വേങ്ങര പഞ്ചായത്ത് ഭരണസമിതി സ്ഥലം സന്ദർശിച്ചു

To advertise here,

വേങ്ങര : മണ്ഡലത്തിലെ ഊരകം, പറപ്പൂർ, വേങ്ങര എന്നീ ഗ്രാമപ്പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയ്ക്ക് കുറുകേ വേങ്ങര ബാക്കിക്കയത്ത് സ്ഥാപിച്ച ഷട്ടർ താഴ്ത്തി ജലം സംരക്ഷിക്കണമെന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ വരുംദിവസങ്ങളിൽ കടുത്തവരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി ആവശ്യമുന്നയിച്ചത്. ഇതിനായി ഷട്ടർ ഉടൻ താഴ്ത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ഭരണസമിതി ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർക്ക് നിർദേശവും നൽകി.

നിലവിൽ കടലുണ്ടിപ്പുഴയുടെ പല ഭാഗങ്ങളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞ് പുഴയുടെ അടിത്തട്ടിലെ പാറകളും മണൽത്തിട്ടകളും തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന കടുത്തവരൾച്ചയുടെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

വേങ്ങര മാത്രമല്ല പുഴയ്ക്കക്കരെയുള്ള ഒതുക്കുങ്ങൽ, പറപ്പൂർ, എടരിക്കോട്, തെന്നല തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കടലുണ്ടിപ്പുഴയിലെ ഈ ഭാഗത്തെയാണ്. അതിനാൽ പഞ്ചായത്തിലെ കുടിവെള്ളലഭ്യതയും ജലസംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി ഷട്ടർ താഴ്ത്തി വെള്ളം സംഭരിക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്.

ഇതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, എ.കെ. സബ്‌ന ഇബ്രാഹീം, സക്കീന തൂമ്പിൽ, കെ.കെ. ഹനീഫ, കെ. ഉമ്മർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.