കുറ്റിപ്പുറം : സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ വാഹനഗതാഗതം നിരോധിച്ച
കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ മുകളിലൂടെ ഇരുചക്രവാഹനങ്ങൾ ഓടുന്നു. ഏഴുമാസം മുൻപാണ് ഇരുഭാഗത്തും സർവീസ് റോഡുകൾ നിർമിക്കാതെ ബ്രിഡ്‌ജിന്റെ
ഉദ്ഘാടനം നടന്നത്. എന്നാൽ ബ്രിഡ്‌ജിന്റെ കുറ്റിപ്പുറം ഭാഗത്തും കുമ്പിടി ഭാഗത്തും നിലവിലെ റോഡിലേക്ക് പാലത്തെ ബന്ധിപ്പിക്കുന്നതിന് ഉദ്ഘാടനവേളയിൽ മണൽ ഉപയോഗിച്ച് താത്‌കാലിക റാംപ് നിർമിച്ചിരുന്നു. ഉദ്ഘാടനത്തിനുശേഷം ഈ താത്‌കാലിക മണൽ റാംപ് വഴിയാണ് വാഹനങ്ങൾ ബ്രിഡ്‌ജ് വഴി ഇരുഭാഗത്തേക്കും പൊയ്‌ക്കാണ്ടിരുന്നത്.
പിന്നീട് ഒരുമാസത്തിനുശേഷം ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു.
അതിന്റെ ഭാഗമായി കുറ്റിപ്പുറം ഭാഗത്ത് ബ്രിഡ്‌ജിന്റെ പ്രവേശനഭാഗത്ത് ആഴത്തിൽ ഒരു കിടങ്ങും നിർമിച്ചു. കുമ്പിടി ഭാഗത്ത് വാഹനഗതാഗതം നിരോധിച്ചുള്ള ഒരു മുന്നറിയിപ്പുബോർഡ് മാത്രമാണ് സ്ഥാപിച്ചത്.
എന്നാൽ, ഇരുചക്രവാഹനങ്ങൾ നിരോധന ഉത്തരവ് മറികടന്ന് യാത്ര തുടരുകയാണ്. ഇതിനിടയിൽ കുറ്റിപ്പുറം ഭാഗത്തെ കിടങ്ങും ഭാഗികമായി നികത്തപ്പെട്ടു. അതിനുപിന്നിൽ മണൽ മാഫിയയായിരുന്നു.
ഇതിനിടെ മണൽ റാംപ് മഴയിൽ പലയിടത്തും ഒലിച്ചുപോയി. അവിടെയെല്ലാം കുഴികളായി.
വാഹനങ്ങളുടെ ടയറുകൾ താഴാതിരിക്കാൻ ഉദ്ഘാടനസമയത്ത് മണലിനു മുകളിലിട്ട ഇരുമ്പുഷീറ്റുകൾ പലയിടത്തേക്കു മാറി.
ഇതോടെ ഇതുവഴി യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായി. ഇതിനിടെ ഒരു മണൽക്കടത്ത് ലോറിയും ഇവിടെ നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു.
വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായ സാഹചര്യത്തിൽ സർവീസ് റോഡ് നിർമിക്കുംവരെ ഇതുവഴിയുള്ള വാഹനയാത്ര നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സർവീസ് റോഡില്ലാതെ കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്
കുറ്റിപ്പുറം : ഉദ്ഘാടനംകഴിഞ്ഞ് ഏഴുമാസമായിട്ടും സർവീസ് റോഡുകളില്ലാതെ കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്.
ഇക്കൊല്ലം മാർച്ച് ഒന്നിനാണ് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ബ്രിഡ്‌ജ് ഉദ്ഘാടനംചെയ്തത്.
ബ്രിഡ്‌ജിന്റെ കുമ്പിടി, കുറ്റിപ്പുറം ഭാഗങ്ങളിൽ സർവീസ് റോഡുകൾ നിർമിക്കാതെയുള്ള ഉദ്ഘാടനം ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു.
പിന്നീട് കുമ്പിടി ഭാഗത്ത് സർവീസ് റോഡിന്റെ നിർമാണം ആരംഭിച്ചു. അതിന്റെ നിർമാണ പ്രവൃത്തികൾ ഇപ്പോഴും നടക്കുന്നുണ്ട്.
കുറ്റിപ്പുറം ഭാഗത്ത് സർവീസ് റോഡ് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
കുറ്റിപ്പുറം ഭാഗത്ത് 41 ആളുകളിൽനിന്ന് 58.78 സെൻ്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ രണ്ടു വ്യക്തികൾ സമ്മതപത്രം നൽകാൻ അവശേഷിക്കുന്നുണ്ട്.
ഇതിൽ ഒരു ഭൂവുടമ തന്റെ കെട്ടിടം പൊളിച്ചുനീക്കേണ്ടതിനാൽ അതിന്റെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതിനാൽ കളക്ടർക്കും മറ്റൊരു ഭൂവുടമ തന്റെ വീട്ടുകിണർ പൊളിച്ചുനീക്കുന്നത് ഒഴിവാക്കണമെന്നഭ്യർഥിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
ഈ വിഷയങ്ങൾക്ക് തീരുമാനമായാൽമാത്രമേ ഇവർ ഭൂമി വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം നൽകുകയുള്ളൂ.കുമ്പിടി ഭാഗത്തെ 107 പേരുടെ സമ്മതപത്രം കിട്ടി.
ഇവരിൽ നിന്ന് 82.5 സെന്റ് സ്ഥലം ഏറ്റെടുത്തതിന് നേരത്തേ സമ്മതപത്രം ലഭിച്ചതിനാലാണ് അവിടെ സർവീസ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത്.
Published: 24 Sept 2026, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented