എടപ്പാൾ: വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ രാജനും ഭാര്യക്കും വീട്ടിലേക്കുള്ള വഴി തടയരുതെന്ന കോടതി വിധി വന്നിട്ടും വഴി തെളിയാതെ വയോധികരായ രാജനും ഭാര്യയും. ഫണ്ടനുവദിച്ചിട്ടും ചിലരുടെ എതിർപ്പുമൂലം സ്വന്തം വീട്ടിലെത്താൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന വയോധികർ കോടതി കയറിയിറങ്ങി നേടിയ വിധി അധികൃതർക്ക് സമർപ്പിച്ച് കാത്തിരിക്കുകയാണിപ്പോൾ. എടപ്പാളിലെ പ്രാദേശിക ചാനൽ പ്രവർത്തകനായിരുന്ന എം.വി. സിജീഷിന്റെ പിതാവ് അണ്ണക്കമ്പാട് മലയംപുറത്ത് രാജൻ(83) ഭാര്യ നിർമല(73)എന്നിവരാണ് പ്രദേശത്തെ ചില വ്യക്തികളുടെ നടപടികൾ മൂലം കാടുപിടിച്ച വഴിയിലൂടെ നടന്ന് പ്രയാസത്തിലായത്.

To advertise here,

വാടകവീട്ടിലായിരുന്ന ഈ കുടുംബത്തിന് സിജീഷിന്റെ മരണ ശേഷം മാതൃഭൂമിയിൽ നിരന്തരം വന്ന വാർത്തകൾക്ക് ശേഷമാണ് നാട്ടുകാരും മുസ്ലീം ലീഗ് നേതാക്കളുമിടപെട്ടാണ് സ്വന്തം സ്ഥലവും വീടുമായത്. കഷ്ടപ്പാടുകൾക്കിടയിലും ഏക മകന്റെ കണ്ണുകൾ ദാനം ചെയ്ത് മാതൃകയായ കുടുംബത്തിന് നാട് നൽകിയ പ്രത്യുപകാരമായിരുന്നു അത്. എന്നാൽ പഴയകാലത്ത് മാണൂർ കായൽ പാടത്തേക്ക് കന്നുകാലികളെ കൊണ്ടുപോകാനും കൃഷി ആവശ്യങ്ങൾക്കുമുപയോഗിച്ചിരുന്ന ചെറിയ വഴിയായിരുന്നു കുടുംബത്തിന് ലഭിച്ച വീട്ടിലെത്താനുള്ള ഏക ആശ്രയം.

വശങ്ങളിടിഞ്ഞും കാടു കെട്ടിയും കല്ലും മുള്ളും നിറഞ്ഞ ഈ വഴിയിലൂടെയാണ് വയോധികരായ രാജനും കുടുംബവും പുറം ലോകത്തെത്തുന്നത്. നിരന്തരം അസുഖങ്ങൾ വരാറുള്ള ഇവരെ ഓട്ടോറിക്ഷയിലേക്കും മറ്റും എടുത്തു കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച് മാതൃഭൂമിയിൽ വന്ന വാർത്തകണ്ട് കാടുകെട്ടി തോടു പോലെ കിടന്ന വഴി കോൺക്രീറ്റ് ചെയ്യാനായി കെ.ടി. ജലീൽ എം.എൽ.എ. രണ്ടര ലക്ഷം രൂപയും അനുവദിച്ചു.

പണിയാരംഭിക്കാനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കരാർ കൊടുക്കുകയും റോഡ് നിർമിക്കാനുള്ള സാധനങ്ങൾ വഴിയോരത്ത് ഇറക്കുകയും ചെയ്തു. ഇതോടെ പ്രദേശത്തെ ചിലർ ഇതിനെതിരെ രംഗത്തു വന്നു. ഇവിടെ വഴിയില്ലെന്നും തങ്ങളുടെ സ്ഥലം വഴിയിലേക്കിറങ്ങിയിട്ടുണ്ടെന്നുമെല്ലാം പറഞ്ഞ് പലർക്കും പരാതി അയച്ചു. അതോടെ പണി നിലച്ചു. കോടതിയിൽ കേസ് നൽകിയതോടെ നടപടികൾ നീണ്ടു. ഇതോടെ റോഡ് നിർമാണത്തിനനുവദിച്ച ഫണ്ട് പാഴായി.

ഇതിനിടെ അസുഖബാധിതനായി രാജൻ ആശുപത്രിയിലായതോടെ കോടതിയിലെത്താനായില്ല. കേസിൽ എതിർകക്ഷികൾക്കനുകൂലമായി വിധി വന്നു. പിന്നീട് രോഗം മാറിയ ശേഷം രാജൻ വീണ്ടും കോടതിയെ സമീപിച്ചാണ് ഇപ്പോൾ അനുകൂല വിധി നേടിയത്. 104 മീറ്റർ നീളവും 1.7 മീറ്റർ വീതിയുമുള്ള വഴി തടസപ്പെടുത്തി ഇവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നാണ് പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. കോടതി വിധിയനുസരിച്ച് റോഡ് നന്നാക്കാൻ വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ് രാജനിപ്പോൾ.

കോടതി വിധി പരിശോധിച്ച് നടപടിയെടുക്കും. ഇവർക്കനുകൂലമായ വിധി വന്നിട്ടുണ്ട്. ഇതനുസരിച്ച് ഭരണ സമിതി ഫണ്ട് വകയിരുത്തിയാൽ റോഡ് പണിയാൻ നടപടിയുണ്ടാകും. അതേ സമയം കോടതി വിധിക്കെതിരെ എതിർകക്ഷി അപ്പീൽ പോകുമെന്ന് പറഞ്ഞതിന്റെ നടപടിക്കനുസരിച്ച് മാത്രമേ തുടർനടപടിയുണ്ടാകു.

പി. ബെൻസി, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, കാലടി.