മുഖ്യമന്ത്രിയുടെ നിർദേശത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി ചർച്ച
എരമംഗലം : ഗുരുവായൂർ-തിരുനാവായ റെയിൽ പ്പാത പദ്ധതിക്ക് പുതുജീവൻ പകരാൻ വീണ്ടും ശ്രമങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം കെ.പി. നൗഷാദ് അലി എം.എൽ.എ. ചൊവ്വാഴ്ച ചെന്നൈയിലെത്തി ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജർ യു. സുബ്ബറാവുമായി പദ്ധതി ചർച്ച നടത്തി.
മൂന്നുപതിറ്റാണ്ടായി ഫയലുകളിൽ കഴിഞ്ഞിരുന്ന ഈ പദ്ധതി മരവിപ്പിച്ച റെയിൽവേ ബോർഡിന്റെ തീരുമാനം ഔദ്യോഗികമായി പിൻവലിച്ചിരുന്നു. എങ്കിലും കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല.
നിലവിലെ അലൈൻമെന്റ് അനുസരിച്ച് രണ്ടാഴ്ചയ്ക്കകം സമഗ്രപദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നൽകുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പുനൽകിയതായി കെ.പി. നൗഷാദ് അലി എം.എൽ.എ. പറഞ്ഞു.
റിപ്പോർട്ട് സർക്കാരിനു ലഭിച്ചാലുടൻ പരിശോധനകൾക്കുശേഷം തൃശ്ശൂർ, മലപ്പുറം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്തു ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് നീങ്ങുമെന്നും എം.എൽ.എ. പറഞ്ഞു. അലൈൻമെന്റ് സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നുണ്ട്. ആദ്യം പൊന്നാനി കോൾ മേഖലയിലൂടെയായിരുന്നു അലൈൻമെന്റ് പോയിരുന്നത്.
ഇതിനെ ഒരുവിഭാഗം അട്ടിമറിച്ചുവെന്ന് അന്നുതന്നെ ആരോപണം ഉണ്ടായിരുന്നു. കോൾനിലങ്ങളിലൂടെ പാത പോകുമ്പോൾ കൂടുതൽ സങ്കീർണതയില്ലാതെ ഭൂമി ഏറ്റെടുക്കാനും കൂടുതൽ വീടും കെട്ടിടവും പോകില്ലെന്നതും കോൾ കർഷകർക്ക് ഉറപ്പുള്ള ബണ്ട് ലഭിക്കുമെന്നും ഒരുവിഭാഗം വാദിച്ചിരുന്നു.
1982-ലാണ് ഗുരുവായൂരിൽനിന്ന് കുറ്റിപ്പുറത്തേക്ക് റെയിൽവേപ്പാത എന്ന ആശയം ഉയരുന്നത്. 1995 ഡിസംബറിൽ കുറ്റിപ്പുറം-ഗുരുവായൂർ റെയിൽവേ പദ്ധതി എന്ന പേരിൽ അന്ന് കേന്ദ്ര വ്യവസായമന്ത്രിയായിരുന്ന കെ. കരുണാകരൻ ഉദ്ഘാടനവും നിർവഹിച്ചു.
തുടർന്ന് പലഘട്ടങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനായി സർവേ നടപടികൾ തുടങ്ങി.
രാഷ്ട്രീയ സമ്മർദങ്ങളും ഇടപെടലുകളും കാരണമായി പദ്ധതി നീണ്ടുപോയി. കുറ്റിപ്പുറം-ഗുരുവായൂർ പദ്ധതി പിന്നീട് ഗുരുവായൂർ-തിരുനാവായ പദ്ധതിയായി പ്രഖ്യാപിക്കുകയും കേന്ദ്ര ബജറ്റിൽ 45 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
പിന്നീട് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിലായതോടെ 2019-ൽ ഗുരുവായൂർ-തിരുനാവായ റെയിൽവേ പദ്ധതി റെയിൽവേ ബോർഡ് മരവിപ്പിച്ചിരുന്നു.
പിന്നീട് ഇരിങ്ങാലക്കുട-തിരൂർ റെയിൽപ്പാത കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രമഫലമായി റെയിൽവേ നടപ്പാക്കാൻ ആലോചിക്കുന്നതോടെയാണ് ഗുരുവായൂർ-തിരുന്നാവായ പദ്ധതി വീണ്ടും പാളംകയറ്റിയത്.
ഇരിങ്ങാലക്കുട-തിരൂർ റെയിൽപ്പാതയുടെ ഭാഗമായാണ് ഗുരുവായൂർ-തിരുനാവായ റെയിൽവേ പദ്ധതി റെയിൽവേ മരവിപ്പിച്ചത് റദ്ദാക്കിയത്.
Published: 25 Nov 2026, 03:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented