പൊന്നാനി : കടലേറ്റവും പ്രകൃതിദുരന്തങ്ങളുമുണ്ടാകുമ്പോൾ തീരദേശവാസികൾക്ക് താത്കാലിക അഭയവും പുനരധിവാസ സൗകര്യവും ഒരുക്കുന്നതിന് ഹാർബറിൽ സമൂഹ പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു.

To advertise here,

നിർമാണം അവസാനഘട്ടത്തിലെത്തിയ കേന്ദ്രം രണ്ടുമാസത്തിനകം നാടിന് സമർപ്പിക്കും.

‘പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന’ (പി.എം.എം.എസ്.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തി 1.70 കോടി രൂപ ചെലവിൽ ഫിഷറീസ് വകുപ്പാണ് സമൂഹ പുനരധിവാസകേന്ദ്രം നിർമിക്കുന്നത്.

പ്രകൃതിദുരന്തങ്ങൾ, കടലാക്രമണം തുടങ്ങിയ സാഹചര്യങ്ങളിൽ ദുരിതബാധിതരായ തീരദേശ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളി സമൂഹത്തിന് വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് കേന്ദ്രം വിഭാവനംചെയ്തിരിക്കുന്നത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിവാഹങ്ങൾക്കും മറ്റ് സാമൂഹിക പരിപാടികൾക്കും സ്ഥിരമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

535 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം. വിശാലമായ ഹാൾ, അണിയറ, ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. ഒരേസമയം 200 പേർക്ക് ഇരിക്കാവുന്ന ഹാളാണ് പ്രധാന ആകർഷണം.

ദുരന്തസമയത്തെ പുനരധിവാസത്തിനുപുറമേ സാധാരണ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക ആവശ്യങ്ങൾക്കും കേന്ദ്രം ഉപയോഗപ്പെടുത്താൻ കഴിയുന്നതോടെ കെട്ടിടം തീരദേശമേഖലയിലെ പ്രധാന സാമൂഹിക സൗകര്യമായി മാറും.

കെട്ടിടത്തിന്റെ പ്രധാന നിർമാണപ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.

നിലവിൽ ഇലക്ട്രിക്കൽ, പ്ലംബിങ്, ടൈൽ ജോലികളുമാണ് പ്രധാനമായും പൂർത്തീകരിക്കാനുള്ളത്. ഇവകൂടി പൂർത്തിയാക്കി കെട്ടിടം നവംബറിൽ നാടിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.