അപകടസമയത്ത് പുഴയിലുണ്ടായിരുന്നത് നൂറിലധികം പേർ
കാളികാവ് : നൂറിലേറെ സഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്താണ് ഞായറാഴ്‌ച കോട്ടപ്പുഴയിൽ മലവെള്ളം കുത്തിയൊലിച്ചത്. വെള്ളം പെട്ടെന്ന് ഉയർന്നതോടെ ഭൂരിഭാഗംപേരും പുഴയുടെ താഴ്ഭാഗത്തെ പരുത്തിപ്പറ്റ കെട്ടുങ്ങലിനു സമീപത്തുനിന്ന് ഓടിക്കയറി.
മലവെള്ളത്തിൽ പെട്ടുപോയ ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ അഞ്ചുപേരും സഞ്ചാരികളായിരുന്നു.
വെള്ളത്തിന്റെ വരവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പലരും പുഴയിൽനിന്നു മാറിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കെട്ടിനുമുകളിലൂടെ വെള്ളം മറിയുന്നതുകണ്ടതോടെ പലരും പുഴയിൽനിന്ന് കയറി ഓടിരക്ഷപ്പെട്ടു. പുഴയിലിറങ്ങാതെ കരയിൽ കാത്തുനിന്നവരും അപകടസൂചന തിരിച്ചറിഞ്ഞ് മാറിയവരും രക്ഷപ്പെട്ടു. വെള്ളത്തിന്റെ ഒഴുക്കിലുണ്ടായ പെട്ടെന്നുള്ള മാറ്റം ശ്രദ്ധയിൽപ്പെട്ടതാണ് പലരുടെയും ജീവൻ രക്ഷപ്പെടാൻ കാരണമായത്.
പുഴയുടെ മുകൾഭാഗത്ത് ചോക്കാട് ഭാഗത്തുനിന്ന് ഇറങ്ങിയവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. കോട്ടപ്പുഴ ദുരന്തം മലയോരത്തുനിന്ന് ഉദ്ഭവിക്കുന്ന പുഴകളുടെ അപ്രതീക്ഷിത സ്വഭാവം വീണ്ടും വ്യക്തമാക്കുന്നു.
താഴ്ഭാഗത്ത് മഴയില്ലാത്തപ്പോഴും മുകൾഭാഗത്ത് പെയ്യുന്ന മഴവെള്ളം മലവെള്ളമായി തോഴോട്ട് പെട്ടെന്നാണ് കുത്തിയൊഴുകുക.
അതുകൊണ്ടുതന്നെ മലയോരത്തെ കാട്ടാറുകളിലും വെള്ളച്ചാട്ടങ്ങളിലും വിനോദത്തിനെത്തുന്നവർ ജാഗ്രതപാലിക്കണം. കോട്ടപ്പുഴയ്ക്കു പുറമെ അമരമ്പലം പഞ്ചായത്തിലെ പൂത്തോട്ടക്കടവ്, ചോക്കാട് ചിങ്കക്കല്ല് തുടങ്ങിയ കാട്ടുചോലകളിലും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലാണ് പ്രധാന ഭീഷണി.
നിലമ്പൂർ ആഢ്യൻപാറ, കരുവാരക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം, കരുളായിയിലെ നെടുങ്കയം എന്നിവയാണ് മേഖലയിലെ അംഗീകൃത വിനോദസഞ്ചാരകേന്ദ്രങ്ങൾ. ഈ കേന്ദ്രങ്ങളിൽ വിവിധ കാലഘട്ടങ്ങളിലുണ്ടായ അപകടങ്ങളിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും സഞ്ചാരികൾക്ക് സുരക്ഷിത പ്രവേശനം സാധ്യമല്ലാത്തതും അംഗീകാരമില്ലാത്തതുമായ പ്രദേശങ്ങളിലും ഇപ്പോഴും സഞ്ചാരികൾ നിർബാധം എത്തുന്നു.
കരുവാരക്കുണ്ടിലെ വട്ടമലയിലും പ്രഭാത, സായാഹ്ന കാഴ്‌ചകൾ കാണാൻ നിരവധിപേരെത്തുന്നു.
ഉയർന്നഭാഗത്തുനിന്ന് ചിത്രമെടുക്കുന്നതിനിടെ തലചുറ്റിയ വിദ്യാർഥി നൂറടിയിലേറെ താഴ്‌ചയിലേക്കുവീണ് പരിക്കേറ്റ സംഭവമുണ്ടായിട്ടുണ്ട്. ആനകൾ പതിവായി ഇറങ്ങുന്ന പ്രദേശംകൂടിയാണ് വട്ടമല. രക്ഷാപ്രവർത്തനംപോലും ദുഷ്‌കരമാകുന്നവയാണ് മലയോരത്തെ
പല സാഹസിക സഞ്ചാരകേന്ദ്രങ്ങളും. ഇങ്ങോട്ട് വഴികൾ പലതുമുള്ളതിനാൽ സന്ദർശകരെ നിയന്ത്രിക്കുക എളുപ്പമല്ല. സ്വയം നിയന്ത്രണമല്ലാതെ മാർഗമില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
Published: 24 Sept 2026, 03:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented