നെല്ലുമായി കർഷകർ കാത്തിരിപ്പിൽ

To advertise here,

അയിലൂർ : പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഒന്നാംവിള നെൽക്കൃഷിയുടെ കൊയ്ത്ത് തുടങ്ങിയെങ്കിലും നെല്ല് സംഭരണം തുടങ്ങാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. അയിലൂർ, നെന്മാറ കൃഷിഭവനുകളുടെ പരിധിയിലെ വിവിധ പാടശേഖരങ്ങളിലാണ് കൊയ്ത്ത് തുടങ്ങിയത്. കൊയ്‌തെടുത്ത നെല്ല് ഉണക്കി സംഭരണത്തിന് കൈമാറാൻ കഴിയാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

കുളങ്ങളിൽനിന്നും കുഴൽക്കിണറുകളിൽനിന്നും വെള്ളം പമ്പ് ചെയ്ത് നിലമൊരുക്കുകയും കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമെത്തിക്കുകയും ചെയ്യാൻ സൗകര്യമുണ്ടായിരുന്ന കർഷകരുടെ നെൽപ്പാടങ്ങളാണ് ഇപ്പോൾ കൊയ്ത്തിന് പാകമായത്. ഇതുമൂലം മറ്റു പാടശേഖരങ്ങളെ അപേക്ഷിച്ച് നേരത്തേ കർഷകർ കൊയ്‌തെടുക്കുകയും ചെയ്തു.

കാലാവസ്ഥയിലുണ്ടായ മാറ്റത്തിനൊപ്പം നെൽച്ചെടികളിൽ മുഞ്ഞയുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടതോടെ പല കർഷകരും വിളവെടുപ്പ് നേരത്തെയാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പത്തുദിവസം മുൻപുതന്നെ കൊയ്ത്ത് നടത്തിയെന്ന് കണിമംഗലം പാടശേഖരത്തിലെ കർഷകനായ ഇടിയംപൊറ്റ സ്വദേശി മുരളീധരൻ പറഞ്ഞു.

ഇപ്പോൾ അതിഥിത്തൊഴിലാളികളുടെ സഹായത്തോടെ കൊയ്‌തെടുത്ത നെല്ല് ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ മൂടിക്കെട്ടിയ അന്തരീക്ഷവും ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽമഴയും നെല്ല് ഉണക്കുന്നതിന് തടസ്സമാകുന്നുണ്ട്. നെല്ല് കൃത്യമായി ഉണക്കിയെടുക്കാനാകാതെ വന്നാൽ ഗുണനിലവാരം കുറയുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്യുമെന്ന ആശങ്കയും കർഷകർക്കുണ്ട്.

ഇതിനിടെ കഴിഞ്ഞ സീസണിൽ സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ വില ഇനിയും ലഭിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഒന്നാംവിളയുടെ കൊയ്ത്ത്‌ തുടങ്ങിയിട്ടും സംഭരണ നടപടികൾ ആരംഭിക്കാത്തതും കഴിഞ്ഞ സീസണിലെ നെല്ല് സംഭരിച്ചതിന്റെ വില ലഭിക്കാത്തതും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.