവിശേഷം കേട്ടറിഞ്ഞ് അതുകാണാനാണ് സൗദി അറേബ്യയിൽനിന്ന് വിമാനംകയറി അവരെത്തിയത്. സഈദ് നാസർ അൽ നഹ്ദി, ഹസ്സൻ അലി ഹുസൈൻ അൽ ഹമദ്, ഹൈദർ അലി ഹുസൈൻ അൽ ഹമദ് എന്നീ സൗദി സ്വദേശികൾ.
ഞാനുമുണ്ട് നടക്കാൻ എന്നു പറഞ്ഞ് വെറുതേ ചെന്നാൽ കൂട്ടത്തിൽ കൂട്ടില്ല. 30 ദിവസത്തെ കാൻഡിഡേറ്റ് അംഗത്വമാണ് ആദ്യം കൊടുക്കുക. ബുധൻ, ഞായർ ദിവസങ്ങളിൽ യൂണിഫോം നിർബന്ധമാണ്.
22 മുതൽ 79 വയസ്സ് വരെയുള്ളവരുണ്ട് ഈ നടപ്പുകൂട്ടത്തിൽ. ആകെ 250-ലേറെ അംഗങ്ങൾ. നിയമലംഘനങ്ങൾക്കും പെരുമാറ്റദൂഷ്യത്തിനും പിഴയുണ്ട്. നടത്തംകഴിഞ്ഞാൽ വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ, വ്യായാമം, യോഗ തുടങ്ങിയവയിൽ ഇഷ്ടാനുസരണം പങ്കെടുക്കാം.
സംഘടനാനിയമങ്ങൾ ലംഘിച്ചതിന് പിഴചുമത്തിയാൽ പരാതിപ്പെടാനും വിചാരണയ്ക്കുമെല്ലാം അവസരമുണ്ട്. ന്യായവാദങ്ങൾ കേട്ട് അംഗീകരിക്കാവുന്നതോ അല്ലാത്തതോ എന്ന് തീർച്ചപ്പെടുത്തും. നടത്തക്കൂട്ടത്തിന്റെ ചിട്ടവട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയെങ്കിൽ അത് ബോധ്യപ്പെടുത്തിയിട്ടാണ് പിഴയിടുക.
പ്രത്യേക സാഹചര്യങ്ങളിലും 15 ദിവസം കൂടുമ്പോഴും റൗണ്ടപ്പ് ചേർന്ന് പൊതുവിഷയങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യും. ഭാരവാഹികളെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.
കൃത്യമായി ഹാജരുള്ളവർക്കും മികവുതെളിയിച്ച അംഗങ്ങൾക്ക് സമ്മാനങ്ങളും നൽകും. വനിതകളുടെ സൗകര്യംപരിഗണിച്ച് രാത്രി എട്ട് മുതൽ 10 വരെ പ്രത്യേക പരിശീലകന്റെ മേൽനോട്ടത്തിലാണ് വ്യായാമ പരിശീലനം. 60 വനിതാ അംഗങ്ങളുണ്ട്.
16 വർഷമായി ഷറഫുദ്ദീൻ ചോലാസ് പ്രസിഡന്റും എറമ്പത്ത് കരീം സെക്രട്ടറിയുമായാണ് അസോസിയേഷന്റെ പ്രവർത്തനം.
സൗദിയിൽ തങ്ങളുടെകീഴിൽ ജോലിചെയ്യുന്ന കാളികാവ് സ്വദേശികളിൽനിന്നും മറ്റു ചില പ്രവാസികളിൽനിന്നുമാണ് മോണിങ് വാക്കേഴ്‌സ് അസോസിയേഷനെക്കുറിച്ച് അറബികൾ കേട്ടറിഞ്ഞത്. ഇങ്ങനെയൊരു നടപ്പുകൂട്ടമോ എന്ന അതിശയത്തിലാണ് എല്ലാം നേരിട്ട് കാണാനായി സൗദിയിൽനിന്ന് അവർ വിമാനം പിടിച്ചെത്തിയത്. ഇതേ പരിപാടികൾ അറബിനാട്ടിലും നടപ്പാക്കുന്നതിനെക്കുറിച്ച് മോണിങ് വാക്കേഴ്‌സ് ഭാരവാഹികളുമായി ചർച്ചനടത്തിയിട്ടാണ് അതിഥികൾ സൗദിയിലേക്ക് തിരിച്ചുപറക്കുന്നത്.
Published: 24 Sept 2026, 03:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented