കടയുടമയായ യുവതിയെ അവഹേളിച്ചതായി പരാതി

To advertise here,

എടപ്പാൾ : പട്ടാമ്പി റോഡിൽ വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിലെ ഓട്ടോറിക്ഷ പാർക്കിങ് സംബന്ധിച്ച തർക്കം വീണ്ടും രൂക്ഷമാകുന്നു. എടപ്പാൾ ടൗണിൽ ഓട്ടോസ്റ്റാൻഡ് ഇല്ലാത്തതിനാൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിലാണ് ഓട്ടോകൾ നിർത്തിയിടുന്നത്. ഇത് ഡ്രൈവർമാരും വ്യാപാരികളും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

കഴിഞ്ഞദിവസം കടയിലേക്ക് ഭക്ഷണവുമായെത്തിയ ഉടമയുടെ മകൾ ഓട്ടോ പാർക്കിങ്ങിനിടയിൽ സ്കൂട്ടർ വെച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർമാർ അവഹേളിച്ചെന്നാരോപിച്ചാണ് വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കമായത്.

എടപ്പാൾ ടൗൺ പെർമിറ്റിൽ ആയിരത്തോളം ഓട്ടോറിക്ഷകളാണുള്ളത്. ഓട്ടോ സ്റ്റാൻഡോ പാർക്കുചെയ്യാൻ പ്രത്യേക സംവിധാനങ്ങളോ ഇല്ലാത്തതിനാൽ നാലു റോഡുകളുടെയും അരുകുകളിലായാണ് ഇവ നിർത്തിയിടുന്നത്. ഇതിനാൽ കടകളിലേക്കെത്തുന്നവർക്ക് ഇരുചക്രവാഹനംപോലും നിർത്തിയിടാനാകില്ല. മാത്രമല്ല ചരക്കിറക്കാൻ വരുന്ന വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കിയിരുന്നു. നേരത്തേ ഇതുസംബന്ധിച്ച പ്രശ്നത്തിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷവുമുണ്ടായിരുന്നു.

തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ഇ.എസ്. സുകുമാരന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രധാന കടകൾക്ക് മുൻപിൽ ചെറിയ സ്ഥലങ്ങളൊഴിച്ചിട്ട് അവിടേക്ക് കടയിലേക്കു വരാനുള്ള വാഹനങ്ങൾക്ക് നിർത്തിയിടാനുള്ള സംവിധാനമൊരുക്കാൻ തീരുമാനിച്ചിരുന്നു.

ഇത് നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം പുതിയ സംഭവമുണ്ടായത്. ലക്ഷക്കണക്കിന് രൂപ അഡ്വാൻസും വാടകയും നൽകി കച്ചവടംചെയ്യുന്ന വ്യാപാരികൾക്ക് കടയിലേക്ക് സാധനം വാങ്ങാൻ ആളുകൾക്ക് വരാനും വാഹനം നിർത്താനും മറ്റു സംവിധാനങ്ങളില്ലാത്ത അവസ്ഥയാണെന്നാണ് വ്യാപാരികളുടെ സങ്കടം.

ടൗണിൽ കുറച്ച് ഓട്ടോറിക്ഷകൾ നിർത്തിയിടുകയും സ്ഥലം ഒഴിയുന്ന മുറയ്ക്കുമാത്രം മറ്റു വണ്ടികൾ വരുകയും ചെയ്യുകയെന്ന നയം നടപ്പിലാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നതാണ് ഇവരുടെ വാദം. ഉപജീവനത്തിനായി ഓട്ടോറിക്ഷയുമായി ഇറങ്ങുന്നവർക്ക് അത് സുരക്ഷിതമായി നിർത്തിയിട്ട് യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ സംവിധാനമൊരുക്കേണ്ടത് അധികാരികളാണ്. റോഡരികിൽ നിർത്തിയിടുന്നതല്ലാതെ തങ്ങളുടെ മുൻപിൽ മറ്റുവഴികളില്ലെന്ന് ഓട്ടോറിക്ഷക്കാരും പറയുന്നു.

വഴിതടഞ്ഞ് മോശമായി പെരുമാറിയതായി പരാതി

പിതാവിന്റെ കടയിലേക്കുവന്ന മകളെ ചില ഓട്ടോ ഡ്രൈവർമാർ തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി. പട്ടാമ്പി റോഡിലെ വ്യാപാരി അബ്ദുൾ ഖാദറിന്റെ മകൾ ടി.വി. ലെനയാണ് തന്നെ ഓട്ടോ ഡ്രൈവർമാർ അപമാനിച്ചതായി ചങ്ങരംകുളം പോലീസിൽ പരാതി നൽകിയത്. പിതാവിന്റെ സ്ഥാപനത്തിലുള്ള സഹോദരിക്ക് ഭക്ഷണം കൊടുക്കാനായി കടക്കു മുൻപിൽ സ്കൂട്ടർ വെച്ചതിൽ പ്രകോപിതരായാണ് തന്നെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് വിദ്യാർഥിനിയായ ഇവർ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.