മലപ്പുറം : ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റിന് ജില്ലാ ആസ്ഥാനത്ത് ഇനി പുതിയ ആസ്ഥാനം. മൂന്നു കോടി 20 ലക്ഷം രൂപ ചെലവിൽ 9140 ചതുരശ്ര അടിയിലാണ് രണ്ടുനിലക്കെട്ടിടം മലപ്പുറം പൊലീസ്‌സ്റ്റേഷന് സമീപം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്നത്. അന്വേഷണമുറി, എസ്.പി. റൂം, ഡിവൈ.എസ്.പി. റൂമുകൾ, കോൺഫറൻസ് ഹാൾ, സി.ഐ. റൂമുകൾ, അഡ്മിനിസ്ട്രേഷൻ ഓഫീസ്, എം.ടി.വി. റൂം എന്നിവ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.

To advertise here,

‘മൈ പോലീസ്‌സ്റ്റേഷൻ’ പദ്ധതിയിലൂടെ സംസ്ഥാനത്തെ 90 ശതമാനം പോലീസ്സ്റ്റേഷനുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറുകയും ഒരേനിറത്തിലും രൂപത്തിലും നവീകരിക്കുകയും ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം പോലീസ്‌സ്റ്റേഷന് മുൻപിൽ കൂട്ടിയിട്ട വാഹനങ്ങൾ നീക്കംചെയ്ത് നഗരസഭയ്ക്ക് സൗന്ദര്യവത്കരണത്തിനായി വിട്ടുനൽകുമെന്നും മന്ത്രി വേദിയിൽ പ്രഖ്യാപിച്ചു.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ലഹരിക്കെതിരേ സംസ്ഥാനത്ത് നടക്കുന്നത് വലിയൊരു സാമൂഹികമാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയായി. മഞ്ഞളാംകുഴി അലി എം.എൽ.എ., സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ്, ക്രൈം ബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി എസ്. അജിത ബേഗം, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ, മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജെ. തോമസ് എന്നിവർ സംബന്ധിച്ചു.

അഞ്ച് സ്റ്റേഷനുകൾക്ക് സ്വന്തം കെട്ടിടം

പുതിയ ക്രൈംബ്രാഞ്ച് ഓഫീസ് സജ്ജീകരിക്കുന്നതിന് നേതൃത്വം നൽകിയ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രനെ ചടങ്ങിൽ ആഭ്യന്തരമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഈ മാസം 30-ന് വിരമിക്കുന്ന അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്റെ പേരിൽ യാത്രാമംഗളങ്ങളും നേർന്നു.

ജില്ലയിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കരിപ്പൂർ, എടവണ്ണ, എടക്കര, പോത്തുകല്ല്, മങ്കട തുടങ്ങിയ പോലീസ്സ്റ്റേഷനുകൾക്ക് സ്വന്തമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.