എടപ്പാൾ: വ്യക്തമായി സംസാരിക്കാനാവില്ല, കൈകാലുകൾക്ക് ജന്മനാ വൈകല്യമാണ്. ആത്മവിശ്വാസത്തിലും ഒട്ടേറെ പരിമിതികൾ.. എന്നാൽ ഇതൊന്നും ആരോമലിന്റെ ജീവിതവിജയത്തിലേക്കുള്ള കുതിപ്പിന് തടസമായില്ല. മ്യൂസിക് തെറാപ്പിയിലൂടെ വൈകല്യത്താൽ ചിറകറ്റ കുട്ടികളെ കഴിവുകളുടെ ആകാശത്തിലേക്ക് പറത്തിവിടാനായി പ്രവർത്തിക്കുന്ന എടപ്പാളിലെ ഹോപ്പ് നോട്‌സ് മ്യൂസിക് തെറാപ്പിയിലെ വിദ്യാർഥിയായ ആരോമൽ ദേശീയ തലത്തിൽ അംഗീകാരത്തിന്റെ ചിറകണിയുമ്പോൾ അതിന് നേതൃത്വം നൽകിയ നിർഷാദ് നിനിക്കും അഭിമാനത്തിന്റെ നിമിഷം. കാസർകോട് നെല്ലിക്കാട്ട് ആരാമത്തിൽ ശശികുമാറിന്റെ മകനായ ആരോമലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന നാഷണൽ അവാർഡ് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ്-2026,(ശ്രേഷ്ഠ ദിവ്യാംഗജൻ)-ൽ ഔട്ട്‌സ്റ്റാൻഡിങ് പേഴ്‌സൺ വിത്ത് ഡിസെബിലിറ്റി വിഭാഗം പുരസ്‌കാരം നേടി കേരളത്തിന് അഭിമാനമായത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലുമടങ്ങിയ പുരസ്‌കാരം ഡിസംബർ മൂന്നിന് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ആരോമലിന് സമ്മാനിക്കുക. വൈകല്യത്തിന് മുന്നിൽ പകച്ചു നിന്ന ആരോമൽ ഡോ. ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് യൂണിവേഴ്‌സിറ്റിയിൽനിന്ന് മ്യൂസിക് തെറാപ്പിയിൽ ഡിപ്ലോമ നേടിയാണ് സംഗീതയാത്രക്ക് തുടക്കമിട്ടത്. ശാരീരിക പരിമിതികളെ ചക്രക്കസേരയിൽ തളച്ചിട്ട് മനസിനെ കീ ബോർഡിന്റെയും മേലോഡിക്കയിലും താളാത്മകമായി ചലിപ്പിച്ച് ഈ മിടുക്കൻ പ്രൊഫഷണൽ രീതിയിൽ സംഗീതമവതരിപ്പിക്കാനും ലൈവ് പെർഫോമൻസുകൾ നടത്താനും പഠിച്ച് ആസ്വാദകരുടെ മനസിൽ കുടിയേറി. വിവിധ ഭാഷകളിലെ സിനിമാ ഗാനങ്ങളും ആരോമലിന്റെ ശബ്ദത്തിൽ പുറംലോകത്തെത്തി. ഇരു കൈകാലുകളും തളർന്ന് 86 ശതമാനം വൈകല്യമുള്ള ടെട്രാ പീജിയ എന്ന ഏറ്റവും ഗുരുതരമായ വിഭാഗത്തിലുൾപ്പെടുന്ന ആരോമൽ 19 വയസിനു ശേഷം നിർഷാദ് നിനിയിൽനിന്ന് ലഭിച്ച പരിശീലനത്തിലൂടെയാണ് ഇന്ത്യയുടെ പ്രഥമപൗരന് മുന്നിലേക്കെത്തിയതെന്നത് നിശ്ചയദാർഢ്യത്തിന് മുന്നിൽ പ്രായവും വൈകല്യവുമൊന്നും വിലങ്ങുതടിയല്ലെന്ന പ്രഖ്യാപനം കൂടിയാണ്. ഒരു പ്രായം കഴിഞ്ഞാൽ പഠനവും തലച്ചോറിന്റെ വളർച്ചയും അവസാനിക്കുന്നുവെന്ന ധാരണകളെ മാറ്റിയെഴുതി 86 ശതമാനം വൈകല്യങ്ങളെ മറികടന്നാണ് ദേശീയ പുരസ്‌കാരത്തിലേക്കെത്തിയത്. കേരളത്തിൽ രണ്ടു പേർക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ബി.എ. മലയാളം വിദ്യാർഥിയാണ് ആരോമൽ ഇപ്പോൾ. നിർഷാദ് നിനിയുടെ ഹോപ് നോട്‌സ് മ്യൂസിസ് തെറാപ്പി സെന്ററിന്റെ അസി. മ്യൂസിക് തെറാപ്പിസ്റ്റും ഇന്ന് ആരോമലാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈനിലൂടെ സംഗീത പരിശീലനവും മ്യൂസിക് തെറാപ്പിയും നൽകുന്ന ആരോമൽ ഇത്തരം പ്രശ്‌നങ്ങളഭിമുഖീരിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വഴികാട്ടിയാവുകയാണ്.

To advertise here,