ജനുവരിയിൽ പ്രവർത്തനസജ്ജമാകും
പെരുമ്പാവൂർ : പ്ലൈവുഡ് ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിലെ മുഴുവൻ പ്ലൈവുഡ് സ്ഥാപനങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ ക്രഷുകൾ (ശിശുപരിപാലന കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ തീരുമാനം. മനോജ് മൂത്തേടൻ എം.എൽ.എ.യുടെയും കളക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ പെരുമ്പാവൂർ താലൂക്ക് ഓഫീസിൽ ചേർന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും പ്ലൈവുഡ് കമ്പനി ഉടമകളുമായുള്ള യോഗത്തിലാണ് തീരുമാനം.
എല്ലാ പ്ലൈവുഡ് കമ്പനികളിലും ക്രഷുകൾ തുടങ്ങാനും തൊഴിലാളികളുടെ എണ്ണം കുറവുള്ള സ്ഥാപനങ്ങളിൽ സമീപത്തുള്ള മറ്റ് കമ്പനികളുമായി ചേർന്ന് ക്രഷുകൾ തുടങ്ങാനും കളക്ടറും എം.എൽ.എ.യും നിർദേശം നൽകി.
ക്രഷുകളുടെ ഘടന, പ്രവർത്തന സമയം, രീതികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ജനുവരി മാസത്തോടെ കുന്നത്തുനാട് താലൂക്കിലെ മുഴുവൻ പ്ലൈവുഡ് കമ്പനികളിലും ക്രഷുകൾ പ്രവർത്തനസജ്ജമാകണമെന്ന് എം.എൽ.എ. നിർദേശിച്ചു. നിയമവിധേയവും മാതൃകാപരവുമായ രീതിയിൽ ക്രഷുകൾ പ്രവർത്തിക്കുന്ന ഇടമായി കുന്നത്തുനാട് താലൂക്കിലെ മുഴുവൻ സ്ഥാപനങ്ങളും മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിഥിത്തൊഴിലാളികളുടെ ഉൾപ്പെടെയുള്ള കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി കർശനമായ തുടർനടപടികളും യോഗം ആവിഷ്കരിച്ചു. മാതാപിതാക്കളോടൊപ്പം കുട്ടികൾ ഫാക്ടറികളിലേക്ക് വരുന്നതും ജോലിസ്ഥലങ്ങളിൽ തങ്ങുന്നതും കർശനമായി തടയും. ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, പ്ലൈവുഡ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ കുട്ടികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ ശക്തിപ്പെടുത്താനും തീരുമാനമായി. കുട്ടികളുടെ സംരക്ഷണത്തിനായി തൊഴിൽ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശിശുക്ഷേമ സമിതി, ആരോഗ്യവകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
നഗരസഭാ ചെയർപേഴ്സൺ കെ.എൻ. സംഗീത, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷമിത ഷെരീഫ്, എൻ.എം. സലിം, ബിനോയ് അരീക്കൽ, ബിന്ദു ഗോപാലകൃഷ്ണൻ, ഷൈമി വർഗീസ്, റൂറൽ എസ്.പി. കെ.എസ്. സുദർശനൻ, എറണാകുളം ഡി.എൽ.എസ്.എ. സെക്രട്ടറി രജിത എന്നിവർ പങ്കെടുത്തു.
Published: 25 Nov 2026, 04:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented